ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ കൊതുകുകൾ പെരുകുന്നതായി പരാതി.
എന്നാൽ അതിനനുസരിച്ച് കൊതുകു നിവാരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ യഥാവിധി നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. അതിനാൽ തന്നെ പെരുകാനിരിക്കുന്ന രോഗങ്ങളെ
കുറിച്ചോർത്തുള്ള ഭീതിയിലാണ് നാട്ടുകാർ.
ഫോഗിംഗ് ഉൾപ്പെടെയുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങൾ മുമ്പ് കൃത്യമായി ഇടവേളകളിൽ നടക്കാറുണ്ടെങ്കിലും നിലവിൽ ഇത്തരം പ്രവർത്തികൾ കാര്യക്ഷമമായി നടക്കുന്നില്ല. ഡെങ്കു ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഭാഗങ്ങളിലാണ് ഇപ്പോൾ ഫോഗിംഗും മറ്റും കൃത്യമായി നടത്തുന്നതെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് വ്യക്തമാക്കി.
വീടുകൾ തോറും ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുന്നതോടൊപ്പം ബ്ലീച്ചിങ് പൗഡറും വിതരണം ചെയ്യുന്നുണ്ട് എന്നതാണ് കൊതുകു നിവാരണവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ഏക പ്രവർത്തി. ആവശ്യമായ ജോലിക്കാരുടെ കുറവും നിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗവുമായി ചർച്ച ചെയ്ത് പ്രശ്നത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി.