സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ 21ന് വിദ്യാഗോപാല മന്ത്രാർച്ചന

ഇരിങ്ങാലക്കുട : സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 7 മണിക്ക് സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വച്ച് സ്കൂൾ, കോളെജ് വിദ്യാർഥികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന നടത്തും.

വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത ഭാഗവതാചാര്യനും പ്രഭാഷകനുമായ കാവനാട് രാമൻ നമ്പൂതിരിയാണ്.

അർച്ചനയ്ക്ക് ശേഷം പ്രശസ്ത പ്രഭാഷകൻ ഷാജി വരവൂർ “പരീക്ഷാഭയം മാറി പരീക്ഷയെ എങ്ങനെ നേരിടാം” എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കും.

താല്പര്യമുള്ള കുട്ടികൾ ശനിയാഴ്ച 7 മണിക്ക് മുൻപായി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9539448673, 9961325645

നായികാ – നായക ഭാവവർണ്ണന കൊണ്ട് “വാഗ്മിത” രണ്ടാം ദിനം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ അർജ്ജുനൻ സന്യാസം സ്വീകരിച്ചു എന്ന് തെറ്റിദ്ധരിച്ച് ദു:ഖിതയായിരിക്കുന്ന സുഭദ്രയെ സന്തോഷിപ്പിക്കാനായി തോഴിമാർ അണിയിച്ചൊരുക്കി ഉദ്യാനത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം ‘വാഗ്മിത’യുടെ രണ്ടാം ദിനത്തിൽ അരങ്ങേറി.

ചമ്പുക്കളിൽ സവിശേഷമായ ഗദ്യത്തിൻ്റെ അവതരണം ഇവിടെ ശ്രദ്ധേയമായി.

അരങ്ങിൽ വളരെ അപൂർവ്വമായി അവതരിപ്പിക്കുന്ന “അഥതദാനിം സഖിജനേന” എന്ന് തുടങ്ങുന്ന ഗദ്യം സവിസ്തരം പ്രതിപാദിച്ചു.

തുടർന്ന് ഉദ്യാനത്തിലെ വൃക്ഷത്തെ നായകനായും, സമീപത്തിൽ വളർന്ന വള്ളിച്ചെടികളെ നായികയായും ഉപമിച്ച് കവിവാക്യത്തെ വ്യാഖ്യാനിച്ചത് ഏറെ ഹൃദ്യമായി.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിച്ച “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ സരിത കൃഷ്ണകുമാറും അരങ്ങിൽ അകമ്പടിയേകി.

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ് : എൻ ഡി എ വാഹന പ്രചരണ ജാഥ നടത്തി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ വാഹന പ്രചരണ ജാഥ നടത്തി.

രാവിലെ 10 മണിക്ക് കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ നിരവധി സെൻ്ററുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം മാപ്രാണം സെൻ്ററിൽ സമാപിച്ചു.

സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

എൻഡിഎ സ്ഥാനാർത്ഥികളെ അദ്ദേഹം ഷാളണിയിച്ച് സ്വീകരിച്ചു.

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ ഭരണം എൻഡിഎയെ ഏൽപ്പിച്ചാൽ ബാങ്കിലെ എല്ലാ സഹകാരികളെയും വിളിച്ച് യോഗം ചേർന്ന്, ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും സഹകരണത്തിൽ ബാങ്കിനു സംഭവിച്ച എല്ലാ പോരായ്മകളും തീർത്ത് ഇ.ഡി. പിടിച്ചെടുത്ത 128 കോടി രൂപ സഹകാരികളിലേക്ക് തിരിച്ചെത്തിക്കാനും, ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ പദ്ധതികളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റും തെരഞ്ഞെടുപ്പ് ചെയർമാനുമായ ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, സെക്രട്ടറിമാരായ ടി.കെ. ഷാജു, സരിത വിനോദ്, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ആശംസകൾ നേർന്നു.

പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റും വൈസ് ചെയർമാനുമായ സൂരജ് കടുങ്ങാടൻ സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് നന്ദിയും പറഞ്ഞു.

പൊറത്തൂർ ഷഷ്ഠി 20, 21, 22 തിയ്യതികളിൽ

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പൊറത്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഫെബ്രുവരി 20, 21, 22 തിയ്യതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 20ന് വൈകീട്ട് 5.30 മുതൽ ചിന്തുപാട്ട്, ചുറ്റുവിളക്ക്, കൈകൊട്ടിക്കളി, 7.30ന് കരോക്കെ ഗാനമേള, പ്രാദേശിക പരിപാടികൾ, 21ന് വൈകീട്ട് 7 മണി മുതൽ ഫ്ലവേഴ്സ് കേരള കോട്ടയം അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.

