ഇരിങ്ങാലക്കുട : കെ എസ് ടി പിയുടെ കൊടുങ്ങല്ലൂർ – തൃശൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുതൽ കരുവന്നൂർ വരെയുള്ള റോഡ് പൊളിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വ്യാപകമായി നശിച്ചതിനാൽ പൊറത്തിശ്ശേരി, മാപ്രാണം, കരുവന്നൂർ, മൂർക്കനാട് എന്നീ പ്രദേശങ്ങളിൽ ഒരു മാസമായി കുടിവെള്ള വിതരണം മുടങ്ങിയെന്ന് ആരോപിച്ച് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് രംഗത്ത്.
റോഡ് പൊളിക്കുന്നതിനു മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ നിർമ്മാണം നടത്തിയതു മൂലമാണ് വ്യാപകമായ കുടിവെള്ളക്ഷാമം ഈ മേഖലയിൽ ഉണ്ടായതെന്നും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഉത്തരവാദിത്തം കെഎസ്ടിപി-ക്കാണ് എന്ന് പറഞ്ഞ് കൈ ഒഴിയുകയാണ് ഉണ്ടായതെന്നും കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
എത്രയും വേഗം കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ലെങ്കിൽ കെ എസ് ടി പിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും, റോഡ് പണി ഉൾപ്പെടെ തടയുമെന്നും, പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതാക്കളായ ജോബി തെക്കൂടൻ, അഡ്വ. സിജു പാറേക്കാടൻ, എം.ആർ. ഷാജു, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, റോയ് ജോസ് പൊറത്തൂക്കാരൻ, കൗൺസിലർ അജിത്ത്, മണ്ഡലം ഭാരവാഹികളായ രഘുനാഥ് കണ്ണാട്ട്, എ.കെ. വർഗ്ഗീസ്, സന്തോഷ് വില്ലടം, എം.എസ്. സന്തോഷ്, ടി. ആർ. പ്രദീപ്, അഖിൽ കാഞ്ഞാണിക്കാരൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply