ഹരിതചട്ടം ഉറപ്പാക്കാൻ കർശന പരിശോധന തുടർന്ന് ജില്ലാ സ്‌ക്വാഡ്

ഇരിങ്ങാലക്കുട : നിരോധിത പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനും, ഹരിതചട്ടം കർശനമാക്കുന്നതിന്റെയും ഭാഗമായി നഗരസഭാ പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ജില്ലാ സ്ക്വാഡ്.

പ്രചാരണ സാമഗ്രികളിൽ നിരോധിത വസ്‌തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.

ഇരിങ്ങാലക്കുട നഗരസഭാ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് ടീം ആണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ആകെ 155 മീറ്ററോളം നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സ്, കൊറിയൻ ക്ലോത്ത് ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.

100% പുനചംക്രമണം ചെയ്യാവുന്ന പോളിഎത്തിലീൻ, കോട്ടൺ തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശം പാലിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും സ്‌ക്വാഡ് ടീം ലീഡർ മുന്നറിയിപ്പ് നൽകി.

നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ നിസാർ, ഹസ്ന, ലേഖ, ജില്ലാ ശുചിത്വ മിഷൻ ഓഫീസർ സുനിത എന്നിവർ സ്‌ക്വാഡ് ടീമിൽ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ കൊതുകുകൾ പെരുകുന്നു ; നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പരാതി

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ കൊതുകുകൾ പെരുകുന്നതായി പരാതി.
എന്നാൽ അതിനനുസരിച്ച് കൊതുകു നിവാരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ യഥാവിധി നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. അതിനാൽ തന്നെ പെരുകാനിരിക്കുന്ന രോഗങ്ങളെ
കുറിച്ചോർത്തുള്ള ഭീതിയിലാണ് നാട്ടുകാർ.

ഫോഗിംഗ് ഉൾപ്പെടെയുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങൾ മുമ്പ് കൃത്യമായി ഇടവേളകളിൽ നടക്കാറുണ്ടെങ്കിലും നിലവിൽ ഇത്തരം പ്രവർത്തികൾ കാര്യക്ഷമമായി നടക്കുന്നില്ല. ഡെങ്കു ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഭാഗങ്ങളിലാണ് ഇപ്പോൾ ഫോഗിംഗും മറ്റും കൃത്യമായി നടത്തുന്നതെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് വ്യക്തമാക്കി.

വീടുകൾ തോറും ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുന്നതോടൊപ്പം ബ്ലീച്ചിങ് പൗഡറും വിതരണം ചെയ്യുന്നുണ്ട് എന്നതാണ് കൊതുകു നിവാരണവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ഏക പ്രവർത്തി. ആവശ്യമായ ജോലിക്കാരുടെ കുറവും നിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗവുമായി ചർച്ച ചെയ്ത് പ്രശ്നത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി.