ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആർദ്രം മിഷൻ 2ൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഹെൽത്തി കേരള ക്യാമ്പയിനിൽ ആയുഷ് വകുപ്പിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഹെൽത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ആയുഷ് സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെ പറ്റിയുള്ള ബോധവൽക്കരണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തൽ, ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ ഭക്ഷ്യമേള, ജീവിതശൈലീരോഗ പരിശോധന തുടങ്ങിയവ സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു.

വേളൂക്കര ഗവ. ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സീമ ആൻ്റണി, കുഴിക്കാട്ടുശ്ശേരി ഗവ. ആയുർവേദ ഹോസ്പിറ്റൽ പ്രൊജക്ട് മെഡിക്കൽ ഓഫീസർ ഡോ. സിജ എന്നിവർ വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, ഷക്കീല ടീച്ചർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. പോൾ എന്നിവർ ആശംസകൾ നേർന്നു.

പൂമംഗലം ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വി.പി. ജിഷ്ണു സ്വാഗതവും ആളൂർ പഞ്ചായത്ത് ആയുഷ് എൻ.എച്ച്.എം. പി.എച്ച്.സി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. സോന നന്ദിയും പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിനിർഭരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിച്ചു.

രാവിലെ കലശപൂജകൾ, തുടർന്ന് ബ്രഹ്മകലശം, ഉച്ചപൂജയ്ക്ക് കളഭം എന്നിവ നടന്നു.

രാവിലെ പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി.

തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന അനിപ്രകാശ് നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ ഇഫ്താർ സംഗമം നടത്തി

ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട ജുമാഅത്ത് ഇമാം കബീർ മൗലവി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.എ. പോൾ, വി.സി. വർഗ്ഗീസ്, റോണി പോൾ മാവേലി, മിനി ജോസ് ചാക്കോള, പ്രവീൺസ് ഞാറ്റുവെട്ടി, വാർഡ് കൗൺസിലർ മാഗി വിൻസെന്റ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, നഴ്സിംഗ് സൂപ്രണ്ട് കെ. സതീരത്നം, ലെ സെക്രട്ടറി വി.പി. പ്രഭ, പി.ആർ.ഒ. ഡെൻസി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.

മാറിയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാർഥികളുടെ കഴിവുകൾ : ഡോ. എ. ബിജുകുമാർ

ഇരിങ്ങാലക്കുട : മാറിയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാർഥികളുടെ കഴിവുകളാണെന്നും ശാസ്ത്രരംഗത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളിലും സ്ത്രീ സാന്നിദ്ധ്യവും മികവും ഭംഗിയായി അടയാളപ്പെടുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ കാര്യങ്ങൾ ചെയ്യാനറിയുന്ന യുവജനങ്ങൾ ഭാവിയുടെ വലിയ പ്രതീക്ഷയാണെന്നും കുഫോസ് വിസി ഡോ. എ. ബിജുകുമാർ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ സംഘടിപ്പിച്ച 62-ാമത് കോളെജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കാരങ്ങൾ ഉൾക്കൊള്ളാൻ നാം പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളെജ് മാനേജർ ഡോ. സിസ്റ്റർ ട്രീസ ജോസ് അധ്യക്ഷത വഹിച്ചു.

പി.ടി.എ. വൈസ് പ്രസിഡന്റ്‌ ഡോ. പി.എൻ. ഗോപകുമാർ, വാർഡ് കൗൺസിലർ പി.വി. ശിവകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാർഥിനികളെയും ചടങ്ങിൽ ആദരിച്ചു.

യൂണിയൻ ചെയർപേഴ്സൺ അഫ്‌ല സിമിൻ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ് നന്ദിയും പറഞ്ഞു.

അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1 തിയ്യതികളിൽ

ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ സഭ 56-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

28ന് രാവിലെ 10 മണിക്ക് ചാലക്കുടി വി.ആർ. പുരം ചാത്തൻ മാസ്റ്റർ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

2.30ന് “പട്ടികജാതിക്കാരും ആനുകൂല്യങ്ങളും” എന്ന വിഷയത്തിൽ ചാലക്കുടി എസ്‌സി ഡെവലപ്മെൻ്റ് ഓഫീസർ പി.യു. ചൈത്ര ക്ലാസ് നയിക്കും.

മാർച്ച് 1ന് ഉച്ചയ്ക്ക് 2 മണിക്ക് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സെൻ്ററിൽ നിന്നും തുടങ്ങുന്ന സാംസ്കാരിക ഘോഷയാത്ര 4 മണിക്ക് ചാത്തൻ മാസ്റ്റർ ഹാളിൽ എത്തിച്ചേരും.

