വിവാഹം വേറെ ; വോട്ടു വേറെ

ഇരിങ്ങാലക്കുട : കല്യാണമല്ലേ, ഇനി വോട്ടു ചെയ്യാനൊന്നും പോകേണ്ട എന്നല്ല സിജിന ചിന്തിച്ചത്.

വിവാഹ ദിനത്തിലും പള്ളിയിൽ നിന്നും വീട്ടിൽ പോകാതെ വിവാഹ വേഷത്തിൽ തന്നെ നേരെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയാണ് ഇരിങ്ങാലക്കുടക്കാരിയായ സിജിന ജനാധിപത്യ പ്രക്രിയയോടുള്ള തൻ്റെ കടമ നിർവ്വഹിച്ചത്.

ഇരിങ്ങാലക്കുട മുല്ലക്കാട് സ്വദേശി കരപറമ്പില്‍ വീട്ടില്‍ ജോസ് – ഷൈനി ദമ്പതികളുടെ മകളാണ് സിജിന. കോഴിക്കോട് എഴുത്താനികുന്നേല്‍ വീട്ടില്‍ മാത്യു മാര്‍ഗരറ്റ് ദമ്പതികളുടെ മകനും സീരിയല്‍ താരവുമായ ഡേവിഡിനൊപ്പമാണ് സിജിന തുറവന്‍കുന്ന് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച്ച രാവിലെ 11.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിനു ശേഷം ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് തുറവൻകുന്ന് സ്‌കൂളിൽ എത്തി സിജിന തൻ്റെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ആശങ്ക ഒഴിയുന്നു : കുട്ടൻകുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിൽ

ഇരിങ്ങാലക്കുട : ഏപ്രിൽ 28ന് ആരംഭിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി കുട്ടൻകുളത്തിന്റെ നവീകരണ പ്രവർത്തികൾ തീരുമോ എന്ന ഭക്തജനങ്ങളുടെ ആശങ്ക ഒഴിയുന്നു. കുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

ഭക്തജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് കുളത്തിന്റെ തെക്കേ മതിലിന്റെയും പടിഞ്ഞാറേ ഭാഗത്തെയും പ്രവൃത്തികൾ ഉത്സവത്തിന് മുന്നോടിയായി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും, കുളത്തിൻ്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കും ദേവസ്വം കത്ത് നൽകിയിരുന്നു.

തെക്കേ മതിലിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പടിഞ്ഞാറെ മതിൽ പൂർണ്ണമായും പൊളിച്ചു നീക്കിയിട്ടില്ല. നവീകരണ പ്രവൃത്തികൾക്ക് ആവശ്യമായ സാമഗ്രികൾ കുളത്തിലേക്ക് ലോറിയിൽ ഇറക്കാൻ കഴിയും വിധം കുറച്ച് ഭാഗത്തെ മതിൽ മാത്രമാണ് പൊളിച്ച് നീക്കിയിട്ടുള്ളത്. ഇവിടെ അപകടസാധ്യത ഒഴിവാക്കും വിധം മറയ്ക്കാനാണ് സാധ്യത.

നവീകരണ പ്രവൃത്തികൾ പുരോഗമിക്കെ ദേവസ്വത്തിന്റെ ആർക്കിയോളജിക്കൽ മ്യൂസിയത്തിന് മുമ്പിലുള്ള റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നിരുന്നു. തെക്കേ ഭാഗത്ത് മതിലിനുള്ള തറ കെട്ടിയതിനു പിന്നാലെ തന്നെ ഇടിഞ്ഞു താഴ്ന്ന റോഡ് മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നത് ഏറെ ആശ്വാസത്തോടെയാണ് ഭക്തജനങ്ങൾ നോക്കിക്കാണുന്നത്.

കുളത്തിന്റെ ബാക്കി നവീകരണ പ്രവൃത്തികളും സൗന്ദര്യവൽക്കരണവും ഉത്സവത്തിന് ശേഷം പുനരാരംഭിക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പ് : ഇരിങ്ങാലക്കുടയിൽ പോളിംഗ് 60 ശതമാനം കടന്നു

ഇരിങ്ങാലക്കുട : കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3.30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗ് 60 ശതമാനം കടന്നു.

തൃശ്ശൂര്‍ ജില്ലയിൽ ഇതുവരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില

ചേലക്കര – 63.13%
കുന്നംകുളം – 61.67%
ഗുരുവായൂർ – 58.39%
മണലൂർ : 62.16%
വടക്കാഞ്ചേരി – 66.07%
ഒല്ലൂർ – 66.05%
തൃശ്ശൂർ – 64.02%
നാട്ടിക – 63.17%
കയ്പമംഗലം – 60.97%
ഇരിങ്ങാലക്കുട – 64.06%
പുതുക്കാട് – 65.86%
ചാലക്കുടി – 63.54%
കൊടുങ്ങല്ലൂർ – 62.65%

സൗജന്യ തിമിര, ഗ്ലൂക്കോമ പരിശോധന ക്യാമ്പും അവബോധ ക്ലാസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക അന്ധത പ്രതിരോധ വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെട്രോ കണ്ണാശുപത്രിയുടെയും വിമയുടെയും ആഭിമുഖ്യത്തിൽ സൗജന്യ തിമിര, ഗ്ലൂക്കോമ പരിശോധന ക്യാമ്പും അവബോധ ക്ലാസ്സും സംഘടിപ്പിച്ചു.

