മന്ദാരം കടവ് ശിവരാത്രി പുരസ്കാരം മാങ്ങാറി ശിവദാസന്

ഇരിങ്ങാലക്കുട : ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി പുരസ്കാരം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ച മാങ്ങാറി ശിവദാസന് സമർപ്പിക്കും.

ക്യാഷ് അവാർഡും കീർത്തിമുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ഫെബ്രുവരി 26ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ മന്ദാര കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി 2023ൽ ശ്രീശാസ്താ പുരസ്കാരം നൽകി ശിവദാസനെ ആദരിച്ചിട്ടുണ്ട്.

1994ൽ സമിതിയുടെ ജോയിന്റ് സെക്രട്ടറിയായാണ് ശിവദാസൻ ക്ഷേത്ര പ്രവർത്തനങ്ങളിലേക്കെത്തുന്നത്. തുടർന്ന് 1995 മുതൽ 2016 വരെ 22 വർഷം ക്ഷേത്ര ഉപദേശക സമിതിയുടെ സെക്രട്ടറിയായിരുന്നു.

2017 – 2019 വരെ പ്രസിഡന്റായും, 2020 – 22 വരെ ട്രഷററായും പ്രവർത്തിച്ചു. 1995 മുതൽ 2022 വരെ പല ഘട്ടങ്ങളിലായി സമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച ഏക വ്യക്തിയും ശിവദാസനാണ്.

ആറാട്ടുപുഴ മുല്ലപ്പിള്ളി രാമൻ നായരുടേയും മാങ്ങാറി ഭാർഗ്ഗവി അമ്മയുടേയും മകനായി ജനനം. പഠനത്തിനു ശേഷം ജോലി തേടി കേരളത്തിന് പുറത്തേക്ക് പോയ ശിവദാസൻ താൽക്കാലിക ജോലികൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ എക്‌സൈസ് & കസ്റ്റംസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ച ശിവദാസൻ 1993ൽ കേരളത്തിലെത്തി. കൊച്ചി, തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

2014ൽ കസ്റ്റംസ് & എക്സൈസ് ഓഫീസിന്റെ തൃശ്ശൂർ ഓഫീസിൽ നിന്നും ഇൻസ്പെക്ടർ ആയി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. അതിനു ശേഷം ആറാട്ടുപുഴ ക്ഷേത്രത്തിൽ തന്നെയായിരുന്നു മുഴുനീള സേവനം.

പൂരക്കാലത്തും മറ്റു വിശേഷ അവസരങ്ങളിലും മാസങ്ങളോളം ലീവെടുത്താണ് അദ്ദേഹം ക്ഷേത്രത്തിൽ സേവനം നടത്തിയിരുന്നത്.

കരുവന്നൂർ കുണ്ടൂർ വീട്ടിൽ സീതയാണ് ഭാര്യ.

മക്കൾ : സുഹാസ്, സുജിത്ത്

Leave a Reply

Your email address will not be published. Required fields are marked *