ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവർത്തികളായ മാല കെട്ട്, വിളക്ക് പിടിക്കൽ മുതലായ ആചാരാനുഷ്ഠാനങ്ങളുടെ അവകാശികളായ വാര്യർ സമുദായംഗങ്ങളെ ഒഴിവാക്കി പുതിയ നിയമനം നടത്തിയതിനെതിരെ വാര്യർ സമാജം രംഗത്ത്.
ക്ഷേത്രത്തിലെ മാല കെട്ടുന്ന പോസ്റ്റിലേക്കാണ് നിലവിലുള്ള ആളെ ഒഴിവാക്കി പുതിയ നിയമനം നടത്തുന്നതിനുള്ള നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കിയതെന്നാണ് ആരോപണം.
ഫെബ്രുവരി 24നാണ് ക്ഷേത്രത്തിലെ കഴകം തസ്തികയിലെ താൽക്കാലിക ജീവനക്കാരനായ കെ.വി. ശ്രീജിത്തിനെ പിരിച്ചുവിട്ട് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി തെരഞ്ഞെടുക്കപ്പെട്ട ബി.എ. ബാലുവിനെ തൽസ്ഥാനത്ത് നിയമിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ പാരമ്പര്യ കാരായ്മ കഴകക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ക്ഷേത്ര ചടങ്ങുകളുടെ അവസാനവാക്കായ തന്ത്രിയുടെ അഭിപ്രായങ്ങൾക്ക് കടക വിരുദ്ധമായി തിടുക്കപ്പെട്ട് കഴക പ്രവൃത്തി ചെയ്തു വന്നിരുന്ന വാര്യർ സമുദായ അംഗങ്ങളെ ഒഴിവാക്കി മറ്റൊരാളെ നിയമനം നടത്തിയതിൽ വാര്യർ സമാജം ഉത്കണ്ഠ രേഖപ്പെടുത്തി.
കാരായ്മ പ്രവർത്തി ചെയ്ത് വരുന്നവർക്ക് തുടർ നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് വാര്യർ സമാജം സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ, മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ്, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രൻ വാര്യർ, യൂണിറ്റ് സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ എ അച്യുതൻ എന്നിവർ അറിയിച്ചു.
Leave a Reply