കഥകളി ക്ലബ്ബിൻ്റെ പ്രബന്ധക്കൂത്ത് ‘വാഗ്മിത’യ്ക്ക് പരിസമാപ്തിയായി

ഇരിങ്ങാലക്കുട : മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച സുഭദ്രാഹരണം ചമ്പുശ്ലോകങ്ങളെ ആസ്പദമാക്കി ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച പ്രബന്ധക്കൂത്ത് പരമ്പരയുടെ രണ്ടാം ഭാഗത്തിന് പരിസമാപ്തിയായി.

ഏകാഹോത്സവത്തിനുശേഷം ചാതുർമാസ്യാചരണത്തിൻ്റെ ഭാഗമായി വ്യാജ സന്യാസവേഷധാരിയായ അർജ്ജുനനെ ദ്വാരകയിലെ കന്യാപുരത്തിങ്കലേക്ക് ക്ഷണിച്ചതിനുശേഷം സുഭദ്ര സന്യാസിയെ പരിചരിക്കുന്നതും തുടർന്നുവരുന്ന ഭാഗങ്ങളുമാണ് ‘വാഗ്മിത’ത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ അവസാനദിവസം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രംഗത്തവതരിപ്പിച്ചത്.

വാചികാഭിനയത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ക്ലബ്ബ് വർഷാവർഷം ‘വാഗ്മിത’ ഒരുക്കുന്നത്.

അപൂർവമായിമാത്രം രംഗത്ത് അവതരിപ്പിക്കുന്ന ഇത്തരം വാചകാഭിനയ പ്രാധാന്യങ്ങളായ പ്രബന്ധക്കൂത്തുകൾ അവതരിപ്പിച്ച് ക്ലബ്ബിൻ്റെ യുട്യൂബ് ചാനലിൽ ദൃശ്യാലേഖനം ചെയ്തുവയ്ക്കുകയെന്നത് ക്ലബ്ബിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിലാണ് ത്രിദിന പ്രബന്ധക്കൂത്ത് അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ. എൻ. ഹരിഹരനും, താളത്തിൽ സരിത കൃഷ്ണകുമാറുമാണ് അകമ്പടിയേകിയത്.

Leave a Reply

Your email address will not be published. Required fields are marked *