ലിറ്റി ചാക്കോയുടെ “സംഗമഗ്രാമ മാധവന്റെ രണ്ടു കൃതികൾ” ദില്ലി വേൾഡ് ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളെജ് മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ എഴുതി നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച ”സംഗമഗ്രാമ മാധവൻ്റെ രണ്ടു കൃതികൾ” എന്ന പുസ്തകം ദില്ലി വേൾഡ് ബുക്ക് ഫെയറിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം ജഗദേഷ് കുമാർ, ത്രിപുര ഗവർണർ എൻ ഇന്ദ്രസേന റെഡ്ഡി, ദേശീയ ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി വിനീത് ജോഷി, ദേശീയ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, എൻ ബി ടി ചെയർമാൻ പ്രൊഫ മിളിന്ദ് സുധാകർ മറാത്തെ, എൻ ബി ടി ഡയറക്ടർ യുവരാജ് മാലിക് എന്നിവർ ചേർന്നാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

എൻ ഡി ആർ എഫ് അഥവാ വേൾഡ് ബുക്ക് ഫെയറിൻ്റെ പ്രൗഢമായ തീം പവലിയനിലായിരുന്നു പ്രകാശനം നടന്നത്.

ഭാരതത്തിൻ്റെ ശാസ്ത്ര പാരമ്പര്യത്തിന് നട്ടെല്ലു നിവർത്തി നിൽക്കാൻ കഴിയുന്ന സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് സംഗമഗ്രാമ മാധവൻ എന്നും ഇത്തരം പഠനങ്ങൾ ഭാരതീയ ജ്ഞാന പരമ്പരയുടെ വീണ്ടെടുപ്പുകളാണെന്നും മന്ത്രി പറഞ്ഞു.

ഭാരതത്തിൽ താളിയോലകളിലും മറ്റും ഉൾക്കൊള്ളുന്ന ഇത്തരം അറിവുകളുടെ ആർക്കൈവൽ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ബജറ്റിൽ 60 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമഗ്രാമ മാധവനെ കുറിച്ചുള്ള പഠനവും മാധവൻ്റെ അപ്രകാശിതവും അലഭ്യവുമായിരുന്ന കൃതികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ”സംഗമഗ്രാമ മാധവൻ്റെ രണ്ടു കൃതികൾ” എന്ന ലിറ്റി ചാക്കോയുടെ പുസ്തകം.

സംഗമഗ്രാമ മാധവനെ കുറിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം കാലത്തെ ഇവരുടെ ഗവേഷണത്തിൻ്റെ ഫലം കൂടിയാണിത്.

തികച്ചും അക്കാദമികമായി ഈ വിഷയത്തെ സമീപിക്കുന്നവർക്ക് ഉപകാരപ്രദമാണ് ഈ പുസ്തകം. പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ ലഭ്യമാകുമെന്ന് എൻ ബി ടി അറിയിച്ചു.

ലോകത്തിലെ തന്നെ ശ്രദ്ധേയമായ പുസ്തകോത്സവമായ എൻ ഡി ഡബ്ല്യു ബി എഫ് – ൻ്റെ വേദിയിൽ നടന്ന പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി പറഞ്ഞു. കലാലയത്തിൽ നിന്നും സിസ്റ്റർ സങ്കീർത്തനയും ചടങ്ങിൽ പങ്കെടുത്തു.

കേരളീയ ഗണിത സരണിയുടെ മുഴുവനും പൈതൃകവും അനാവരണം ചെയ്യുന്ന പുതിയ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് ലിറ്റി ചാക്കോ.

40 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രസാധകരാണ് രണ്ടായിരത്തിലധികം സ്റ്റാളുകളിലായി എൻ ബി ടി നേതൃത്വം നൽകുന്ന വിശ്വ പുസ്തകമേളയിൽ പങ്കെടുക്കുന്നത്.

എം ടി – ജയചന്ദ്രൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : വാക്കുകൾ കൊണ്ടും ശബ്ദം കൊണ്ടും മലയാളികളെ പിടിച്ചു നിർത്തിയ അതുല്യ പ്രതിഭകളായ എം ടി വാസുദേവൻ നായരെയും പി ജയചന്ദ്രനെയും അനുസ്മരിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് മലയാള വിഭാഗം.

കാലഘട്ടങ്ങൾക്കനുസരിച്ച് ശബ്ദത്തിൽ നവീനത കൊണ്ടുവരികയും ഭാവത്താൽ മലയാളി മനസ്സിനെ കീഴടക്കുകയും ചെയ്ത ഗായകനാണ് പി ജയചന്ദ്രനെന്നും
മലയാള സാഹിത്യത്തിലും ചലച്ചിത്രലോകത്തും അവിസ്മരണീയ സാന്നിധ്യവും സംഭാവനകളുമാണ് എംടിയുടേതെന്നും കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴ അഭിപ്രായപ്പെട്ടു.

മലയാള വിഭാഗം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മലയാള വിഭാഗം അധ്യക്ഷ ഡോ കെ എ ജെൻസി സ്വാഗതവും മലയാളവിഭാഗം അധ്യാപിക ഡോ മീര മധു നന്ദിയും പറഞ്ഞു.

തുടർന്ന് ജയചന്ദ്രന് ഗാനാഞ്ജലി നേർന്നുകൊണ്ട് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിനി നിരഞ്ജനയും രണ്ടാം വർഷ മലയാള ബിരുദാനന്തരബിരുദ വിദ്യാർഥിനി അപർണ രാജും ഗാനങ്ങൾ ആലപിച്ചു.

എം ടിയുടെ കൃതികളെക്കുറിച്ച് ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ കൃഷ്ണപ്രിയ, അരുണിമ എന്നിവർ പ്രസംഗിച്ചു.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളെജ് മലയാളവിഭാഗം സംഘടിപ്പിച്ച ”ഋതം” സാഹിത്യഫെസ്റ്റിൽ തത്സമയ മാഗസിൻ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാള ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അപർണ രാജ്, വീണ, നിഖില, കൃഷ്ണേന്ദു, ശില്പ, സാന്ദ്ര, കൃഷ്ണപ്രിയ എന്നിവരെയും പുസ്തകനിരൂപണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അരുണിമയെയും ചടങ്ങിൽ അഭിനന്ദിച്ചു.

വാക്കിലും നോക്കിലും കൗതുകമായി സെൻ്റ് ജോസഫ്സിലെ റോബോട്ട് ”ജോസഫൈനെ” കാണാനെത്തിവിദ്യാർഥികൾ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ വിദ്യാർഥികൾ ഉണ്ടാക്കിയ റോബോട്ടിനെ കാണാനെത്തിയ കുട്ടികളുടെ വാക്കിലും നോക്കിലും കൗതുകം നിറഞ്ഞു.

എന്തു ചോദിച്ചാലും മറുപടി പറയുമോ എന്നതായിരുന്നു കുട്ടികളുടെ ആദ്യത്തെ പരീക്ഷണം. ചേച്ചിമാരുടെ യൂണിഫോം പോലെ യൂണിഫോമിട്ട റോബോട്ട് ജോസഫൈനാകട്ടെ കുട്ടി സംശയങ്ങൾ തീർത്തു കൊടുത്ത് കുട്ടികൾക്കിടയിൽ താരമായി.

വിദ്യാർഥികളിൽ ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജും ഇ കെ എൻ വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി ”ദൈനംദിന ജീവിതത്തിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസിലാണ് റോബോട്ടും കുട്ടികളും തമ്മിൽ ആശയവിനിമയം നടന്നത്.

വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ അഞ്ജന ഉദ്ഘാടനം നിർവഹിച്ചു.

ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി ഡേവിസ് ക്ലാസ്സ് നയിച്ചു.

പരിപാടിയോടനുബന്ധിച്ച് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർഥികളുടെ പ്രോജക്ടിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.

ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തതാണ് ജോസഫ് – Al-ne എന്ന റോബോട്ട്.

പരിപാടിയിൽ ഇ കെ എൻ കേന്ദ്രം പ്രസിഡൻ്റ് ഡോ കെ മാത്യു പോൾ ഊക്കൻ, കെ മായ എന്നിവർ സംബന്ധിച്ചു.

ഇ – മാലിന്യങ്ങൾ ശേഖരിക്കാനൊരുങ്ങി സെന്റ് ജോസഫ്‌സ് കോളെജ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിൽ ഫിസിക്‌സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജനുവരി 22ന് ഇ – മാലിന്യ ശേഖരണ പരിപാടി സംഘടിപ്പിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശരിയായ കൈമാറ്റം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പഴയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചാർജറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി കോളെജിൽ പ്രത്യേക കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

ട്യൂബ് ലൈറ്റുകളും, സി എഫ് എൽ ബൾബുകളും, ഇൻക്കൻഡാസെന്റ് ബൾബുകളും ശേഖരണത്തിൽ ഉൾപ്പെടുത്തുന്നില്ല.

ശേഖരിച്ച ഇ-മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദ രീതിയിൽ പുനരുപയോഗത്തിനും വിനിമയത്തിനും വിധേയമാക്കും.

വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഈ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്ന് കോളെജ് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സെന്റ് ജോസഫ്‌സ് കോളെജിലെ
ഫിസിക്‌സ് വിഭാഗവുമായോ 94008 26952 (അസി പ്രൊഫ സി എ മധു), 97453 28494 (അസി പ്രൊഫ മേരി ജിസ്ബി പൗലോസ്) എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.