ഇരിങ്ങാലക്കുട : തീരദേശത്ത് മാരക സിന്തറ്റിക് ലഹരിയുമായി എത്തിയ യുവാക്കൾ പൊലീസ് പിടിയിൽ.
കയ്പമംഗലം ചളിങ്ങാട് മതിലകത്ത് വീട്ടിൽ ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരൻ വീട്ടിൽ സാബിത്ത് (21) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന വാഹനം സഹിതം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്നും 13 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വാഹനം കണ്ട് തിരിച്ചറിഞ്ഞ് പരിശോധിച്ചതിൽ വാഹനത്തിൻ്റെ റിയർ വ്യൂ മിററിൻ്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു സീപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
പ്രതികളിൽ ഒരാളായ സാബിത്തിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
ബാംഗളൂർ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിൻ്റെ മറവിൽ വാങ്ങിക്കുവാൻ എന്ന വ്യാജേനയാണ് ഇവർ എം ഡി എം എ വാങ്ങിക്കുന്നതെന്നും അറിവായിട്ടുണ്ട്.
ഇവർ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികൾക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Leave a Reply