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡൻ്റ് എ.കെ. ഷിബു, ചെയർമാൻ ഐ.കെ. ചന്ദ്രൻ, ട്രഷറർ പി.സി. ആനന്ദൻ, ട്രസ്റ്റ് പ്രസിഡൻ്റ് കെ.വി. ബാബുരാജ്, ട്രസ്റ്റ് സെക്രട്ടറി വി.വി. വേലായുധൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മന്ത്രി വീണ ജോർജ്ജിന് കത്രികക്കപ്പൽ അവാർഡ് സമ്മാനിച്ച് സംസ്കാരസാഹിതി

ഇരിങ്ങാലക്കുട : ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കും പിടിപ്പുകേടിനും എതിരെ സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയതിൽ പ്രതിഷേധിച്ച് സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.

ആൽത്തറക്കൽ നടന്ന പരിപാടിയിൽ ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സദസ്സ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനശേഷം മന്ത്രി വീണയുടെ പിടിപ്പു കെട്ട ഭരണത്തിന് പ്രതീകാത്മകമായി കത്രികക്കപ്പൽ പുരസ്കാരം സമ്മാനിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൽ ഹഖ്, കൗൺസിലർമാരായ കുര്യൻ ജോസഫ്, സുരഭി വിനോദ്, മുൻ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, അഡ്വ. ജോൺ നിതിൻ തോമസ്, ഭരതൻ പൊന്തേങ്കണ്ടത്ത്, കെ.ജി. ഉണ്ണികൃഷ്ണൻ, ജോസഫ് പള്ളിപ്പാട്ട്, എ.സി. സുരേഷ്, കെ.കെ. വിശ്വനാഥൻ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത്, എബിൻ ജോൺ, സന്തോഷ് ആലുക്കൽ എന്നിവർ പ്രസംഗിച്ചു.

മഴ പെയ്താൽ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിലെ ചെളി ഒലിച്ചിറങ്ങുന്നത് സമീപത്തുള്ള വീടുകളിലേക്ക്

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച പുലർച്ചെ പെയ്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന തള്ളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ട മണ്ണ് സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് ഒലിച്ചിറങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.

സ്റ്റേഡിയത്തിന് പിറകിൽ താമസിക്കുന്ന പുളിയത്ത് പറമ്പിൽ ഇന്ദിര, പാറമേൽ ഫ്രാൻസിസ് എന്നിവരുടെ വീടിന് മുന്നിലേക്കാണ് മണ്ണ് കുത്തിയൊലിച്ച് എത്തിയത്.

2023 മാർച്ച് 25ന് മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നടത്തിയ സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ ഇതുവരെയും പൂർത്തീകരിക്കാനായിട്ടില്ല. 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്. ഇതിൽ 40 ലക്ഷം രൂപയുടെ പണികൾ പൂർത്തിയായിട്ടുണ്ട്.

മണ്ണിട്ട് നിരത്തിയ ഗ്രൗണ്ടിൽ റോൾ ചെയ്ത് ഫെൻസിംഗ് ചെയ്യുന്ന ജോലികൾ ഇനി ബാക്കിയുണ്ട്. ഈ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാത്തതിനാലാണ് സമീപവാസികൾക്ക് ദുരിതമായിരിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

മണ്ണിട്ട് നിരത്തിയ ഭാഗത്ത് 5 മീറ്റർ ഉയരത്തിൽ മാത്രമാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം പുല്ല് പിടിപ്പിക്കാനായിരുന്നു പദ്ധതി. മഴപെയ്താൽ വെള്ളം താഴേക്ക് ഒഴുകാതിരിക്കാൻ ഗ്രൗണ്ടിന് ചുറ്റും ബണ്ട് സ്ഥാപിച്ചിരുന്നെങ്കിലും ഇത് ഇടിഞ്ഞു പോയ ഭാഗത്ത് കൂടെയും കരിങ്കൽ ഭിത്തികൾക്കിടയിലൂടെയുമാകാം വെള്ളം താഴേക്ക് ഒഴുകിയതെന്നാണ് കരുതുന്നത്.

ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം നവീകരണത്തിനായി സ്പോർട്സ് ഫൗണ്ടേഷന് കൈമാറിയതിനാൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന സ്ഥിതിയാണ്. നിലവിൽ സ്റ്റേഡിയത്തിൽ മറ്റു പ്രവർത്തികൾ ഒന്നും നടക്കുന്നില്ലെന്ന ആക്ഷേപവും രൂക്ഷമാണ്.

ഒക്ടോബറിൽ നിർമാണം ആരംഭിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകിയിരുന്നെങ്കിലും നിർമ്മാണ പ്രവർത്തികൾ എവിടെയും എത്തിയില്ല.

സമീപവാസികളുടെ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് കായിക പ്രേമികൾക്ക് കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കാറളം പഞ്ചായത്തിൽ കുംഭ വിത്ത് മേള

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കുംഭ വിത്ത് മേള കാറളം കൃഷിഭവനിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ പ്രീത, പ്രിയ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

മെമ്പർമാരായ വിജിൽ, പ്രദീപ്‌, അഞ്ജു എന്നിവർ പങ്കെടുത്തു.

