ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ 18, 19 ദിവസങ്ങളിലായി നടക്കുന്ന “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായി മാറുമ്പോഴാണ് കല എന്ന നിലയ്ക്കുള്ള ദൗത്യം സിനിമ പൂർത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റ് ജോസഫ്സ് കോളെജിന്റെ പ്രിൻസിപ്പലും ഫിലിം ഫെസ്റ്റിന്റെ ചെയർമാനുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു.
തൃശൂർ ചലച്ചിത്ര കേന്ദ്ര ചെയർമാൻ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ, ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഋതു കോർ കമ്മിറ്റി മെമ്പർ എം.എം. നയ്ന, വിദ്യാർഥി പ്രതിനിധി ഗൗരി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ചെന്നൈ സ്വദേശിയായ അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാടും അതിരപ്പിള്ളിയിലെ കാടർ വിഭാഗവും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന “കാട്, കാടർ, ഒങ്കൽ” എന്ന ചിത്രം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Leave a Reply