വിമ പ്രസിഡൻ്റ് ഡോ. ഉഷ കുമാരി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

തൃശൂർ മെഡിക്കൽ കോളെജ് നേത്രരോഗ വിഭാഗം മുൻ മേധാവി റിട്ട. പ്രൊഫ. ഡോ. രജനി, ഡോ. ഐശ്വര്യ സേവ്യർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

വിമ സെക്രട്ടറി ഡോ. റീജ, മാനേജർ മുരളി ദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

മൂർക്കനാട് സെൻ്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

കൊടിയേറ്റം ഇടവക വികാരി ഫാ. സിന്റോ മാടവന നിർവഹിച്ചു.

ജനറൽ കൺവീനർ സിൻജോ ജോർജ്ജ്, ജോയിൻ്റ് കൺവീനർ ജിജോയ് ഫ്രാൻസിസ്, കൈക്കാരന്മാരായ ജോൺ ജെറാൾഡ് വർഗ്ഗീസ്, പോളി വാറു, വിവിധ കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ, കുടുംബ സമ്മേളന സംഘടന ഭാരവാഹികൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഏപ്രിൽ 11ന് കൂട് തുറക്കൽ ശുശ്രൂഷയും, ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പും നടക്കും. 12നാണ് തിരുനാൾ. 13ന് പരേതരുടെ അനുസ്മരണവും നടക്കും.

ഇരിങ്ങാലക്കുടക്കാർക്ക്വിളിപ്പുറത്തിനി എ ഐ കയ്യാൾ’ഇരിഞ്ഞാല്‍ഡക്കാരന്‍’ റെഡി

ഇരിങ്ങാലക്കുട : ഡോ. ആർ. ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കൗതുകവും വിജ്ഞാനവും പകർന്ന് ‘ഇരിഞ്ഞാല്‍ഡക്കാരൻ’ രംഗത്തിറങ്ങി.

മലയാളത്തില്‍ സംസാരിക്കാനും സംവദിക്കാനും മലയാളത്തിലും ഇംഗ്ലീഷിലും ചാറ്റ് ചെയ്യാനും എ ഐ ‘ഇരിഞ്ഞാല്‍ഡക്കാരന്’ കഴിയും.

മൊബൈൽ ഫോണുകളിൽ സുഗമമായി ഉപയോഗിക്കാവുന്ന വിധത്തിൽ ലോകോത്തര നിലവാരത്തിലുള്ള എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ‘ഇരിഞ്ഞാല്‍ഡക്കാരന്‍’ വെബ് ആപ്പ് പ്രസിദ്ധ എഴുത്തുകാരൻ അശോകൻ ചരുവിൽ പ്രകാശനം ചെയ്തു.

Irinjaldakkaran.in എന്നാണ് വെബ് ആപ്പ് വിലാസം.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഡിജിറ്റലായി തൊട്ടറിയാവുന്ന വികസന ഭൂപടവും, നേട്ടങ്ങൾ സമഗ്രരൂപത്തിൽ ഉൾപ്പെടുത്തിയ വെബ് സൈറ്റും (www.vikasithairinjalakuda.in) ഇതോടൊപ്പം പ്രകാശനം ചെയ്തു.

വികസനമെത്തിച്ച ഓരോ പ്രദേശത്തിൻ്റെയും പദ്ധതിക്ക് വകയിരുത്തിയ തുകയുടെയും വിശദാംശങ്ങളടക്കം ക്ലിക്ക് ചെയ്ത് നേരിട്ടറിയാവുന്ന വിധത്തിലാണ് ഡിജിറ്റൽ വികസന ഭൂപടം.

ഇരിങ്ങാലക്കുടയുടെ സമഗ്രമേഖലകളിലെയും വിവരങ്ങള്‍ ‘ഇരിഞ്ഞാല്‍ഡക്കാര’നോട് ചോദിച്ചാൽ പറഞ്ഞു തരും. നാട്ടുകാരുടെ പരാതികളും പരിദേവനങ്ങളും ഈ വെബ് ആപ്പ് വഴി സ്വീകരിക്കും.

