ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നടത്തുന്ന സമ്മർ ക്യാമ്പ് ശില്പിയും ചിത്രകല വിദഗ്ധനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ജിജി കൃഷ്ണ അധ്യക്ഷയായി.
വിനോദവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികൾ സമ്മർ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്നും അതിനായി എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ പ്രസംഗത്തിൽ പറഞ്ഞു.
കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും മികച്ച നിലവാരത്തിലെത്തിക്കാനും അവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനും നമ്മൾ പ്രചോദനം നൽകണമെന്നും ഇതിനായി കലാകായിക മൂല്യങ്ങളെ ഉയർത്തിക്കൊണ്ടുള്ള ക്യാമ്പുകൾ ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണെന്നും തന്റെ ചില നേട്ടങ്ങളെ കുറിച്ച് പങ്കുവെച്ചുകൊണ്ട് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
കൂടാതെ ഏപ്രിൽ 21ന് തന്റെ കഴിവുകളെ കോർത്തിണക്കി കൊണ്ടുള്ള ചിത്ര ശില്പകല പ്രദർശനം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.ലളിത, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ ജി കോർഡിനേറ്റർ ആർ.രശ്മി സ്വാഗതവും അധ്യാപിക ഭവ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
സമ്മർ ക്യാമ്പിൽ പങ്കെടുക്കുവാൻ വിളിക്കേണ്ട നമ്പർ : 9496560818, 9497456968