ക്രൈസ്റ്റ് കോളെജിലെ കാര്‍ഷിക ഉദ്യാനത്തിന് അക്ഷയശ്രീ പുരസ്‌കാരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നൂതന സാങ്കേതിക കാര്‍ഷിക ഉദ്യാനത്തിന് (ക്രൈസ്റ്റ് അഗ്രോ ഇന്നോവേഷന്‍ പാര്‍ക്ക്) അക്ഷയശ്രീ പുരസ്‌കാരം.

ഇന്‍ഫോസിസ് കമ്പനിയുടെ സഹസ്ഥപാകനായ എസ്.ഡി. ഷിബുലാല്‍ മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സ്ഥാപനമാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും വേണ്ടിയാണ് അക്ഷയശ്രീ അവാര്‍ഡ് നൽകുന്നത്.

ക്രൈസ്റ്റ് ക്യാമ്പസിനോട് ചേര്‍ന്ന് 6 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന ഹരിതാഭമായ പാര്‍ക്കില്‍ ആധുനികതയും പഴമയും ഇഴചേര്‍ന്നു കിടക്കുന്നതാണ് ഈ ഉദ്യാനം.

ഏഴ് ഇനം നാടന്‍ പശുക്കള്‍, ഏഴ് ഇനം നാടന്‍ ആടുകള്‍, ആറിനം നാടന്‍ കോഴികള്‍, നാടന്‍ മുയല്‍, കഴുതകൾ, കുതിരകൾ, അഞ്ച് ഇനം ഗിനി കോഴികൾ തുടങ്ങി നിരവധി ജീവിവൈവിധ്യങ്ങളാൽ സമ്പന്നമാണിവിടം.

ഇവയെ കൂടാതെ നാടന്‍ മീനുകൾ, അലങ്കാര മത്സ്യങ്ങള്‍, അലങ്കാര പക്ഷികള്‍ എന്നിവയും പാര്‍ക്കിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കൂണ്‍, പച്ചക്കറികള്‍, വിവിധയിനം കരിമ്പ്, ഫലങ്ങള്‍ എന്നിവയുടെ ജൈവകൃഷിയും ഇതിനോടനുബന്ധിച്ചു നടത്തിപ്പോരുന്നു.

പൊതുജനത്തിനും സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കും കാര്‍ഷിക പരിശീലനവും ഇവിടെ നല്‍കി വരുന്നു.

ഇവിടെ ഉത്പാദിപ്പിക്കുന്ന കരിമ്പില്‍ നിന്നുള്ള ജ്യൂസ് ഉള്‍പ്പെടെ പാര്‍ക്കിലെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ കോളെജിനു സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വില്‍ക്കുന്നുണ്ട്.

ശാസ്ത്രീയ രീതിയില്‍, നൂറ് ശതമാനം ജൈവികമായി നടത്തിപ്പോരുന്ന കൃഷിസ്ഥലത്തെ ചാണകം മുതലായ അവശിഷ്ടങ്ങളില്‍ നിന്നും വളം ഉല്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *