ഇരിങ്ങാലക്കുട : അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കാട്ടൂർ പഞ്ചായത്തിൽ ശുചിത്വ പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു.
വയലാർ അവാർഡ് ജേതാവായ അശോകൻ ചരുവിൽ ശുചിത്വ പ്രഖ്യാപന സ്മാരകം അനാച്ഛാദനം ചെയ്തു.
മികച്ച ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച സ്ഥാപനങ്ങൾ, കലാലയങ്ങൾ, സ്കൂളുകൾ, അയൽക്കൂട്ടങ്ങൾ എന്നിവർക്ക് ട്രോഫി നൽകി ആദരിച്ചു.
പരിസ്ഥിതി എന്നത് മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേഷികമായ ഘടകമാണെന്നും, വലിച്ചെറിയൽ എന്ന മനോഭാവത്തിൽ നിന്നും മനുഷ്യൻ മാറി ചിന്തിക്കണമെന്നും, ഹരിത കർമസേനയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. അനീഷ്, രഹി ഉണ്ണികൃഷ്ണൻ, മെമ്പർമാരായ സി.സി. സന്ദീപ്, ഇ.എൽ. ജോസ്, എൻ.ഡി. ധനീഷ്, ജയന്തി സുബ്രഹ്മണ്യൻ, വിമല സുഗുണൻ, സി.ഡി.എസ്. ചെയർപേഴ്സൺ അജിത ബാബു, സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു, കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയകത്ത് എന്നിവർ സന്നിഹിതരായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ സ്വാഗതവും അസി. സെക്രട്ടറി എ.സി. അനിത നന്ദിയും പറഞ്ഞു.
പ്രഖ്യാപനത്തിന് മുന്നോടിയായി ശുചിത്വ സന്ദേശ യാത്രയും, ഹരിതസേന അംഗങ്ങളുടെ ഫ്ലാഷ്മോബും അരങ്ങേറി.
കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, ഗവ. ജീവനക്കാർ, മുൻ ജനപ്രതിനിധികൾ, പഞ്ചായത്ത് നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.