നീറ്റ് പരീക്ഷ : ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ് ; പരീക്ഷയ്ക്ക് എത്തുന്നവർക്ക് അടിയന്തിര സഹായത്തിനായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കാവുന്നതാണ്

ഇരിങ്ങാലക്കുട : രാജ്യത്തെ മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കും കാർഷിക സർവ്വകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനായി ജൂൺ 21ന് നടക്കുന്ന ‘നീറ്റ്’ പരീക്ഷയോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ജില്ലയിലുടനീളം സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി മുഹമ്മദ്ദ് നദിമുദ്ദീൻ അറിയിച്ചു.

തൃശൂർ റൂറൽ പരിധിയിൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്., നടവരമ്പ് ജി.എം.എച്ച്.എസ്.എസ്., ഇരിങ്ങാലക്കുട എസ്.എൻ.എച്ച്.എസ്.എസ്., കണ്ടശ്ശാംകടവ് പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്, ചേർപ്പ് ജി.വി.എച്ച്.എസ്.എസ്., ചാലക്കുടി പി.എം. ഗവ. കോളെജ്, നന്തിക്കര ജി.വി.എച്ച്.എസ്.എസ്., എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്., കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. ജി.എച്ച്.എസ്.എസ്. എന്നിങ്ങനെ ആകെ 9 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിൽ വലിയ തോതിൽ വിദ്യാർഥികളും അവരോടൊപ്പം രക്ഷിതാക്കളും എത്താൻ സാധ്യതയുള്ളതിനാൽ, ഉദ്യോഗാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസര പ്രദേശങ്ങളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് റൂറൽ പൊലീസ് തയ്യാറാക്കിയിട്ടുള്ളത്.

പരീക്ഷാ കേന്ദ്രങ്ങളിലും സമീപത്തെ പ്രധാന ജംഗ്ഷനുകളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് കൃത്യമായി വഴിതിരിച്ചുവിടാനും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ക്രമസമാധാന പാലനത്തിനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമായി പതിവ് പട്രോളിംഗിന് പുറമെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക പൊലീസ് പട്രോളിംഗും ഏർപ്പെടുത്തും.

പരീക്ഷാർത്ഥികൾ ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിനായി യാത്ര നേരത്തെയാക്കാൻ ശ്രദ്ധിക്കണമെന്നും, സുഗമമായ പരീക്ഷാ നടത്തിപ്പിനായി പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പരീക്ഷയ്ക്കെത്തുന്നവർക്ക് വഴിയിലോ പരീക്ഷാ കേന്ദ്രങ്ങളിലോ എന്തെങ്കിലും അടിയന്തിര പൊലീസ് സഹായം ആവശ്യമാണെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇആർഎസ്എസ് കൺട്രോൾ റൂമിലേക്ക് ഹെൽപ്പ്‌ലൈൻ നമ്പറായ 112ൽ വിളിച്ച് സഹായം തേടാവുന്നതാണ്.

“തൂഫാൻ ദ നാർക്കോ ഹണ്ട് : നമുക്ക് ലഹരിയുടെ വേരറുക്കാം” ; റീൽസ് മത്സരവുമായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ‘തൂഫാൻ ദ നാർക്കോ ഹണ്ട്: നമുക്ക് ലഹരിയുടെ വേരറുക്കാം’ എന്ന വിഷയത്തിൽ വിപുലമായ റീൽസ് മത്സരം സംഘടിപ്പിക്കും.

ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്താനും, ലഹരി മാഫിയകൾക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ആശയത്തിന് തൃശൂർ റൂറൽ പൊലീസ് രൂപം നൽകിയിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്നതും ഒരു മിനിറ്റിൽ കൂടാത്തതുമായ റീൽസ് വീഡിയോകളാണ് തയ്യാറാക്കേണ്ടത്. ക്രിയാത്മകവും ആകർഷകവുമായ രീതിയിൽ സന്ദേശം കൈമാറുന്ന വീഡിയോകളാണ് അയക്കേണ്ടത്.

പ്രായഭേദമന്യേ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തിയ്യതി ജൂൺ 25 രാവിലെ 10 മണി.

മത്സര വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 26ന് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : അധ്യാപകരെയും ജീവനക്കാരെയും അവഗണിച്ച ജനദ്രോഹ ബഡ്ജറ്റിനെതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ താലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

എൻ.ജി.ഒ. യൂണിയൻ ജില്ല ട്രഷറർ പി. രാജേഷ് ഉദ്ഘാടനം ചെയ്തു.

