ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം ദേവമാതാ കോളെജിലെ റോസ്മെറിൻ ജോജോയ്ക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പേരിൽ ഏര്‍പ്പെടുത്തിയ സംസ്ഥാനതല ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിൻ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ മലയാളം ബി. എ. പഠനത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ഡോ. മിനി സെബാസ്റ്റ്യൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മെറിൻ ജോജോ തയ്യാറാക്കിയ ”അടിയാള പ്രേതം : മിത്ത്, ചരിത്രം, ആഖ്യാനം” എന്ന പ്രബന്ധത്തിനാണ് ലഭിച്ചത്.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 20ന് ഉച്ചക്ക് 1 മണിക്ക് ക്രൈസ്റ്റ് കോളെജ് സെൻ്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ സമ്മാനിക്കും.

ഡോ. അജു കെ. നാരായണന്‍ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ. കെ. വി. ശശി (മലയാളം സര്‍വ്വകലാശാല), ഡോ. അനു പാപ്പച്ചന്‍ (വിമല കോളെജ്), ഡോ. സി .വി. സുധീർ (ക്രൈസ്റ്റ് കോളെജ്) എന്നിവര്‍ ഉൾപ്പെട്ട പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *