ഇരിങ്ങാലക്കുട : കാട്ടൂര്‍ പൊട്ടക്കടവ് പാലത്തിന് സമീപമുള്ള സ്ലൂയിസ് തകരാറിലായതിനെ തുടര്‍ന്ന് കനോലി കനാലില്‍ നിന്ന് ഓരുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി.
കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്.
ഒരു വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച സ്ലൂയിസാണ് കഴിഞ്ഞ ദിവസം തകരാറിലായത്.
വേലിയേറ്റ സമയമായതു കൊണ്ട് വലിയ തോതിലുള്ള ഉപ്പുവെള്ളമാണ് കനാലില്‍ നിന്ന് ചെമ്പന്‍ചാല്‍, താണിച്ചിറ തുടങ്ങിയ കാര്‍ഷിക മേഖലയിലേക്ക് കയറുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഈ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസുകളിലും ഉപ്പുവെള്ളമെത്താന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്ലൂയിസ് അറ്റകുറ്റപ്പണികള്‍ നടത്തി തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കര്‍ഷകസംഘം പ്രസിഡന്‍റ് ഇ സി ജോണ്‍സന്‍, സെക്രട്ടറി ഇ വി അരവിന്ദാക്ഷന്‍, ഭാനുമതി ബാലന്‍, ഒ കെ ഭാസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധത്തിനു പിന്നാലെ സ്ലൂയിസിന്റെ തകരാര്‍ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
അറ്റകുറ്റപ്പണികള്‍ വിലയിരുത്താന്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി വി ലത, ബ്ലോക്ക് അംഗം വി എ ബഷീര്‍, പഞ്ചായത്തംഗം രമാഭായ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
തകരാര്‍ സംഭവിച്ച സ്ലൂയിസ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
സ്ലൂയിസ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി സ്ലൂയിസിലെ കേടുപാടുകള്‍ പരിഹരിക്കണമെന്നും കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും മണ്ഡലം പ്രസിഡന്‍റ് എ പി വില്‍സണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് രഞ്ചില്‍ തേക്കാനത്ത്, പഞ്ചായത്തംഗം അംബുജം രാജന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Leave a Reply