ഇരിങ്ങാലക്കുട : മലയാളികൾ ഭാഷാഭിമാനമില്ലാത്തവരായി മാറിയിരിക്കുന്നു എന്നും മാതൃഭാഷയുടെ കാര്യത്തിൽ പ്രകടമാകുന്ന അലംഭാവം അത്യന്തം ലജ്ജാകരമാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ എം. പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മലയാളം ബി. എ. പഠനത്തിൻ്റെ ഭാഗമായുള്ള പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി അവാർഡ് കുറവിലങ്ങാട് ദേവമാത കോളെജ് വിദ്യാർഥിനി റോസ്മെറിൻ ജോജോയ്ക്കും കോളെജ് തലത്തിലുള്ള പുരസ്കാരം സെലിൻ റോസ് ബെന്നിക്കും സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ ഭാഷാവബോധത്തെ പുഷ്ടിപ്പെടുത്തുന്നതിൽ മലയാളത്തിലെ പത്രമാസികകൾ വലിയ പങ്ക് വഹിച്ചിരുന്നു. ഇക്കാലത്ത് പത്രമാധ്യമങ്ങളിലെ ഭാഷയും ഒട്ടും നിലവാരം പുലർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
ഡോ. സി.വി. സുധീർ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. മിനി സെബാസ്റ്റ്യൻ , പ്രൊഫ. സിൻ്റോ കോങ്കോത്ത്, റോസ്മെറിൻ ജോജോ, സെലിൻ റോസ് ബെന്നി എന്നിവർ പ്രസംഗിച്ചു.
Leave a Reply