നാടിന്റെ നന്മക്കായുള്ള നിർദ്ദേശങ്ങള്‍ സ്വീകരിക്കാനും ‘ഇരിഞ്ഞാല്‍ഡക്കാരൻ’ തയ്യാറാണ്. ഫോട്ടോകളും രേഖകളും സഹിതമുള്ള പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സഹായിക്കുന്നതിനൊപ്പം, വിവിധ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും ‘ഇരിഞ്ഞാല്‍ഡക്കാരൻ’ ഇനി മുഴുവൻ സമയവും ഇരിങ്ങാലക്കുടക്കാർക്ക് ഒപ്പമുണ്ടാവും.

അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുമായി ഏകോപിപ്പിക്കും.

മണ്ഡലത്തിലെ ഓരോ വാർഡിലും നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങൾക്ക് തത്സമയം നിരീക്ഷിക്കാവുന്ന വികസന ട്രാക്കർ (Project Tracker), പ്രാദേശിക പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവരുടെ നമ്പറുകളിലേക്ക് ആപ്പിൽ നിന്ന് നേരിട്ട് വിളിക്കാവുന്ന അടിയന്തര സഹായം (Emergency Help), ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രവും വിനോദസഞ്ചാര പ്രാധാന്യമുള്ള ഇടങ്ങളും പരിചയപ്പെടുത്തുന്ന ഇരിങ്ങാലക്കുട പൈതൃകം (Local Heritage) വിഭാഗം തുടങ്ങിയവയും ‘ഇരിഞ്ഞാല്‍ഡക്കാരൻ’ ആപ്പിൻ്റെ ഭാഗമാണ്.

നിര്യാതയായി

സന്ധ്യ

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് ആനുരുളി റോഡ് ശ്രീനാരായണഗുരുദേവ ഭക്ത കരയോഗത്തിനു സമീപം പെരുംകുളം വീട്ടിൽ സുനിൽ ഭാര്യ സന്ധ്യ (47) നിര്യാതയായി.

പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളിയാണ്.

സംസ്കാരം ഏപ്രിൽ 6 (തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് മുക്തിസ്ഥാനിൽ.

മകൾ : ഗോപിക

മാണിക്യ ശ്രീ പുരസ്‌കാരം വേണുജിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നൽകി വരുന്ന മാണിക്യ ശ്രീ പുരസ്കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ വേണുജി അർഹനായി.

സുപ്രധാന സംസ്കൃത നാടകങ്ങളായ മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം ഭാസൻ്റെ ഊരുഭംഗം, ശൂദ്രകന്റെ മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദ്ദേശിയ വേദികളിൽ എത്തിച്ചു എന്നതാണ് വേണുജിയുടെ ഈ രംഗത്തെ സുപ്രധാന നേട്ടം.

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിനു പുറമെ കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളിൽ നിന്നും ഫെല്ലോഷിപ്പുകൾക്ക് വേണുജി അർഹനായിട്ടുണ്ട്.

ഇരിങ്ങാലക്കുട നടനകൈരളിയുടെ സ്ഥാപകനാണ് വേണുജി.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നളിൻ ബാബു എസ് മേനോൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും.

ബേബി ലോഹിതാക്ഷൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും മഹിളാസംഘം നേതാവുമായ ബേബി ലോഹിതാക്ഷൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മണി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.വി. ഹജീഷ് അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ടി.കെ. സുധീഷ്, എൻ.കെ. ഉദയ പ്രകാശ്, വി.ആർ. രമേശ്, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി,
കെ.വി. രാമകൃഷ്ണൻ, അജിതൻ വാരിശ്ശേരി, സരിത സലീഷ് എന്നിവർ പ്രസംഗിച്ചു.

ഈസ്റ്റർ ദിനത്തിൽ ബിഷപ്പ് ഹൗസ് ഉൾപ്പെടെ ക്രിസ്തീയ ദേവാലയങ്ങൾ സന്ദർശിച്ച് ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഈസ്റ്റർ ദിനത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദു ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ സന്ദർശിച്ച് പരസ്പരം ഈസ്റ്റർ ആശംസകൾ കൈമാറി.

തുടർന്ന് സെൻ്റ് തോമസ് കത്തീഡ്രലിൽ വിശ്വാസികളുമായി സൗഹൃദം പുതുക്കി ഈസ്റ്റർ ആശംസകൾ നേർന്നു.

ലിസി കോൺവെൻ്റ്, ഉദയ കോൺവെൻ്റ്, കല്ലേറ്റുംകര പാവനാത്മ കോൺവെൻ്റ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

ആളൂരിൽ വ്യക്തികളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

ഷോളയാറിലും മാടായിക്കോണത്തും കുടുംബ സദസുകളിലും പങ്കെടുത്തു.

ജോസ് ജെ. ചിറ്റിലപ്പള്ളി, ഡോ. കെ.പി. ജോർജ്ജ്, ബെന്നി വിൻസൻ്റ്, എൻ.കെ. ഉദയപ്രകാശ്, യു.കെ. പ്രഭാകരൻ എന്നിവരും ബിന്ദു ടീച്ചറോടൊപ്പമുണ്ടായിരുന്നു.