അരിമ്പൂർ : വാരിയം കോൾപ്പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന വിളവെടുപ്പ് കാരുണ്യത്തിന്റെ മധുരമുള്ള വിളവെടുപ്പായി മാറി.
കോൾപ്പടവിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകൻ കൂടിയായ സി.പി. സാലിഹിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം കോൾപ്പാടശേഖരത്തിലെ വിളവെടുത്ത നെല്ല് അരിയാക്കി തൃശ്ശൂർ മെഡിക്കൽ കോളെജിലുൾപ്പടെ വിവിധ ആശുപത്രികളിലെ കാൻസർ,
ടി.ബി. വാർഡുകളിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണമാക്കി നൽകാനുള്ള തീരുമാനമാണ് ഈ വിളവെടുപ്പിനെ വേറിട്ടതാക്കിയത്.
ഞായറാഴ്ച രാവിലെ മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്ര പരിസരത്ത് നടന്ന കൊയ്ത്തുത്സവം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉയർന്ന മാതൃക കാട്ടിയ പടവിലെ കർഷകനും സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹിനെ മന്ത്രി മാനവസേവാ പുരസ്കാരം നൽകി ആദരിച്ചു.
അഡ്വ. വി.എസ്. സുനിൽകുമാർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സജീഷ്, വാർഡ് അംഗം കെ. രാഗേഷ്, അരിമ്പൂർ കൃഷി ഓഫീസർ സ്വാതി ബാബു, അരിമ്പൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് കെ. കെ. മുകുന്ദൻ, വാരിയം കോൾപ്പാടശേഖര സമിതി പ്രസിഡൻ്റ് കെ.സി. പുഷ്ക്കരൻ, സെക്രട്ടറി കെ. കെ. അശോകൻ, തങ്ക പ്രഭാകരൻ, സി. എ. വർഗീസ്, എം. എം. അനീഷ്, പി. കെ. കേരള കുമാരൻ, പി. കെ. സിജി, ശ്രീരഞ്ജിനി, ജയശ്രീ കോക്കന്ത്ര എന്നിവർ പ്രസംഗിച്ചു.
പുറംചാലിൽ നിന്നും വെള്ളം കവിഞ്ഞ് ഒഴുകി 10 ദിവസത്തോളം കൃഷിഭൂമി 3 തവണ വെള്ളത്തിനടിയിലായി ഏകദേശം 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു. ഇക്കുറി മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്.
പുറംചാൽ കവിഞ്ഞ് വെള്ളമൊഴുകുന്നത് ഒഴിവാക്കാൻ ഇറിഗേഷനും പി.ഡബ്ല്യു.ഡി.യും കെ.എൽ.ഡി.സി.യും കൂടി ആലോചിച്ച് ഒരു രൂപരേഖ തയ്യാറാക്കി തന്നാൽ വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി കെ. രാജൻ ഉറപ്പു നൽകി.
Leave a Reply