എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് : സംസ്ഥാനതല ഉദ്ഘാടനം നടവരമ്പ് ഗവ സ്കൂളിൽ നടത്തി

ഇരിങ്ങാലക്കുട : കേരള സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ 27 സെല്ലുകളിലായി നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് മുഖ്യാതിഥിയായി.

എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ആർ എൻ അൻസാർ സന്ദേശം നൽകി.

ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ എസ് ഷാജിത പദ്ധതി വിശദീകരണം നടത്തി.

എൻ എസ് എസ് ജില്ലാ കൺവീനർ എം വി പ്രതീഷ് സ്വാഗതവും, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്
പ്രോഗ്രാം ഓഫീസർ ഡോ കെ എസ് ഇന്ദുലേഖ നന്ദിയും പറഞ്ഞു.

കേരളത്തിൽ 3100 എൻ എസ് എസ് ക്യാമ്പുകൾ “സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത” എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്നുണ്ട്.

മാലിന്യമുക്തം, ലഹരി വിമുക്തി തുടങ്ങി വിവിധ പ്രചാരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രൊജക്റ്റുകൾ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ നടപ്പാക്കും.

വയോജന സന്ദർശനം, മൂല്യനിർമ്മിത വസ്തുക്കളുടെ നിർമ്മാണം, തദ്ദേശീയ തനത് പ്രവർത്തനം, സത്യമേവ ജയതേ, സുസ്ഥിര ജീവിതശൈലി തുടങ്ങിയ ബോധവത്കരണ പരിപാടികൾ, സുകൃത കേരളം, സ്നേഹ സന്ദർശനം, കൂട്ടുകൂടി നാടു കാണുക, ഹരിത സമൃദ്ധി, മൂല്യനിർമാണം സൃഷ്ടിപരതയിലൂടെ, പുസ്തക പയറ്റ്, നേതൃത്വപാടവം, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പിലൂടെ നടപ്പാക്കുക.

പ്രഭ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബി ആർ സി യുടെ നിയന്ത്രണത്തിലുള്ള ഓട്ടിസം സെന്ററിലേക്ക് വേണ്ട ഹെൽത്ത്‌ എയ്ഡ് വിതരണവും, വയനാട് ചാലഞ്ച് ഫണ്ട്‌ കൈമാറ്റവും മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

ക്യാമ്പ് ക്യാമ്പയിനിങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

എം ഇ എസ് എക്സലെൻസ് അവാർഡ് നൽകി

ഇരിങ്ങാലക്കുട : കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി മൈക്രോ ബയോളജിയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആഷിദ ആസാദിനെ എം ഇ എസ് അനുമോദിച്ചു.

യോഗം സംസ്ഥാന സമിതി അംഗം സലിം അറക്കൽ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

നിസാർ മുറിപ്പറമ്പിൽ, ബാബു സുരാജ്, സി കെ അബ്ദുൽസലാം, മജീദ് ഇടപുള്ളി, ടി കെ അബ്ദുൽ എന്നിവർ പ്രസംഗിച്ചു.

ആയുർവേദ അസോസിയേഷൻ്റെ ബെസ്റ്റ് ഫിസിഷ്യൻ അവാർഡ് ഡോ എൻ എസ് രാജേഷിന്

ഇരിങ്ങാലക്കുട : പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ്റെ ഈ വർഷത്തെ ബെസ്റ്റ് ഫിസിഷ്യൻ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശി നെടുംപറമ്പിൽ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ എൻ എസ് രാജേഷ് അർഹനായി.

മണ്ണുത്തിയിൽ നടന്ന ചടങ്ങിൽ വെച്ച് ഡോ വൈലോപ്പിളളി ശ്രീകുമാർ പുരസ്കാരം സമ്മാനിച്ചു.

ആയുർവേദ നേത്രചികിത്സയിലും വന്ധ്യതാ ചികിത്സയിലും ഔഷധ നിർമ്മാണ മേഖലയിലും നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഇരിങ്ങാലക്കുട നെടുംപറമ്പിൽ ആയുർവേദ ഫാർമസി ചീഫ് ഫിസിഷ്യനാണ് രാജേഷ്.

അയ്യങ്കാവ് താലപ്പൊലി : കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ ത്തോടനുബന്ധിച്ച് 2025 മാർച്ച് 9 മുതൽ 15 വരെ കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

പങ്കെടുക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോടുകൂടി ഫോൺ നമ്പർ സഹിതം നേരിട്ടോ അല്ലെങ്കിൽ madhuard10@gmail.com എന്നതിലേക്ക് മെയിൽ ആയോ അയക്കാവുന്നതാണ്.

അപേക്ഷകൾ 2025 ജനുവരി 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8157063945, 9447408615, 9633821023 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ കൺവീനർ അറിയിച്ചു.

മാരിവില്ലഴകിലാറാടി ‘വർണ്ണക്കുട’ ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ സാഹിത്യ സാംസ്കാരികോത്സവം വർണ്ണക്കുടയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ബഹുജന പങ്കാളിത്തം കൊണ്ടും സൃഷ്ടിവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

പ്രകൃതിയുടെ വിവിധ ഭാവങ്ങളും, സമകാലിക വിഷയങ്ങളും വര്‍ണവൈവിധ്യങ്ങളോടെ മത്സരാർത്ഥികൾ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും വിരുന്നായി.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി.

