ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രഥമ മൊബൈൽ ക്രിമിറ്റോറിയംമുരിയാട്

ഇരിങ്ങാലക്കുട : മുരിയാടുകാർക്ക് ഇനി മുതൽ ക്രിമിറ്റോറിയം അന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല, ക്രിമിറ്റോറിയം വീട്ടുമുറ്റത്തെത്തും.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡത്തിലെ തന്നെ ആദ്യത്തെ മൊബൈൽ ക്രിമിറ്റോറിയം യാഥാർത്ഥ്യമാക്കിയത്.

ക്രിമിറ്റോറിയം, മൊബൈൽ ഫ്രീസർ, അത് കൊണ്ടുപോകുന്നതിനുള്ള മഹീന്ദ്ര വിരോ വാഹനം എന്നിവയ്ക്കായി 20 ലക്ഷം രൂപയോളം വരുന്ന പ്രോജക്ട് ആണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇതുപ്രകാരം വാഹനവും മൊബൈൽ ഫ്രീസറും ക്രിമിറ്റോറിയവും പഞ്ചായത്തിൽ എത്തിക്കഴിഞ്ഞു.

വാഹനത്തിൻ്റെ ബോഡി കെട്ടുന്ന പ്രവർത്തനം പൂർത്തീകരിച്ചാൽ ഏതാനും ദിവസങ്ങൾക്കകം ക്രിമിറ്റോറിയത്തിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യത്തേതും തൃശൂർ ജില്ലയിലെ മൂന്നാമത്തേതുമായ പഞ്ചായത്താണ് മൊബൈൽ ക്രിമിറ്റോറിയം എന്ന ആശയം നടപ്പിലാക്കുന്നത്.

പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സെക്രട്ടറി എം. ശാലിനി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മൊബൈൽ ക്രിമിറ്റോറിയത്തിന്റെയും ഫ്രീസറിന്റെയും മഹീന്ദ്ര വീരോ വാഹനത്തിന്റെയും താക്കോലുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണസമിതി അംഗം തോമസ് തൊകലത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും ഹരിത കർമ്മസേനാ കൺസോർഷ്യം ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

ഹരിത കർമ്മസേനക്കാണ് മൊബൈൽ ക്രിമിറ്റോറിയത്തിൻ്റെ നടത്തിപ്പ് ചുമതല.

മധുരം ജീവിതം – ജീവധാരമനുഷ്യച്ചങ്ങല : പുല്ലൂരിൽ പ്രചരണ പദയാത്ര നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 25ന് വൈകീട്ട് 4 മണിക്ക് പുല്ലൂർ പൊതുമ്പുചിറക്ക് സമീപം “വേണ്ട ലഹരി, മുരിയാടിൻ്റെ യുവത ജീവിത ലഹരിയിലേക്ക്” എന്ന ആശയമുയർത്തി നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

പുല്ലൂർ ഐ.ടി.സി.ക്ക് സമീപത്ത് നിന്നും ആരംഭിച്ച പദയാത്ര സെൻ്റ് സേവിയേഴ്സ് ഐ.ടി.സി. മാനേജർ ഫാ. ജോയ് വട്ടോളി ഫ്ലാഗ് ഓഫ് ചെയ്തു.

വൈസ് പ്രസിഡൻ്റ്
രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, മണി സജയൻ, നിഖിത അനൂപ്, ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. കോർഡിനേറ്റർ അജിത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

പദയാത്രയോടനുബന്ധിച്ച് ക്രൈസ്റ്റ് എൻ.എസ്.എസ്. വൊളൻ്റിയർമാർ അവതരിപ്പിച്ച ഫ്ളാഷ് മോബും തെരുവുനാടകവും അരങ്ങേറി.

സേക്രഡ് ഹാർട്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. ഫ്ളാറൻസ് സമാപന സന്ദേശം നൽകി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതിയെന്ന് പ്രതിപക്ഷം

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതി എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ലഖ്‍പതി – ദീദി സർവേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ള സി.ആർ.പി.മാരുടെ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) യൂസർ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്ത് സർവ്വേക്കുള്ള പ്രതിഫലം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് പരാതി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിനെതിരെയാണ് സി.ആർ.പി.മാരുടെ പരാതി ഉയർന്നത്.

മൃഗസംരക്ഷണ വകുപ്പിലെ നിലവിലുള്ള ആർ.പി. (റിസോഴ്സ് പേഴ്സൺ) മാരെയാണ് മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി -ദീദി സർവ്വേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ളത്. സർവ്വേയുടെ ചുമതലയുള്ള കുടുംബശ്രീ മിഷൻ സർവ്വേ നടത്തുന്നതിന് ആർ പി മാരുടെ പേരിൽ യൂസർ ഐ ഡിയും പാസ്‌വേഡും നിർമ്മിക്കുകയും സർവ്വേ നടത്താൻ നിർദേശം നൽകുകയും ചെയ്തു.

എന്നാൽ സർവ്വേ നടത്തുന്നത് പിന്നീട് മതിയെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ആർ.പി.മാർ സർവ്വേ ആരംഭിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം സർവ്വേ നടത്തിയതിന്റെ പ്രതിഫലത്തുക ഡിപ്പാർട്ട്മെന്റിനോടാവശ്യപ്പെടാനും ഈ തുക കുടുംബശ്രീ സി.ഡി.എസ്‌. മെമ്പർമാർക്ക് കൈമാറാനും സി.ഡി.എസ്‌. ചെയർപേഴ്സനും ബ്ലോക്ക് കോർഡിനേറ്ററും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ തങ്ങൾ ഈ സർവ്വേ നടത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ തങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കുടുംബശ്രീക്കാർ സർവ്വേ നടത്തിയെന്നും ആയതിനാൽ പണം അവർക്ക് കൈമാറണമെന്നുമുള്ള നിർദേശമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് മെമ്പർ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിൽ വ്യാപകമായ തോതിൽ അഴിമതി നടമാടുകയാണെന്നും, പല പ്രവർത്തികളും ചെയർപേഴ്സൺ തന്റെ ഇഷ്ടക്കാർക്കു മാത്രമാണ് നൽകുന്നതെന്നും, ബാലസഭ നടത്തിപ്പിലും വൻ തട്ടിപ്പാണ് നടക്കുന്നതെന്നും, ഇതിൽ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് പറഞ്ഞു.

