


ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ റിപ്പബ്ലിക് സദസ്സ് നടത്തി.
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.എൻ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
വായനശാല വൈസ് പ്രസിഡൻ്റ് അശോകൻ കളരിക്കൽ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ സിന്ധു ഗിരീഷ് ആശംസകൾ അർപ്പിച്ചു.
“പഹൽ ഗാമിലെ കുതിരലാടങ്ങൾ” എന്ന തന്റെ പുസ്തകം വായനശാലയിലേക്ക് നൽകിക്കൊണ്ട് എഴുത്തുകാരനായ മോഹൻദാസ് സംസാരിച്ചു.
കൂടാതെ എം.ജി. രമാദേവി, പി.കെ രാജീവൻ, പി.കെ. മോഹനൻ, എം.ജി. ശ്രീകുമാർ, ഒ.വി. ബാബു എന്നിവരും വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.
വായനശാലയിൽ വച്ച് നടത്തിയ ക്വിസ് മത്സരങ്ങളിലും പോസ്റ്റർ രചനാ മത്സരങ്ങളിലും സമ്മാനാർഹരായ കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
വായനശാല സെക്രട്ടറി കെ.ആർ. വിനി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഒ.വി. ബാബു നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ ആനന്ദപുരത്ത് അനധികൃതമായി വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിവന്ന കുപ്രസിദ്ധ പ്രതിയെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി.
ആനന്ദപുരം പാലിശ്ശേരി വീട്ടിൽ ലൈജു (49) ആണ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ആനന്ദപുരം മൂർത്തിപറമ്പ് ദേശത്ത് ചേപ്പാടം പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്തുള്ള പടവിൽ വെച്ചാണ് ഇയാളെ മദ്യവുമായി പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
‘ആനന്ദപുരം ലൈജു ബാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രദേശത്തെ പ്രധാന മദ്യവിൽപ്പനക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇയാൾക്കെതിരെ മുൻപും നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.
കുപ്രസിദ്ധനായ ഇയാളുടെ ലഹരി വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളും നാട്ടുകാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.
എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എ. സന്തോഷ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ, എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രദേശത്ത് ലഹരി വിൽപനയ്ക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇരിങ്ങാലക്കുട : വാചികാഭിനയത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന ‘വാഗ്മിത’യുടെ നാലാം പതിപ്പിന് അരങ്ങുണരുന്നു.
മലയാള- സംസ്കൃത സാഹിത്യത്തിലധിഷ്ഠിതമായി നമ്മുടെ തനത് കലാവൈജ്ഞാനിക പാരമ്പര്യത്തിൻ്റെ സംരക്ഷണം ലക്ഷ്യമാക്കിയാണ് “വാഗ്മിത” എന്ന പദ്ധതി ക്ലബ്ബ് ആവിഷ്കരിച്ചു വരുന്നത്.
വിഖ്യാത കവി മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ “സുഭദ്രാഹരണം” ചെമ്പുകൃതിയെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൻ്റെ അവസാനഘട്ടമാണ് ഇത്തവണ അരങ്ങേറുക.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ സരിത കൃഷ്ണകുമാറും അരങ്ങ് പങ്കിടും.
ഫെബ്രുവരി 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായി വൈകീട്ട് 6ന് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിലാണ് ‘വാഗ്മിത’ അരങ്ങേറുന്നത്.