വർണ്ണക്കുട കോർഡിനേറ്റർമാരായ ശ്രീലാൽ, പി ആർ സ്റ്റാൻലി, ദീപ ആൻ്റണി, അസീന ടീച്ചർ, സത്യപാലൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

23ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വർണ്ണക്കുട സാഹിത്യോത്സവം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറും.

വൈകീട്ട് 5 മണിക്ക് മുനിസിപ്പൽ മൈതാനിയിൽ വർണ്ണക്കുടയ്ക്ക് കൊടിയേറും.

തുടർന്ന് സ്നേഹസംഗീതം, ദീപജ്വാല, വർണ്ണമഴ എന്നിവയും ഉണ്ടായിരിക്കും.

തൊഴിലിടങ്ങളിൽ എല്ലാവരും തുല്യരെന്ന സ്നേഹം ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുവെച്ച് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളെജിലെ ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിൻസിപ്പൽ റവ ഫാ ജോളി ആൻഡ്രൂസ്, ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

എല്ലാവരെയും തുല്യരായ് കണ്ട് ക്രിസ്തുമസിന്റെ ഉദാത്തമായ സന്ദേശം ഉൾകൊണ്ടത് അഭിനന്ദനാർഹമാണെന്ന് ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ പറഞ്ഞു.

സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ,അസി പ്രൊഫ സോളമൻ ജോസ്, സെക്രട്ടറി സജിൽ, വൈസ് പ്രസിഡന്റ് മീര, ജിനോ എഡ്വിൻ എന്നിവർ നേതൃത്വം നൽകി.

സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുട : പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്ന ബഹുജന പ്രകടനത്തോടെ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു.

പ്രകടനവും ചുവപ്പ് വളണ്ടിയർമാർച്ചും ഠാണാവിൽ നിന്ന് തുടങ്ങി ടൗൺ ഹാൾ അങ്കണത്തിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) സമാപിച്ചു.

പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.

അമിത് ഷായും സുരേഷ് ഗോപിയും സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ അംബേദ്കർ അവഹേളനവും മനുഷ്യരെ സമഭാവനയോടെ കാണുന്ന കേരളത്തിൽ തനിക്ക് ബ്രാഹ്മണനാകണമെന്ന് പറയുന്ന സുരേഷ് ഗോപിയുടെ ചേതോവികാരവും ഒന്നുതന്നെയാണ്. ചാതുർവർണ്യം ഉറപ്പിക്കാനുള്ള ആശയം പ്രചരിപ്പിക്കുകയാണ് ഇവർ. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
ഇന്ത്യയിൽ മതനിരപേക്ഷത ഉയർത്തി പിടിയ്ക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത്.

ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി.

ജില്ലാക്കമ്മിറ്റി അംഗങ്ങളായ മന്ത്രി ഡോ ആർ ബിന്ദു, അഡ്വ കെ ആർ വിജയ എന്നിവർ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

22ന് ദേശീയ ഗണിത ദിനാഘോഷം സംഘടിപ്പിക്കും

ഇരിങ്ങാലക്കുട : ലോക പ്രശസ്ത ഭാരതീയ ഗണിതശാസ്ത്രകാരൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും ദേശീയ ഗണിതശാസ്ത്ര ദിനം ആചരിക്കും.

ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗമഗ്രാമ മാധവ ഗണിതശാസ്ത്ര പരിഷത്ത്‌ എന്ന ഭാരതീയ ഗണിത പൈതൃക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ദേശീയ ഗണിത ദിനാഘോഷം സംഘടിപ്പിക്കുന്നത്.

22ന് ഉച്ചതിരിഞ്ഞ് 2 മണി മുതലാണ് ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രം ഹാളിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.

കോസ്മിക് മാത്‌സ് ഫൗണ്ടേഷൻ ഡയറക്ടർ പി ദേവരാജ് ഉദ്ഘാടനം നിർവഹിക്കും.

യു ആർ ബി ഗ്ലോബൽ അവാർഡ് ജേതാവ് ടി എൻ രാമചന്ദ്രൻ “ലളിത ഗണിതം” എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിക്കും.

തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള സ്‌കൂൾ ഗണിതശാസ്ത്ര മേളകളിൽ പങ്കെടുത്ത് വിജയികളായ ഇരിങ്ങാലക്കുട സബ് ജില്ലയിലെ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയും : ആര്‍ ഇളങ്കോ ഐപിഎസ്

ഇരിങ്ങാലക്കുട : സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവരേക്കാള്‍ നന്നായി അന്വേഷിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് കഴിയുമെന്ന് ആര്‍ ഇളങ്കോ ഐപിഎസ് അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട ടെലസ് വിവേകാനന്ദ ഐപിഎസ് അക്കാദമിയില്‍ 53-ാമത് വിദ്യാസാഗരം പഠനവേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളി, ടെലസ് ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ സോണി സേവ്യര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ ടി വര്‍ഗ്ഗീസ്, അക്കാദമി ഡയറക്ടര്‍ എം ആര്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.