കെഎസ്ടിഎ ഉപജില്ല സെക്രട്ടറി കെ.ആർ. സത്യപാലൻ അധ്യക്ഷത വഹിച്ചു.

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ താലൂക്ക് സെക്രട്ടറി രേഖ സ്വാഗതവും യൂണിയൻ സെക്രട്ടറി എം.എസ്. ചിക്കു നന്ദിയും പറഞ്ഞു.

പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ വായനാദിനാചരണം നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വായനയുടെ മഹത്വത്തെക്കുറിച്ചും പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
വായനാദിനാചരണത്തിന്റെ ഭാഗമായി അമ്മവായനയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ് നിർവഹിച്ചു.

കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന പതിപ്പ്, ചുമർപത്രിക, പോസ്റ്റർ, മാഗസിൻ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഗാനാലാപനം, വായനാദിന സന്ദേശം, തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.

അധ്യാപകരായ എൻ.പി. രജനി സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.

ശേഷം വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലിയും അരങ്ങേറി.

വായനാദിനാചരണം

ഇരിങ്ങാലക്കുട : കാറളം എ.എൽ.പി. സ്കൂളിൽ വായനാദിനാചരണം നടത്തി.

പഞ്ചായത്തംഗം അഡ്വ. അനീഷ് ശശിധരൻ ഉദ്ഘാടനം ചെയ്തു.

ബിപിസി കെ.ആർ. സത്യപാലൻ മുഖ്യാതിഥിയായി.

പ്രധാന അധ്യാപിക ടി.എൻ. മഞ്ജു സ്വാഗതം പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് കെ.എ. അലീഫ അധ്യക്ഷത വഹിച്ചു.

റസിയ, ഷെരിഫ്, നിഷ എന്നിവർ പ്രസംഗിച്ചു.

വായന പക്ഷാചരണം നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ രാജൻ നെല്ലായി ഉദ്ഘാടനം നിർവഹിച്ചു.

കഥയും കവിതയും പാട്ടും പറച്ചിലുമായി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീഷ്മ സലീഷ് അധ്യക്ഷത വഹിച്ചു.

അധ്യാപകരായ എം.കെ. സീന, സി.വി. സ്വപ്ന, പി.ഡി. മിനി എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് വായനാദിന പ്രതിജ്ഞ, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

ഹെഡ്മിസ്ട്രസ്സ് എം.വി. ഉഷ സ്വാഗതവും അധ്യാപിക ഇ.എസ്. ഷീബ നന്ദിയും പറഞ്ഞു.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വായന മാസാചരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സംഗമേശ്വര ആയുർവേദ ഗ്രാമം ഡയറക്ടറും വൈജ്ഞാനിക സാഹിത്യകാരനുമായ ഡോ. കേസരി മേനോൻ നിർവഹിച്ചു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് അംഗം പി.എസ്. അജീഷ് മുഖ്യാതിഥിയായി.

ഹെഡ്മിസ്ട്രസ്സ് ടി. അനിൽകുമാർ സ്വാഗതം ആശംസിച്ചു.

മാനേജ്മെന്റ് പ്രതിനിധി എൻ. വാസുദേവൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ധന്യ ബിജു, സ്റ്റാഫ് പ്രതിനിധി ബി. ബിജു, ലൈബ്രറി ഇൻ ചാർജ് ബിന്ദു ജി. കുട്ടി, അധ്യാപകരായ സി.സി. പ്രിയ, എം.എസ്. സൗമ്യ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഡോ. കേസരി മേനോൻ നയിച്ച “വരമൊഴിയുടെ ദൃശ്യചാതുര്യം” ശില്പശാല അരങ്ങേറി.

വായനാദിനത്തിൽബസ്സ് കാത്തിരിപ്പുകേന്ദ്രം വായനശാലയായി

പരിയാരം : വായനാദിനത്തിൽ ബസ്സ് കാത്തിരിപ്പുകേന്ദ്രം വായനശാലയാക്കിയ വാർഡ് മെമ്പറുടെ ആശയം വേറിട്ടതും ശ്രദ്ധേയവുമായി.

പരിയാരം പഞ്ചായത്തിൽ 14-ാം വാർഡിൽ വേളൂക്കര സായിവിൻ്റെ സ്റ്റോപ്പിൽ പുതുതായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് വായനശാല കൂടിയായി മാറിയത്.

