ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന ഹൈവേയിൽ കേരള ട്രാൻസ്പോർട്ട് പ്രൊജക്റ്റ് നടത്തുന്ന വർക്ക് പൂർത്തിയാകാത്തതിനാൽ നിയമ നടപടികൾക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം.
2024 ഫെബ്രുവരിയിൽ കോൺക്രീറ്റ് പണി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന ഹൈവേയിൽ 6 കിലോമീറ്റർ മാത്രമാണ് ഡിപിആർ-ൽ പറഞ്ഞതുപോലെ ഇരുവശവും നടപ്പാത പണിത് ടൈൽസ് വിരിച്ച് പണി പൂർത്തിയാക്കിയത്.
ഇതു സംബന്ധിച്ച് രണ്ടു പൊതുപ്രവർത്തകർ നൽകിയ ഹർജിയിൽ കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ഒരു കമ്മീഷനെ വെച്ചിരുന്നു. ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലും ഇതു തന്നെയാണ് പറയുന്നത്. എന്നാൽ റോഡിന്റെ ഇരുവശവും കൃത്യമായി കാനകൾ നിർമ്മിച്ചിട്ടുമില്ല.
മൊത്തം 35 കിലോമീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടി കാനയും നടപ്പാതയും നിർമ്മിക്കണമെന്നാണ് കരാർ.
റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാത്ത കാരണം ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
റോഡിൽ നിന്ന് ഇലക്ട്രിക്ക് പോസ്റ്റുകളും വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റി റോഡ് വീതി കൂട്ടുന്ന പ്രവർത്തികളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പാസഞ്ചേഴ്സ് ഫോറം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. ജസീൽ, പ്രൊഫ. കെ. അജിത, കുഞ്ഞുമുഹമ്മദ് കണ്ണാകുളം, കെ.ടി. സുബ്രഹ്മണ്യൻ, എം.കെ. അഹമ്മദ് ഫസലുളള എന്നിവർ പ്രസംഗിച്ചു.
ഹൈക്കോടതിയിൽ നിയമ നടപടി സ്വീകരിക്കാൻ അഭിഭാഷകരായ ഷിജീഷ് ഇബ്രാഹിം, ഷാനവാസ് കാട്ടകത്ത് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
Leave a Reply