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി. കൂടുതൽ ബസ്സുകൾ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡിൽ ഇതിനകം നഷ്ടപ്പെട്ടത്. പൊറത്തിശ്ശേരി വില്ലേജ് ജീവനക്കാരിയായ വി.എസ്. സ്നേഹയുടെ ജീവൻ ഊരകത്ത് വച്ച് കഴിഞ്ഞ മാസമാണ് നഷ്ടപ്പെട്ടത്. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ
ഓർഡിനറി ബസ്സുകളോടൊപ്പം രാവിലെയും വൈകീട്ടും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ റൂട്ടിൽ പഞ്ചിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും, വാഹനങ്ങളിൽ കർശന പരിശോധനകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട റെയിവേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കുമാരുടെ എണ്ണം കുറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും, സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ ആനുകൂല്യം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുന്നതിന് നടപടിയുണ്ടാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡൻ്റ് ഇ.ജി. റാണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ ആർ. രമേശ് ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി പി.ബി. മനോജ്‌കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ പ്രസിഡൻ്റ് പി. ധനുഷ് സംഘടനാ റിപ്പോർട്ടും, മേഖലാ ട്രഷറര്‍ എം.എ. സജി വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. ഹരീഷ് കുമാർ, ജില്ലാ സെക്രട്ടറി വി.ജെ. മെർളി, സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.കെ. സുഷീർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.ജി. സുബിൻ, സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉണ്ണി, ജി. കണ്ണൻ, യു.എസ്. ശരത്കാന്ത്, പി.സി. സംഗീത, പി.സി. സവിത എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി
ജി. കണ്ണൻ (പ്രസിഡൻ്റ്), യു. എസ്. ശരത്കാന്ത്, പി.സി. സംഗീത (വൈസ് പ്രസിഡൻ്റുമാർ), പി.ബി. മനോജ്‌കുമാർ (സെക്രട്ടറി), പി.സി. സവിത, പി.വി. ആൽവിൻ (ജോയിന്റ് സെക്രട്ടറിമാർ), ഇ.എ. ആശ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മേഖല വനിതാ കമ്മിറ്റി ഭാരവാഹികളായി
ശ്രീജ ശ്രീനിവാസൻ (പ്രസിഡൻ്റ്), വിദ്യ ചന്ദ്രൻ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകൾ മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചു.
15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച താണിശ്ശേരി ഹെൽത്ത് സെന്റർ റോഡ്, 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ചെമ്മണ്ട നഗർ റോഡ്, 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഐ.എച്ച്.ഡി.പി. നഗർ റോഡ്, 16 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച എ.കെ.ജി. – പുഞ്ചപ്പാടം റോഡ്, 17 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മനപ്പടി – വെട്ടിക്കര റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ച റോഡുകൾ.
ഇരിങ്ങാലക്കുട എം.എല്‍.എ. എന്ന നിലയില്‍ കാറളം പഞ്ചായത്തില്‍ സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചതായും റോഡ് വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രദേശവാസികളുടെ യാത്രാ സൗകര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026- 27 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് സഭ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വൃന്ദ അജിത്കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്മാർ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ നിഖിൽ, വിവിധ വകുപ്പ് തല നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബി. പവിത്രൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ കെ.എ. നൈസി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : പടിയൂർ, പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു.
നേരത്തെ നിർമ്മാണം ഏറ്റെടുത്ത കരാറുകാരന്റെ ഭാഗത്തുനിന്നും നിർമ്മാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തേണ്ട നിയമ നടപടികൾ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ അതിവേഗം പൂർത്തീകരിച്ച് വീണ്ടും ടെണ്ടർ നടപടികൾ നടത്തി പുതിയ കരാറുകാരൻ നിർമ്മാണം ഏറ്റെടുത്തു. തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്.
1.62 കോടി രൂപ ചിലവിലാണ് പാലം നിർമ്മിക്കുന്നത്. പാലം പണി പൂർത്തിയാകുന്നതോടെ നാലമ്പല ദർശനത്തിന് പായമ്മൽ ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗ്ഗം സുഗമമാകും.
നേരത്തെ പാലത്തിന്റെ ഫില്ലർ കാപ്പിൽ കണ്ടെത്തിയ അപാകത പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
തുടർന്നുള്ള നിർമ്മാണം ഉടൻ പൂർത്തിയാക്കി പാലം
സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
Rajeev mullappilly
Photo caption:

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എക്സിബിഷൻ, ദീപാലങ്കാരം എന്നീ കമ്മിറ്റികളുടെ രൂപീകരണയോഗം ഫെബ്രുവരി 14ന് ഉച്ചതിരിഞ്ഞ് 3 മണിക്കും ആന, മേളം കമ്മിറ്റിയുടെ രൂപീകരണയോഗം 4 മണിക്കും ദേവസ്വം ഓഫീസിൽ വെച്ച് ചേരുമെന്ന് ചെയർമാൻ അറിയിച്ചു.

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശൻ അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ യദുരാജ്, നീൽസ്, നിയോജക മണ്ഡലം ഭാരവാഹികളായ ആൽബർട്ട്, നിഖിൽ ജെയ്സൺ, മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ഷിന്റോ വാതുക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജോൺ കോക്കാട്ട് സ്വാഗതവും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് നൂഹ് താഴെക്കാടൻ നന്ദിയും പറഞ്ഞു.