പറുദീസ റിട്ടയർമെൻ്റ് ലിവിങ് ഹോംസ് എന്ന സ്ഥാപനമാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച് അതിരപ്പിള്ളി അന്തർ സംസ്ഥാന പാതയിൽ ആധുനികരീതിയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നൽകിയത്. വാർഡ് മെമ്പർ കൂടിയായ വി.എം. ടെൻസൻ്റെ ആശയത്തിൽ ലോക വായനാദിനത്തെ ബന്ധപ്പെടുത്തി പ്രസ്തുത ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തെ ഒരു വായനശാലയാക്കി ക്രമീകരിക്കുകയായിരുന്നു.

ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പുറകുവശത്ത് പുസ്തകങ്ങൾ വെക്കുവാൻ പുതിയൊരു ഷെൽഫ് പണിത് അതിലേക്ക്
300ഓളം പുസ്തകങ്ങൾ ശേഖരിച്ച്
വായനശാലയാക്കി തീർക്കുകയാണ് ചെയ്തത്.

ബസ് കാത്തുനിൽക്കുന്ന സമയത്തെ വിരസത ഒഴിവാക്കി പുസ്തകങ്ങൾ വായിക്കാമെന്ന് മാത്രമല്ല പുസ്തകങ്ങൾ രജിസ്റ്ററിൽ എഴുതി വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യാം.

വായനാദിനത്തിൽ ഒരുക്കിയ ബസ്സ് സ്റ്റോപ്പ് കം വായനശാല കാണുവാനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്.

വായനാശാലയുടെയും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെയും ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി ജോസഫ് നിർവഹിച്ചു.

മുഖ്യാതിഥിയായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിപ്‌സി ജെയ്റ്റസ് വായനാദിന സന്ദേശം നൽകി.

വാർഡ് മെമ്പർ വി.എം. ടെൻസൻ, പറുദീസ റിട്ടയർ ലിവിങ് ഹോംസ് മാനേജിങ് ഡയറക്ടർ ജീസ് ലാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്‌ണു, ലിജി സെബാസ്റ്റ്യൻ, എം.കെ. അംബിക, ജോസഫ് കറുത്തനാടൻ, എം.എൽ. ജോസഫ്, വി.സി. സ്റ്റാബി, ഷൈനി അശോകൻ, ടി.സി. അനൂപ് എന്നിവർ പ്രസംഗിച്ചു.

വായനയുടെ നിറവിൽ അമ്പിളി ടീച്ചറുടെ അഞ്ചാം പുസ്തകം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ വായനാ വാരാചരണവും പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു.

‘വായനയുടെ വഴികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത കവി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ മലയാള വിഭാഗം അധ്യാപിക അമ്പിളി ടീച്ചറുടെ ‘സീത – വികാരം, വിചാരം, വായന’ എന്ന അഞ്ചാമത്തെ പുസ്തകം കവി പ്രകാശനം ചെയ്തു.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മലയാള വിഭാഗം മേധാവി ഫാ. ടെജി കെ. തോമസ് സ്വാഗതവും, പുസ്തക രചയിതാവ് അമ്പിളി ടീച്ചർ നന്ദിയും പറഞ്ഞു.

വിവിധ വകുപ്പുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർഥികൾക്കായുള്ള പുസ്തകാസ്വാദനക്കുറിപ്പ് മത്സരവും
പ്രശ്നോത്തരിയും വായനാവാരാചരണത്തെ അർത്ഥവത്താക്കി.

ക്ലീൻ പടിയൂർ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി സ്നേഹാരാമം ഒരുക്കി

ഇരിങ്ങാലക്കുട : ക്ലീൻ പടിയൂർ പൊതുയിട ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹാരാമം പദ്ധതി 4-ാം വാർഡിൽ ചേലൂർ പള്ളിയ്ക്ക് സമീപം പൊതുയിടം വൃത്തിയാക്കി ചെണ്ടുമല്ലി ചെടികൾ നട്ട് ചേലൂർ പള്ളി വികാരി തോമസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ സ്വാഗതം പറഞ്ഞു.

എടതിരിഞ്ഞി റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി വിനോദ് കീഴായിൽ ആശംസകൾ നേർന്നു.

പരിചരണ ചുമതല നാലാം വാർഡിലെ ദീപം കുടുംബശ്രീ അംഗങ്ങൾക്കാണ്.