ഇഴജന്തുക്കളുടെ വിഹാരരംഗമായി കല്ലേറ്റുംകരയിലെ കെ എസ് ഇ ബി കെട്ടിടം

ഇരിങ്ങാലക്കുട : പ്രവര്‍ത്തന രഹിതമായ കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ ഓഫീസ് കെട്ടിടം പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുന്നതായി പരാതി.

കെ കരുണാകരന്‍ മെമ്മോറിയല്‍ പോളി ടെക്‌നിക്, ആളൂര്‍ പൊലീസ് സ്റ്റേഷൻ, ബാങ്ക് ഓഫീസ്, വളം ഡിപ്പോ എന്നിവ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് കെ എസ് ഇ ബി കോമ്പൗണ്ടില്‍ നിന്ന് ഇഴജന്തുക്കള്‍ കയറുന്നത് പതിവായതോടെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്റ്റര്‍, പഞ്ചായത്ത്, പൊലീസ് എന്നിവര്‍ക്ക് ബാങ്ക് അധികൃതര്‍ പരാതി നല്‍കി.

ഭാഗികമായി കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കിന്റെ കൂടി ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 30 വര്‍ഷം മുമ്പാണ് കെ എസ് ഇ ബി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് 2002ല്‍ സെക്ഷന്‍ ഓഫീസായി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പടെയുള്ള ഭാഗം പുല്ല് വളര്‍ന്നു നില്‍ക്കുകയാണ്. സാധന സാമഗ്രികള്‍ കെട്ടിടത്തിന് പുറത്ത് തുരുമ്പെടുത്ത് നശിച്ചു തുടങ്ങി.

പരിസരം കാടുകയറിയതോടെ പറമ്പിലെ വലിയ മരങ്ങളുടെ ശാഖകളിലൂടെ പൊലീസ് സ്റ്റേഷന്‍, ബാങ്ക് കെട്ടിടം എന്നിവയിലേക്ക് പാമ്പുകള്‍ കയറുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

ശോചനീയമായ കെട്ടിടവും കാടുകയറിയ പറമ്പും ശുചീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമീപ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *