ഇരിങ്ങാലക്കുട : വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്നും, സാധാരണക്കാരെ മുഴുവൻ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമാണ് സിനിമയെന്നും തൃശൂർ ജില്ലാ സബ് കളക്ടർ അഖിൽ വി. മേനോൻ, ഐ.എ.എസ്. പ്രസ്താവിച്ചു.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായന പോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസ്സിക്കുകൾ കാണാനും ആസ്വാദന മൂല്യത്തെ ഉയർത്തുന്ന സിനിമകൾ കാണാനുമുള്ള അവസരങ്ങളാണ് ചലച്ചിത്രമേളകൾ വഴി സൃഷ്ടിക്കപ്പെടുന്നതെന്നും അഖിൽ. വി. മേനോൻ ചൂണ്ടിക്കാട്ടി.
റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്ത് ആദ്യ പാസ്സ് ഏറ്റു വാങ്ങി.
ഡെലിഗേറ്റ് ബാഗിൻ്റെ വിതരണോദ്ഘാടനം ഐ.ടി. വിദഗ്ധൻ ജീസ് ലാസർ സെൻ്റ് ജോസഫ്സ് കോളെജ് യൂണിയൻ പ്രതിനിധി ആഞ്ജലീന് നൽകി നിർവ്വഹിച്ചു.
സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ സ്വാഗതവും, സെക്രട്ടറി നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.
Leave a Reply