പരിയാരം : വായനാദിനത്തിൽ ബസ്സ് കാത്തിരിപ്പുകേന്ദ്രം വായനശാലയാക്കിയ വാർഡ് മെമ്പറുടെ ആശയം വേറിട്ടതും ശ്രദ്ധേയവുമായി.
പരിയാരം പഞ്ചായത്തിൽ 14-ാം വാർഡിൽ വേളൂക്കര സായിവിൻ്റെ സ്റ്റോപ്പിൽ പുതുതായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് വായനശാല കൂടിയായി മാറിയത്.
പറുദീസ റിട്ടയർമെൻ്റ് ലിവിങ് ഹോംസ് എന്ന സ്ഥാപനമാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച് അതിരപ്പിള്ളി അന്തർ സംസ്ഥാന പാതയിൽ ആധുനികരീതിയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നൽകിയത്. വാർഡ് മെമ്പർ കൂടിയായ വി.എം. ടെൻസൻ്റെ ആശയത്തിൽ ലോക വായനാദിനത്തെ ബന്ധപ്പെടുത്തി പ്രസ്തുത ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തെ ഒരു വായനശാലയാക്കി ക്രമീകരിക്കുകയായിരുന്നു.
ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പുറകുവശത്ത് പുസ്തകങ്ങൾ വെക്കുവാൻ പുതിയൊരു ഷെൽഫ് പണിത് അതിലേക്ക്
300ഓളം പുസ്തകങ്ങൾ ശേഖരിച്ച്
വായനശാലയാക്കി തീർക്കുകയാണ് ചെയ്തത്.
ബസ് കാത്തുനിൽക്കുന്ന സമയത്തെ വിരസത ഒഴിവാക്കി പുസ്തകങ്ങൾ വായിക്കാമെന്ന് മാത്രമല്ല പുസ്തകങ്ങൾ രജിസ്റ്ററിൽ എഴുതി വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യാം.
വായനാദിനത്തിൽ ഒരുക്കിയ ബസ്സ് സ്റ്റോപ്പ് കം വായനശാല കാണുവാനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്.
വായനാശാലയുടെയും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെയും ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി ജോസഫ് നിർവഹിച്ചു.
മുഖ്യാതിഥിയായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിപ്‌സി ജെയ്റ്റസ് വായനാദിന സന്ദേശം നൽകി.
വാർഡ് മെമ്പർ വി.എം. ടെൻസൻ, പറുദീസ റിട്ടയർ ലിവിങ് ഹോംസ് മാനേജിങ് ഡയറക്ടർ ജീസ് ലാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്‌ണു, ലിജി സെബാസ്റ്റ്യൻ, എം.കെ. അംബിക, ജോസഫ് കറുത്തനാടൻ, എം.എൽ. ജോസഫ്, വി.സി. സ്റ്റാബി, ഷൈനി അശോകൻ, ടി.സി. അനൂപ് എന്നിവർ പ്രസംഗിച്ചു.