ഷഷ്ഠി ദിവസമായ 22ന് രാവിലെ 8 മണിക്ക് പള്ളിക്കാട് ആൽത്തറ ജംഗ്ഷനിൽ നിന്നും കാവടി പുറപ്പെട്ട് 1 മണിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കും. ഭസ്മക്കാവടി രാത്രി 8 മണിക്ക് വീവൺ നഗറിൽ നിന്നും പുറപ്പെട്ട് രാത്രി ഒരു മണിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കും. വടക്കുംഭാഗം സെറ്റിന്റെ ഭസ്മക്കാവടി രാത്രി 8 മണിക്ക് നവോദയ പരിസരത്തു നിന്നും പുറപ്പെട്ട് 12.45ന് ക്ഷേത്രത്തിൽ പ്രവേശിക്കും.

അന്നേദിവസം വൈകീട്ട് 7 മണി മുതൽ 10 മണി വരെ ക്ഷേത്രത്തിൽ ഭജൻസ്, തിരുവാതിരക്കളി, പ്രാദേശിക കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും.

വൈറൽ ചുമ പടർന്നു പിടിക്കുന്നു : പകച്ചുനിൽക്കാതെ മരുന്നും ചികിത്സയും സർക്കാർ ഉറപ്പു വരുത്തണം

ഇരിങ്ങാലക്കുട : വൈറല്‍ ചുമ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും സര്‍ക്കാരും പകച്ചു നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നും ചികിത്സയും ഉറപ്പുവരുത്തണമെന്നും റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻ്റ് ടി.എസ്. പവിത്രനും ജനറല്‍ സെക്രട്ടറി കെ.ബി. പ്രേമരാജനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരുടെ സമരം ഉടന്‍ ഒത്തുതീര്‍പ്പിലാക്കണമെന്നു ആർ.എച്ച്.ഐ.എ. ആവശ്യപ്പെട്ടു.

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത് എല്ലാ നിലയിലും പരാജയപ്പെട്ട സര്‍ക്കാരിന് അലങ്കാരമാണെന്നും ആഭ്യന്തര വകുപ്പ് ജനങ്ങള്‍ക്ക് ബാദ്ധ്യതയായി മാറിക്കഴിഞ്ഞു എന്നും ജനങ്ങള്‍ സര്‍ക്കാരിനെതിരായി പ്രതികരിക്കുവാന്‍ തയ്യാറായിരിക്കുമ്പോള്‍ സര്‍ക്കാര്‍ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.

മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ അഴിമതിക്കു വേണ്ടി മാത്രമായി ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയത് ബാര്‍ മുതലാളിമാര്‍ക്കു വേണ്ടി മാത്രമാണ്. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്നും റിട്ട ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

ആളൂർ പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിന്റെ 2026- 27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുഭാഷിണി രാജീവ് പദ്ധതിരേഖ പ്രകാശനം ചെയ്തു.

ഫാം സ്‌റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയും സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം 22ന്

ഇരിങ്ങാലക്കുട : മെട്രോ ഹോസ്പിറ്റല്‍ ഇരിങ്ങാലക്കുട, ലയണ്‍സ് ക്ലബ്ബ് കൊമ്പൊടിഞ്ഞാമാക്കല്‍, സേവാഭാരതി വേളൂക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുകുന്ദപുരം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള ഫാം സ്‌റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയും സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം 22ന് രാവിലെ 9.30ന് കമ്പനിയുടെ വെളയനാടുള്ള രജിസ്ട്രേഡ് ഓഫീസില്‍ സംഘടിപ്പിക്കും.

ഫാം സ്റ്റോറിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത ഹരിദാസ് നിര്‍വഹിക്കും.

എം.എഫ്.പി.സി. ചെയര്‍മാന്‍ ഒ.എന്‍. ജയന്‍ അധ്യക്ഷത വഹിക്കും.

ഭാരത് അഗ്രോ പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയര്‍മാന്‍ അജിത് കര്‍ത്ത മുഖ്യപ്രഭാഷണം നടത്തും.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തംഗം മഞ്ജു അനിലന്‍ പച്ചക്കറികളുടെ ആദ്യ വില്‍പ്പനയും വേളൂക്കര പഞ്ചായത്തംഗം രേണുക സജി വളം ആദ്യ വില്‍പ്പനയും നടത്തും.

മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി നിര്‍വഹിക്കും.

രാവിലെ 11 മണി മുതല്‍ നേത്ര- പ്രമേഹ- വൃക്ക രോഗ നിര്‍ണയ ക്യാമ്പ് നടക്കും.

