സ്വാതന്ത്ര്യദിനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി പുല്ലൂർ എസ്.എൻ.എസ്. സമാജം

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ പുല്ലൂർ എസ്.എൻ.എസ്.
സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പുസ്തക വിതരണവും നടത്തി.

വൈസ് പ്രസിഡന്റ് അഡ്വ. നളൻ തുമ്പരത്തി അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥികളായി വാർഡ് മെമ്പർ സേവ്യർ ആളൂക്കാരൻ, അഡ്വ. ലിജി മനോജ് എന്നിവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി./ ഐ.സി.എസ്.ഇ., പ്ലസ്ടു & ഡിപ്ലോമ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു.

സീനിയർ വുമൺ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശ്രീനന്ദനയേയും പ്രത്യേകം അനുമോദിച്ചു.

സമാജം സെക്രട്ടറി രജിത് ചെട്ടിയാംപറമ്പിൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സീമന്തിനി സഹദേവൻ നന്ദിയും പറഞ്ഞു.

കോണത്തുകുന്ന് വട്ടേക്കാട്ടുകര കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തനക്ഷമമാക്കണം : നാട്ടുകൂട്ടം

ഇരിങ്ങാലക്കുട : വട്ടേക്കാട്ടുകരയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് വട്ടേക്കാട്ടുകര നാട്ടുകൂട്ടം വാർഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പി.പി. വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി എം. സനൽകുമാർ ഉദ്ഘാടനം ചെയ്തു.

1998ൽ തൈവളപ്പിൽ അബ്ദുൽ ഖാദർ ഭാര്യ നഫീസ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ 2000 – 2001 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത്.

കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഇവിടെ ദൈനംദിന പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

പിന്നോക്ക – ദുർബല ജനവിഭാഗങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്തെ അടഞ്ഞു കിടക്കുന്ന ഈ ആരോഗ്യ കേന്ദ്രം എത്രയും വേഗം പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ.ആർ. ചന്ദ്രൻ, സി.എൻ. സന്തോഷ്, വി.പി. ഗോപാലകൃഷ്ണൻ, പി.എൻ. രാമചന്ദ്രൻ, പി.ബി. ജയചന്ദ്രൻ, ടി.എ. അസീസ്, അഡ്വ. കെ.സി. രാംദാസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എം. സനൽകുമാർ (രക്ഷാധികാരി), പി.പി. വിജയൻ (പ്രസിഡൻ്റ്), കെ.ടി. ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡൻ്റ്), സി.എൻ. സന്തോഷ് (സെക്രട്ടറി), അഡ്വ. കെ.സി. രാംദാസ് (ജോയിൻ്റ് സെക്രട്ടറി), കെ.ആർ. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അവിട്ടത്തൂർ ഫുട്ബോൾ ടീമിന് വിജയാശംസകൾ നേർന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ക്യാമ്പ് ഓഫീസിൽ എത്തിയ സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

സ്കൂൾ ടീം കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൻ പങ്കെടുക്കുവാൻ വേണ്ടി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.

മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പൊലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡിവൈഎസ്പി തോമസ് കാട്ടുകാരൻ ആണ് പരിശീലകൻ.

തോമസ് കാട്ടുകാരനും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗമായ എ.സി സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാന്തിസദനത്തിൽ വച്ച് വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ പി.ടി. ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.

ജെ.എച്ച്.ഐ. ദിനേശൻ സ്വാഗതവും സിസ്റ്റർ നെസ്സി നന്ദിയും പറഞ്ഞു.

ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങൾ, ഫിസിഷ്യൻ, ഡെന്റൽ, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളും ലാബ് ടെസ്റ്റ്, കണ്ണ് പരിശോധന, മറ്റ് വിവിധ സ്ക്രീനിങ് ടെസ്റ്റുകൾ തുടങ്ങിയവയും ലഭ്യമായിരുന്നു.

“പറുദീസ”യുടെ ഓഫീസ് ഉദ്ഘാടനം നാളെ

ഇരിങ്ങാലക്കുട : ചാലക്കുടി പരിയാരത്ത് ആരംഭിക്കുന്ന “പറുദീസ ലിവിങ്” എന്ന ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം പ്രൊജക്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനവും ലോഗോ, വെബ്സൈറ്റ്, ബുക്ക്ലെറ്റ് ലോഞ്ചും നാളെ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 11 മണിക്ക് നടക്കും.

ഓഫീസ് ഉദ്ഘാടനം ചാലക്കുടി എം എൽ എ ടി.കെ. സനീഷ് കുമാർ നിർവഹിക്കും.

ലോഗോ പ്രകാശനം പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വെബ്സൈറ്റ് പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, മാസ്റ്റർ പ്ലാൻ ലോഞ്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ജെനിഷ് പി. ജോസ്, ബുക്ക്ലെറ്റ് പ്രകാശനം ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, ലീഫ്‌ലെറ്റ് പ്രകാശനം വാർഡ് മെമ്പർ എം.സി. വിഷ്ണു എന്നിവരും നിർവഹിക്കും.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെസിനിമാ പ്രദർശനങ്ങൾക്ക് ഇനി പുതിയ മുഖം

ഇരിങ്ങാലക്കുട : ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച്ച തോറുമുള്ള പ്രദർശനങ്ങൾക്ക്
ഇനി പുതിയ മുഖം. 2017 ജൂലൈ 18ന് ഓർമ്മ ഹാളിലാണ് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങളുമായി ഫിലിം സൊസൈറ്റി
പ്രസ്ഥാനം ഇരിങ്ങാലക്കുടയിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

ഓർമ്മ ഹാളിൽ 292 സിനിമാ പ്രദർശനങ്ങളും ചലച്ചിത്ര അക്കാദമി, തൃശൂർ ചലച്ചിത്ര കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ആറ് അന്തർദേശീയ ചലച്ചിത്രമേളകളും ഇതിനകം പൂർത്തിയാക്കി.