കൃഷി ഓഫീസർ അനഘ വി. ഗോപാൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് അക്ഷയ് കുമാർ നന്ദിയും പറഞ്ഞു.

കുംഭവിത്ത് മേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട കാർഷിക സേവന കേന്ദ്രം ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനമാണ് നടത്തുന്നത്.

കാർഷിക സർവ്വകലാശാല ഉൽപ്പാദിപ്പിക്കുന്ന ജൈവ കീട/കുമിൾനാശിനികൾ (സ്യൂഡോമോണാസ്, ബുവേറിയ, വെറുടിസിലിയം, മൈകോറിസ), കിഴങ്ങ് വിത്തുകൾ, പച്ചക്കറിത്തൈകൾ, പച്ചക്കറി വിത്തുകൾ, ഫലവൃക്ഷ തൈകൾ, വളക്കൂട്ടുകൾ, ജൈവകൃഷി ഉൽപന്നങ്ങൾ, കീടരോഗ നിയന്ത്രണ ഉൽപന്നങ്ങൾ എന്നിവയും മേളയിൽ വിലപ്പനയ്ക്കുണ്ട്.

ഏഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള : അഖില കേരള ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി “നവഭാവുകത്വം മലയാളസിനിമയിൽ ” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കോളെജ് വിദ്യാർഥികൾക്കായി നടത്തിയ അഖില കേരള ലേഖനമത്സരത്തിൽ തിരുവനന്തപുരം ക്രിസ്ത്യൻ കോളെജിലെ അദ്വൈത് എം. പ്രശാന്ത് ഒന്നാം സമ്മാനത്തിന് അർഹനായി.

കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല വിദ്യാർഥിനി എസ്. അർച്ചന, കണ്ണൂർ സർവകലാശാല ഗവേഷക വിദ്യാർഥിനി അഞ്ജലി രാജ് എന്നിവർ രണ്ടാം സ്ഥാനവും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥിനി ഉമ്മുഹബീബ, കാലിക്കറ്റ് സർവകലാശാല മലയാളപഠന വിഭാഗം ഗവേഷക വിദ്യാർഥി കെ.ടി. പ്രവീൺ എന്നിവർ മൂന്നാം സ്ഥാനവും
പങ്കിട്ടു.

ചാലക്കുടി പനമ്പിള്ളി കോളെജ് വിദ്യാർഥി ടി. അക്ഷയ്കുമാർ, തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാലയിൽ നിന്നുള്ള മെൽവിയ ആൻ ബിജു, തിരൂർ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിൽ നിന്നുള്ള ശഫീഖ് കാരക്കാട് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും അടങ്ങുന്നതാണ് പുരസ്കാരം.

അധ്യാപക അവാർഡ് ജേതാവ് പി.കെ. ഭരതൻ മാസ്റ്റർ, എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത്, തൃശൂർ ഡയറ്റ് ലക്ചറർ എം.ആർ. സനോജ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. ഫെബ്രുവരി 28ന് നടക്കുന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫിലിം സൊസൈറ്റി അധികൃതർ അറിയിച്ചു.

ആരോഗ്യ മന്ത്രിയുടെ നാണം കെട്ട അഭിനയത്തിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ്

ഇരിങ്ങാലക്കുട : കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തു പോലും ചെല്ലാതിരുന്നിട്ടും അവരുടെ ആക്രമണത്തിൽ പരിക്ക് പറ്റി എന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ അഭിനയത്തിനെതിരെയും, മേഖലയിലെ കോൺഗ്രസ്സിന്റെ ബോർഡുകളും കൊടി തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനെതിരെയും പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയിലും, എല്ലാ കേസുകളിലും കോടതി പരമാർശം മൂലം വികസന ജാഥ പൊളിഞ്ഞതിലും നാണം കെട്ട സർക്കാർ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് ആരോഗ്യമന്ത്രിക്ക് പരിക്കു പറ്റിയെന്ന നാടകം കളിക്കുന്നതെന്നും,
കെഎസ്‌യു പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസിനെ കൊണ്ട് ഗുണ്ടാ പണി ചെയ്യിക്കുന്ന സർക്കാർ സാമൂഹിക അന്തരീക്ഷം തകർക്കുകയാണെന്നും യോഗം ആരോപിച്ചു.

മണ്ഡലത്തിലെ കൊടി തോരണങ്ങൾ നശിപ്പിച്ചതിനെതിരെ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിളളി, സതീഷ് വിമലൻ, ബ്ലോക്ക് ഭാരവാഹികളായ ബൈജു കുറ്റിക്കാടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, ജോബി തെക്കുടൻ, ജെയിംസ്, റോയ് പൊറത്തൂക്കാരൻ, എം.ആർ. ഷാജു, പി.എൻ. സുരേഷ്, പി.എ. ഷഹീർ, സുജിത് തുടങ്ങിയവർ പങ്കെടുത്തു.