രോഗി ബന്ധു സംഗമം നടത്തി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തും സി.എച്ച്.സി.യും ചേർന്ന് നടത്തിയ രോഗി ബന്ധു സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മെമ്പർ കെ.യു. വിജയൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം മണി സജയൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം എ.എം. ജോൺസൺ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിഖിത അനൂപ്, സുനിൽകുമാർ ഷൈജു, അജീഷ് കുഞ്ഞൻ, ബിന്ദു ടീച്ചർ, സുരേഷ് ബാബു, ടി.കെ. ശശി, അഞ്ജലി ഷാബു, ജ്യോതി സരിൻ, ഷാരി വീനസ്, ഷീജ മോഹനൻ, തോമസ് തൊകലത്ത് തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുനിത മുരളി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ജോൺ ബോസ്കൊ നന്ദിയും പറഞ്ഞു.

മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്നു സുകുമാരൻ മാസ്റ്റർ : കെ.ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട : എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പൊതു സ്വീകാര്യനായ കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു പി.എസ്. സുകുമാരൻ മാസ്റ്ററുടേതെന്നും കാർഷിക മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾക്ക് അദ്ദേഹം മാർഗദർശിയായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അഭിപ്രായപ്പെട്ടു.

പി.എസ്. സുകുമാരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ മണ്ഡലം കമ്മിറ്റി അംഗം വി.ആർ. രമേഷ് അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം അനിത രാധാകൃഷ്ണൻ, സിപിഐ മുതിർന്ന നേതാവ് കെ.വി. രാമകൃഷ്ണൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.

സിപിഐ ലോക്കൽ സെക്രട്ടറി ഇൻ ചാർജ് മുരളി മണക്കാട്ടുംപടി സ്വാഗതവും കിസാൻസഭ പഞ്ചായത്ത് സെക്രട്ടറി കെ.വി. ഹജീഷ് നന്ദിയും പറഞ്ഞു.

മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുധ ദിലീപ്, ടി.വി. വിബിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബഡ്സ് 2026 : ക്രൈസ്റ്റ് കോളെജിൽ ത്രിദിന അന്താരാഷ്ട്ര ബോട്ടണി സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബൊട്ടാണിക്കൽ അപ്ഡേറ്റ്സ് ആൻഡ് ഡിസ്കവറീസ് (ബഡ്സ് 2026) എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ സസ്യശാസ്ത്രജ്ഞരും ഗവേഷണ വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.

കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം സീനിയർ പ്രൊഫ. ഡോ. സന്തോഷ് നമ്പി സെമിനാർ ഉദ്ഘാടനം ചെയ്തു.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, പ്രൊഫ. ഇ.ജെ. വിൻസെൻ്റ്, പ്രൊഫ. ജേക്കബ് എബ്രഹാം പുളിക്കൽ, ഡോ. ആർ. സൗമ്യ, എം.എസ്. സ്വീറ്റി, സംഘാടക സമിതി സെക്രട്ടറി ഡോ. വിഷ്ണു മോഹൻ എന്നിവർ പ്രസംഗിച്ചു.

ഡോ. എൻ.എസ്. പ്രദീപ് (കോഴിക്കോട്), ഡോ. ശിവകുമാർ പട്ടത്തിൽ (യു.എസ്.എ.), ഡോ. അജിത് അശോകൻ (ഇറ്റലി), ഡോ. ടോം ജോർജ്ജ് (ബെംഗളൂരു), ഡോ. മാത്യു ഡാൻ (തിരുവനന്തപുരം), ഡോ. ഡെന്നിസ് തോമസ് (കാസർഗോഡ്), ഡോ. രമേഷ് കുമാർ (തിരുവനന്തപുരം), ഡോ. ജനീഷ (കോഴിക്കോട്) എന്നിവർ പ്രബന്ധ അവതരണങ്ങൾക്ക് നേതൃത്വം നൽകി.

സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സംഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം പ്രകാശനം ചെയ്തു.

അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ എന്നീ വിഭാഗങ്ങളിലായി ആകെ 37 പ്രബന്ധാവതരണങ്ങൾ നടന്നു.

അധ്യാപന ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ഡോ. സന്തോഷ് നമ്പിയെ, സസ്യശാസ്ത്ര മേഖലയിലേക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കായി പൊന്നാട അണിയിച്ച് ആദരിച്ചു.

വിവിധ തീമുകളിലായി നടന്ന പ്രബന്ധാവതരണങ്ങളിൽ ഡോ. സ്‌മൃതി വിജയൻ, എം.എസ്. അനീഷ്, സന ബാബുരാജ്, കീർത്തി രാജഗോപാൽ, സി. അമൃത, സി.എം. ജിഷ്ണു എന്നിവർ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാർഡിന് അർഹരായി.