അശാസ്ത്രീയമായ താൽക്കാലിക ബണ്ട് നിര്‍മ്മാണം : ഓലപ്പാടം റോഡിൽ ഉപ്പുവെള്ളം കയറുന്നു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 16-ാം വാർഡിൽ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്.

കോഴിക്കാട് പ്രദേശത്തെ 300ലധികം വരുന്ന കുടുംബങ്ങളെ തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്.

പാടത്തിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് റോഡ് ഉയര്‍ത്തി കള്‍വര്‍ട്ട് സ്ഥാപിച്ച് നവീകരിക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

പാടത്തെ വെള്ളം പൂര്‍ണ്ണമായി വറ്റാതെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയില്ല എന്നാണ് കരാറുകാരൻ പറയുന്നത്.

ഇത്തരത്തില്‍ വെള്ളം കയറിയാല്‍ സ്വാഭാവിക രീതിയില്‍ വെള്ളം പൂര്‍ണ്ണമായി വറ്റില്ലെന്നും ഈ റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങളില്‍ ഉപ്പുവെള്ളം കയറി തുരുമ്പ് എടുക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും നാട്ടുകാർ പറയുന്നു.

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ അനിശ്ചിതാവസ്ഥയ്ക്കെതിരെ അധികൃതര്‍ ഉടൻ നടപടി സ്വീകരിക്കണമെന്നും, അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് വരുമെന്നും കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശോഭ് അശോകന്‍, യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *