കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

സംഗമേശ സന്നിധി പുഷ്പാലംകൃതമാക്കി ഐ സി എൽ ഫിൻകോർപ്പ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നട പുഷ്പങ്ങളാൽ അലങ്കരിച്ച് ഐസിഎൽ ഫിൻകോർപ്പ്.

മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ചെണ്ടുമല്ലി പൂക്കൾ ഭംഗിയിൽ കോർത്ത് പല ഡിസൈനുകളിൽ തൂക്കി അലങ്കരിച്ച സംഗമേശ സന്നിധിയിലെ കിഴക്കേ നട കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ ഒരുങ്ങി നിൽക്കുകയാണ്.

ഇതുവഴിയുള്ള ഗജവീരന്മാരുടെ വരവും ഏറെ മനോഹരമാണ്.

കൂടൽമാണിക്യം തിരുവുത്സവം : ദീപാലങ്കാര മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും, വിവിധ ഓഫീസുകളെയും, ക്ഷേത്രത്തിനു പരിസരത്തുള്ള വീടുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പ്രത്യേക ദീപാലങ്കാര മത്സരത്തിൻ്റെ വിജയികളെ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പ്രഖ്യാപിച്ചു.

ഇരിങ്ങാലക്കുട ഫോട്ടോ വേൾഡിനാണ് ഒന്നാം സമ്മാനം.

കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധി മന്ദിരത്തിന് രണ്ടാം സമ്മാനവും, ഠാണാ ആലേങ്ങാടൻ വെസ്സൽസിന് മൂന്നാം സമ്മാനവും ലഭിച്ചു.

കൂടൽമാണിക്യം ദേവസ്വം നിശ്ചയിച്ച ജഡ്ജിങ് കമ്മിറ്റിയാണ് സമ്മാനാർഹരെ തെരഞ്ഞെടുത്തത്.

ശനിയാഴ്ച്ച ദേവസ്വം ഓഫീസിൽ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ വെച്ച് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്യും.

25,000 രൂപയും എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ്.

കൂടൽമാണിക്യത്തിൽ മാതൃക്കൽ ബലിദർശനം പരമപുണ്യം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന താന്ത്രിക ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ശ്രീഭൂതബലിയുടെ മാതൃക്കൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.

രാവിലെ ശീവേലിക്കും വൈകീട്ട് വിളക്കെഴുന്നള്ളിപ്പിനും സംഗമേശൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കൽ ബലിദർശനം എന്ന ഭക്തിനിർഭരമായ ചടങ്ങ് നടക്കുക.

ദേവൻ ആദ്യമായി ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്തു വിളക്കിനാണ് ആദ്യ മാതൃക്കൽബലി.

തുടർന്നുള്ള എട്ടു ദിവസവും രാവിലെ 7.45നും രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലെയും മാതൃക്കൽബലി നടക്കും.

മാതൃക്കൽ ദർശനത്തിന് മുന്നോടിയായി ശ്രീഭൂതബലി നടത്തും. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴൽ എന്നിവ ചേർന്നുള്ള വാദ്യം ഒരു പ്രത്യേകത തന്നെയാണ്.

വാതിൽമാടത്തിൽ ദേവീസങ്കല്പത്തിൽ ബലിതൂകി പുറത്തേക്ക് എഴുന്നള്ളിക്കും.

ഒട്ടു മിക്ക ക്ഷേത്രങ്ങളിലും നിത്യ ശീവേലിക്ക് തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവ കാലത്തു മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ.

(ഇതോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ ഈ വർഷം എടുത്തതല്ല. മുമ്പ് എടുത്തിട്ടുള്ളതാണ്)

വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൂടൽമാണിക്യത്തിലെ ആനയെഴുന്നള്ളിപ്പ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.

ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.

മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.

ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.

മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.

മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.

പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.

വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.

തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.

ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.

ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.

ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.

ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.

എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.

കൂടൽമാണിക്യം സന്നിധിയിൽ സംഗമേശന്റെ 12 അടി വലിപ്പമുള്ള ശില്പം സമർപ്പിച്ച് ദീപു കളരിക്കൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് തിരുവുത്സവത്തിന് മാറ്റുകൂട്ടി 12 അടി വലിപ്പമുള്ള തെർമോകോൾ കൊണ്ടു നിർമ്മിച്ച സംഗമേശന്റെ ശില്പം സമർപ്പിച്ചിരിക്കുകയാണ് ദീപു കളരിക്കൽ.

ഫെവിക്കോളും തെർമോക്കോളും ഉപയോഗിച്ചുണ്ടാക്കിയ ശില്പത്തിന്റെ നിർമ്മാണം രണ്ടാഴ്ചയോളം സമയമെടുത്താണ് ദീപു പൂർത്തീകരിച്ചത്.

കാലങ്ങളായുള്ള ദീപുവിന്റെ ആഗ്രഹമാണ് കൂടൽമാണിക്യ സ്വാമിക്ക് തന്നാലായത് എന്തെങ്കിലും സമർപ്പിക്കണമെന്നത്. ഭക്തിയോടെ തുടങ്ങിയ ആഗ്രഹം സംഗമേശ രൂപത്തിലേക്ക് പരിണമിച്ചപ്പോൾ അത് തിരുവുത്സവ നാളിലേക്ക് സംഗമേശനുള്ള സമ്മാനമായിത്തന്നെ സമർപ്പിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി ക്ഷേത്രത്തിലെത്തിയ ഈ സമ്മാനം താൽക്കാലികമായി ക്ഷേത്രത്തിനകത്തെ സംഗമം വേദിക്കടുത്തായാണ് വെച്ചിട്ടുള്ളത്.

തിരുവുത്സവത്തിന്റെ ആവേശത്തിൽ ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്കെത്തി തുടങ്ങിയ ഭക്തർക്കെല്ലാം ഈ കാഴ്ച കൗതുകമുണർത്തി.

കൂടൽമാണിക്യം തിരുവുത്സവം : എം.ജി. റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ്റെ ദീപാലങ്കാരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എം.ജി. റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം അസോസിയേഷൻ പ്രസിഡന്റ്‌ ടി. വേണുഗോപാൽ നിർവഹിച്ചു.

കെ.എൻ. ഗിരീഷ്, പ്രഭ വേണുഗോപാൽ, കൃഷ്ണകുമാർ, മുരളി വാര്യർ എന്നിവർ പ്രസംഗിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട : മെയ് 8ന് കൊടി കയറി 18ന് രാപ്പാൾ കടവിൽ നടക്കുന്ന ആറാട്ടോടെ സമാപിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിനിർഭരമായി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയ് കുമാർ, ബിന്ദു, മുൻ ചെയർമാൻ യു പ്രദീപ് മേനോൻ, പ്രവാസി വ്യവസായി ബാലൻ കണ്ണോളി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

അരി, പഞ്ചസാര, എണ്ണ, നെയ്യ്, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളും, വിവിധ തരം പച്ചക്കറികളുമാണ് സംഗമേശൻ്റെ കലവറ നിറയ്ക്കൽ ചടങ്ങിൽ ഭക്തജനങ്ങൾ സമർപ്പിച്ചത്.