ഇരിങ്ങാലക്കുട : മാപ്രാണം നന്തിക്കര റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പണി തീർത്ത കോന്തിപുലം നടുവിലാലിന് ചുറ്റുമുള്ള നീളൻ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി.
റോഡിന് നടുവിലായി നിൽക്കുന്ന ആൽമരത്തിന് ഇരുവശങ്ങളിലൂടെയുമായാണ് കാലങ്ങളായി ഇതിലൂടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.
ഇതിനിടയിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ആൽത്തറയ്ക്ക് ചുറ്റും നീളത്തിൽ കോൺക്രീറ്റ് ഭിത്തി കെട്ടിയത്.
ആൽമരത്തെ സംരക്ഷിക്കാനാണ് ഇപ്രകാരം ചെയ്തതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും ഇത് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുമെന്ന് നാട്ടുകാർക്കിടയിൽ ശക്തമായി പരാതി ഉയർന്നിരുന്നു.
മാത്രമല്ല, കോന്തിപുലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മാപ്രാണം പള്ളിയുടെ ഭാഗത്തേക്കുള്ള കുന്നുമ്മക്കര റോഡിലേക്ക് തിരിയുന്നതിനും റോഡിന് നടുവിലെ അശാസ്ത്രീയ നിർമ്മാണം തടസ്സമായി.
ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ആദ്യം മുൻപോട്ടു പോയി തിരികെ വീണ്ടും ബാക്ക് എടുത്താൽ മാത്രമേ ഈ വഴിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു.
റോഡിലെ അശാസ്ത്രീയമായ നിർമ്മാണത്തിനൊപ്പം പ്രദേശത്തെ കാനകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റുകൾ കാനകളിൽ തന്നെ നിലനിർത്തി നിർമ്മാണം നടത്തിയതും പരിസരവാസികളിൽ പ്രതിഷേധമുയർത്തിയിരുന്നു.
15 കോടിയോളം രൂപ ചെലവഴിച്ചാണ് മാപ്രാണം – നന്തിക്കര റോഡിൻ്റെ നവീകരണം നടത്തുന്നത്.
റോഡിന് നടുവിലെ അശാസ്ത്രീയ നിർമ്മിതി പൊളിച്ച് പുനർനിർമ്മിക്കാനും കാനയിലെ വൈദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് താലൂക്ക് വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധി സാം തോംസണും ഇക്കാര്യം ഉന്നയിച്ചിരുന്നു.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനും ശേഷം അശാസ്ത്രീയ നിർമ്മാണം പൊളിച്ചു നീക്കുകയായിരുന്നു.
Leave a Reply