ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എം.ടി.യു.) ആരംഭിച്ചു.
വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ തോടുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലുമെല്ലാം തള്ളുന്നത് ഒഴിവാക്കുക എന്നതാണ് 50 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച ഈ മൊബൈൽ യൂണിറ്റുകളുടെ ലക്ഷ്യം.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 5 പഞ്ചായത്തുകളെ ചേർത്ത് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഇതിനായി ഒരു ഡ്രൈവറെയും ഓപ്പറേറ്ററെയും നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഭൗമ എൻവിരോ ടെക് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് മാസത്തിൽ 1.77 ലക്ഷം രൂപ കമ്പനിക്ക് നൽകണം.
പഞ്ചായത്തുകളിലെ സങ്കേതങ്ങളിൽ സൗജന്യമായി ടാങ്കുകൾ വൃത്തിയാക്കി നൽകണമെന്ന ആവശ്യപ്രകാരം അർഹരായ ആളുകൾക്ക് സൗജന്യ സേവനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ടാങ്ക് തുറന്ന് യന്ത്രമിറക്കി ആറു തവണയായി നാലു തരത്തിൽ വെള്ളം ശുദ്ധീകരിച്ച് ക്ലോറിനറ്റ് ചെയ്താണ് മാലിന്യം നീക്കം ചെയ്യുന്നത്. ശാസ്ത്രീയമായി ചെയ്യുന്നതിനാൽ ടാങ്ക് വൃത്തിയാക്കുമ്പോൾ യാതൊരുതരത്തിലുള്ള ദുർഗന്ധമോ രോഗകാരികളായ അണുക്കളുടെ വ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6000 ലിറ്റർ വരെയുള്ള ടാങ്കുകൾ 4000 രൂപയ്ക്കാണ് വൃത്തിയാക്കി നൽകുന്നത്. അതിനു മുകളിൽ ഉള്ള ടാങ്കുകൾക്ക് തുകയിൽ വ്യത്യാസമുണ്ടാകും. സേവനം ലഭ്യമാകുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ പണമടച്ച് ബുക്ക് ചെയ്താൽ മതിയാകുമെന്ന് അധികൃതർ അറിയിച്ചു.
Leave a Reply