ഇത് സംബന്ധിച്ച് കഴിഞ്ഞ കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജ്ജുനൻ എന്നിവർ പറഞ്ഞു.

ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും : ”വേണ്ട” ക്യാമ്പയിനുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : കൊച്ചിൻ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ”വേണ്ട” ക്യാമ്പയിനുമായി മുരിയാട് പഞ്ചായത്ത്.

ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 100ൽപരം വൊളൻ്റിയർമാർക്ക് പരിശീലനം നൽകും.

2-ാം ഘട്ടം പഞ്ചായത്ത് വാർഡ് തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കുകയും
3-ാംഘട്ടത്തിൽ വാർഡ് തലത്തിലുള്ള ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ വ്യാപകമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

വായനശാലകൾ, വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയെയൊക്കെ ലഹരി പ്രതിരോധത്തിൻ്റെ ഭാഗമായി അണിനിരത്തും.

ആനന്ദപുരം എൻ എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ”വേണ്ട” ക്യാമ്പയിന് തുടക്കം കുറിച്ച് ആനന്ദപുരം സാൻജോ ഡി അഡിക്ഷൻ സെൻ്റർ ഡയറക്ടർ ഫാ തോമസ് വെളക്കനാടൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലിള്ളി, ജനപ്രതിനിധികൾ, വൊളൻ്റിയർമാർ എന്നിവർ ഒരുമിച്ച് ദീപം തെളിയിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് ഫാ തോമസ് വിളക്കനാടൻ മുഖ്യ സന്ദേശം നൽകി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ സരിത സുരേഷ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത്, സി ഡി എസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സൻ, കെ വൃന്ദകുമാരി ജിനി സതീശൻ, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, റോസ്മി ജയേഷ്, നിത അർജ്ജുനൻ, ഹെൽത്ത് ഇൻസ്പെക്ടർ അജീഷ്, കമ്മ്യൂണിറ്റി കൗൺസിലർ അഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോർത്ത് വേവ് കോർഡിനേറ്റർ മഞ്ജു വിൽസൺ ക്ലാസ്സ് നയിച്ചു.

ചേർപ്പുംകുന്ന് സാംസ്കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർപ്പുംകുന്ന് സാംസ്കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

അയ്യങ്കാളി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

വാർഡംഗം നിഖിത അനൂപ്, പഞ്ചായത്തംഗം സേവ്യർ ആളൂക്കാരൻ, ക്ഷീരസംഘം പ്രസിഡന്റ് കെ എം ദിവാകരൻ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗം പി പി പരമു, കോർഡിനേറ്റർ ബിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മുരിയാട് പഞ്ചായത്ത് മൂന്നാം നൂറു ദിന കർമ്മ പദ്ധതി : ലാപ്പ്ടോപ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ
മൂന്നാം നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എസ് സി/എസ് ടി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.

പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ യു വിജയൻ, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ബി ജോഷി, ഭരണസമിതി അംഗങ്ങളായ എ എസ് സുനിൽകുമാർ, നിജി വത്സൻ, കെ വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, റോസ്മി ജയേഷ്, നിത അർജ്ജുനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

25ൽ പരം വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പദ്ധതി : അങ്കണവാടി കലോത്സവം നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടന്ന കലോത്സവം ഗാനരചയിതാവും കരിന്തലക്കൂട്ടം കലാകാരനുമായ രമിത്ത് രാമൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സരിത സുരേഷ് സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, സുനിൽ കുമാർ, വൃന്ദ കുമാരി, നിജി വത്സൻ, ജിനി സതീശൻ, റോസ്മി ജയേഷ്, നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, നിത അർജുനൻ, ഐ സി ഡി എസ് സൂപ്പർവൈസർ അൻസാ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.

മുരിയാട് പഞ്ചായത്തിലെ 150ഓളം കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, അങ്കണവാടി പ്രവർത്തകർ, പ്ലാൻ കോർഡിനേറ്റർ ഹരീഷ്, ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ എന്നിവർ കലോത്സവത്തിൽ പങ്കെടുത്തു.

”ഡോക്ടേഴ്സ് അറ്റ് വില്ലേജ്” പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : 3-ാം നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ ”ഡോക്ടേഴ്സ് അറ്റ് വില്ലേജ്” പദ്ധതിക്ക് തുടക്കം കുറിച്ചു.

ഗ്രാമീണ കേന്ദ്രങ്ങളിൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത്.

പുല്ലൂർ ചേർപ്പുംകുന്ന് ആരോഗ്യ കേന്ദ്രത്തിൽ ഡോ ജോൺസ് പോളിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സമിതി ചെയർമാനും വാർഡ് അംഗവുമായ കെ പി പ്രശാന്ത്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, ഡോ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ അജീഷ്, ജെ വി എച്ച് എം ഗിരിജ, ജെ എച്ച് വൺ മനീഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പഞ്ചായത്തിന് സാധിക്കും.