പൊന്തക്കാടിനുള്ളിലെ മാലിന്യ കൂമ്പാരമായി നഗരങ്ങളിലെ കാനകൾ

ഇരിങ്ങാലക്കുട : നഗരത്തിലെ പല തോടുകളും പൊന്തക്കാടുകളും മാലിന്യ കൂമ്പാരങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

വെള്ളം ഒഴുകി പോകേണ്ട തോടുകളില്‍ പലതും കാടുകയറി കിടക്കുന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ തോടിനു പരിസരത്തെ കിണറുകളിലെ വെള്ളവും മലിനമാകാൻ തുടങ്ങി.

രാമന്‍ചിറ തോട്ടില്‍ മാലിന്യത്തിനു പുറമേ കാടും പടലും വളർന്ന് നീരൊഴുക്ക് പാടെ നിലച്ച നിലയിലാണ്.

എലികളുടെയും ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രമാണ് നഗരത്തിലെ പല തോടുകളും. ചെറിയ തോതില്‍ മലിനജലം കെട്ടിനില്‍ക്കുന്ന തോടുകൾ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായും മാറിക്കഴിഞ്ഞു.

ആദ്യകാലങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളാണ് തോടുകള്‍ വൃത്തിയാക്കിയിരുന്നത്. എന്നാൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതിനാലും കുപ്പിച്ചില്ല് പോലുള്ള വസ്തുക്കള്‍ തോട്ടില്‍ ഉണ്ടാകാറുള്ളതിനാലും തോട് വൃത്തിയാക്കുവാന്‍ ഇപ്പോൾ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കാറില്ല.

ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടെങ്കിലും കാനകള്‍ക്കിരുവശവും വലിയ ഉയരത്തില്‍ മതിലുകള്‍ ഉയർന്നതോടെ ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഇറക്കിയുള്ള വൃത്തിയാക്കലും നിലച്ചു.

കാനകളിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയിലെ ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. പൊറത്തൂച്ചിറ മലിനമായതോടെയായിരുന്നു ഈ നടപടി. എന്നാല്‍ മറ്റു പല തോടുകളിലും തൽസ്ഥിതി തുടരുകയാണ്.

ആരോഗ്യവിഭാഗം ഇതിനെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *