ഇരിങ്ങാലക്കുട : അവിട്ടത്തൂരിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഹോളി ഫാമിലി സ്‌കൂള്‍ 100 വര്‍ഷം പിന്നിടുകയാണ്.
അവിട്ടത്തൂരിലെ ഈ അക്ഷരമുറ്റം ഒരു നൂറ്റാണ്ട് മുമ്പ് വരെ ഗുരുകുല വിദ്യാഭ്യാസത്തേയും പാരമ്പര്യാശാന്മാരെയും ആശ്രയിച്ച് മാത്രം അക്ഷരഭ്യാസം നടത്തിയിരുന്നവർക്കിടയിൽ മാറ്റത്തിന്റെ പടിക്കെട്ടുകൾ കൂടിയായിരുന്നു.
അവിട്ടത്തൂര്‍ നിവാസികള്‍ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അന്നത്തെ ഗവണ്‍മെന്റ് 1922ല്‍ അവിട്ടത്തൂര്‍ പള്ളിയുടെ മാനേജ്‌മെന്റിനു കീഴില്‍ ഒരു പ്രൈമറി സ്‌കൂള്‍ അനുവദിക്കുകയായിരുന്നു. കോക്കാട്ട് ദേവസി കൊച്ചുപൗലോസ് ആയിരുന്നു സ്‌കൂള്‍ മാനേജര്‍.
സ്ഥലക്കുറവിനാലും മറ്റു ചില സാങ്കേതിക കാരണങ്ങളാലും പിറ്റേ വര്‍ഷം 1923ല്‍ ഗവണ്‍മെന്റ് ഈ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. വീണ്ടും നാട്ടുകാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമായി 1925ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവര്‍ഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. കൊല്ലംതോറും ക്ലാസുകള്‍ ആരംഭിച്ച് 1928ലാണ് ഈ സ്ഥാപനം ഒരു പ്രാഥമിക വിദ്യാലയത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയത്. അന്ന് വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ പൊഴോലിപറമ്പന്‍ റപ്പായി കുഞ്ഞുവറീതും പ്രഥമ ഗുരുനാഥന്‍ ഒ.ഡി. കൊച്ചാക്കോ മാസ്റ്ററും പ്രഥമ ശിഷ്യന്‍ തൊമ്മാന ആഗസ്തി കൊച്ചു ദേവസിയുമായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം പള്ളി ഇടവകയില്‍ ഒരു കന്യസ്ത്രീമഠം ആരംഭിച്ചു. ഈ ദേവാലയവും വിദ്യാലയവും തിരുകുടുംബ നാമധേയത്തില്‍ അറിയപ്പെടുന്നതിനാല്‍ തിരുകുടുംബ മഠക്കാര്‍ക്കു തന്നെ 1962ല്‍ വിദ്യാലയ ഭരണം ഏല്‍പ്പിച്ചു കൊടുക്കാമെന്ന് പള്ളിയോഗത്തില്‍ തീരുമാനിക്കുകയും 1964ല്‍ ഭരണം കൈമാറുകയും ചെയ്തു.
2004ല്‍ വിദ്യാലയം പുതുക്കി പണിതു. പിന്നീട് നഴ്‌സറിയും നവീകരിച്ചു.
ഇന്ന് ഏകദേശം മുന്നൂറോളം വിദ്യാർഥികൾക്ക് അറിവ് പകരുന്നിടമായി സ്കൂൾ വളർന്നു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാഥിതിയാകും.
22ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍സി പൊറത്തൂര്‍ അധ്യക്ഷത വഹിക്കും.
Leave a Reply