ആധുനിക സാങ്കേതിക മികവോടെ ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനു വടക്കുഭാഗം തൃശൂർ റോഡിൽ “മൈ ജി” ഷോറൂമിന് എതിർ വശത്തള്ള റോട്ടറി ക്ലബ്ബിൻ്റെ എയർ കണ്ടീഷൻഡ് മിനി ഹാളിലാണ് ആഗസ്റ്റ് 15 മുതൽ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ ഒരുക്കുന്നത്.

ഈ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവീകരിച്ച സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.

തുടർന്ന് 6 മണിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ചിത്രമായ “ദി സബ്സ്റ്റൻസ്” പ്രദർശിപ്പിക്കും. പ്രായമായതിൻ്റെ പേരിൽ ഗ്ലാമർ ലോകത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന അമ്പതുകാരിയായ എലിസബത്ത് സ്പാർക്കിൾ പ്രത്യേക ചികിൽസയിലൂടെ സ്യൂ എന്ന പേരിൽ യുവത്വം നിറഞ്ഞ തൻ്റെ തന്നെ പുതിയ പതിപ്പിനെ സൃഷ്ടിക്കുന്നു. സങ്കീർണ്ണമായ അവസ്ഥകളിലേക്കാണ് എലിസബത്ത് ഇതോടെ എത്തിച്ചേരുന്നത്….

പ്രദർശന സമയം 141 മിനിറ്റ്….

അവയവദാനത്തിന്റെ മഹത്വം വിദ്യാർഥികളിലേക്കെത്തിച്ച് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : അവയവദാനത്തിന്റെ മഹത്വം വിദ്യാർഥികളിലേക്കെത്തിച്ച് കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അവയവദിനാചരണം സംഘടിപ്പിച്ചു.

സാമൂഹ്യപ്രവർത്തകയും വൃക്കദാതാവുമായ ഡോ. സിസ്റ്റർ റോസ് ആന്റോ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരീര സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.

ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നതിന്റെയും ജയപരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും സിസ്റ്റർ വിദ്യാർഥികളുമായി സംവദിച്ചു.

ഒന്നാം വർഷ വൊളന്റിയർ ശിവനന്ദു ചടങ്ങിൽ നന്ദി പറഞ്ഞു.

പരിപാടിക്ക് പ്രിൻസിപ്പൽ ജെ.എസ്. വീണ, എൻ.എസ്.എസ്. കോർഡിനേറ്റർ സി.പി. മായാദേവി എന്നിവർ നേതൃത്വം നൽകി.

വർണ്ണക്കുട സ്പെഷ്യൽ എഡിഷൻ : “മധുരം ജീവിതം” ഓണംകളി മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ “മധുരം ജീവിത”ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണംകളി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വർണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഇത്തവണ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികൾ നടത്തുന്നത്.

ഇതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളോടൊപ്പം സെപ്റ്റംബർ 3ന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്താണ് ഓണംകളി മത്സരം അരങ്ങേറുക.

15 പേരിൽ കുറയാത്ത അംഗങ്ങളുള്ള ടീമുകൾക്ക് മത്സരത്തിന് അപേക്ഷിക്കാം.

വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഓണംകളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ madhuramjeevitham@gmail.com എന്ന ഇമെയിൽ വിലാസത്തിലക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും ഇമെയിൽ ചെയ്യുകയോ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാന്റിന് സമീപമുള്ള മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷകൾ നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9446572468 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മുരിയാട് പഞ്ചായത്ത് പ്രദേശത്ത് ഇരുപതോളം മരുന്ന് ചാക്കുകൾ തള്ളിയ നിലയിൽ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കല്ലങ്കുന്ന്, തുറവൻകാട് പ്രദേശങ്ങളിൽ അപകടകരമായ രീതിയിൽ കാലഹരണപ്പെട്ട മരുന്നുകളുടെ ചാക്കുകൾ തള്ളിയ നിലയിൽ.

പരിശോധനയിൽ പുറന്തള്ളിയ മാലിന്യത്തിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിച്ചു.

വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള കാലഹരണപ്പെട്ട മരുന്നുകളുടെ ഇരുപതോളം ചാക്കുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും അസിസ്റ്റൻ്റ് ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ, പഞ്ചായത്ത് അംഗം റോസ്മി ജയേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം

ഇരിങ്ങാലക്കുട : രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം ഒരുങ്ങി.

സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെ.പി.എൽ. ഓയിൽ മിൽസ് മാനേജിംഗ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

സൗണ്ട് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അനീഷിനെ മൊമെന്റോ നൽകി ആദരിച്ചു.

കെ.പി.എൽ. ഓയിൽ മിൽസിന്റേ സി.എസ്.ആർ. ഫണ്ടും പി.ടി.എ.യുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം പൂർത്തികരിച്ചത്.