ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ ബഹിരാകാശ പര്യവേഷണ രംഗത്തെ അഭിമാന പദ്ധതിയായ ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

പാലക്കാട് ജില്ലയിലെ തിരുവഴിയാട് സ്വദേശിയായ പ്രശാന്ത് നായർ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.

ഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധനായ അദ്ദേഹത്തെ 2019ലാണ് ഐഎസ്ആർഒ ഗഗൻയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. അതിനായുള്ള പരിശീലനങ്ങളിലാണ് അദ്ദേഹം ഇപ്പോൾ.

തിങ്കളാഴ്ച രാവിലെയാണ് പ്രശാന്ത് നായർ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേർന്നത്.

ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയകുമാർ പ്രശാന്ത് നായരെ സ്വീകരിച്ചു.

മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മധ്യവയസ്‌കനെ വീട്ടുകിണറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.

കുഴിക്കാട്ടുകോണം പരേതരായ കീറ്റിക്കൽ അന്തോണി- റീത്ത ദമ്പതികളുടെ മകൻ വിൻസെൻ്റിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപം മരിച്ച നിലയിൽ കണ്ടത്.

ഒരു മാസത്തോളമായി ഇയാൾ വീട്ടിൽ തനിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. ഭാര്യ എടത്തിരുത്തിയിലെ വീട്ടിലായിരുന്നു. മക്കൾ ജോലിസ്ഥലത്താണ്.

രാത്രി സഹോദരി ഫോൺ ചെയ്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നി രാവിലെ സഹോദരിയും ഭർത്താവും വീട്ടിൽ വന്ന് അന്വേഷിച്ചപ്പോഴാണ് വിൻസെൻ്റിനെ മരിച്ച നിലയിൽ കണ്ടത്.

വീട്ടിലെ ടാങ്കിൽ വെള്ളം കഴിഞ്ഞപ്പോൾ മോട്ടോർ പ്രവർത്തിക്കുന്നില്ലെന്ന് സംശയം തോന്നി കിണറിനകത്ത് കെട്ടിയിട്ടിരുന്ന മോട്ടോർ ഉയർത്താൻ ശ്രമിച്ചതായി കാണുന്നുണ്ട്. ഹൃദ്രോഗിയായിരുന്ന വിൻസെൻ്റ് മോട്ടോർ വലിച്ച് ഉയർത്തുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് കരുതുന്നു.

ഷീനയാണ് ഭാര്യ.

മക്കൾ : ആൻഗ്രറ്റ്, ആൻവിറ്റ്

സഹോദരി : റീന

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കാനം അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുസ്മരണ ദിനത്തിൽ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ പുഷ്പാർച്ചന നടത്തി.

മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, പി. മണി, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.എസ്. പ്രസാദ്, ബെന്നി വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ “രജത നിറവ് സുകൃതം 2025”

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “രജത നിറവ് സുകൃതം 2025” രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ സീജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്രിൻസിപ്പൽ പി ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ.പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, സ്റ്റാഫ് സെക്രട്ടറി എ ടി ഷാലി എന്നിവർ പ്രസംഗിച്ചു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ ചെയ്ത അധ്യാപകരേയും, മുൻ കോർപ്പറേറ്റ് മാനേജർമാരേയും മുൻ സ്കൂൾ മാനേജർമാരേയും, സ്കൂളിൽ നിന്ന് പഠിച്ച് വൈദികരാകാൻ പോകുന്ന ഡിക്കൻമാരേയും, വൈദികരായി ശുശ്രൂഷ ചെയ്യുന്നവരേയും ചടങ്ങിൽ ആദരിച്ചു.

മുൻ കോർപ്പറേറ്റ് മാനേജർമാരായ ഫാ.ജോസ് മഞ്ഞളി, ഫാ.സെബാസ്റ്റ്യൻ മാളിയേക്കൽ, ഫാ.ജോജോ തൊടു പറമ്പിൽ, ഫാ. ജോയ് പാലിയേക്കര, ഫാ.ജോസഫ് തെക്കേത്തല, മുൻ പ്രിൻസിപ്പൽമാരായ പോൾ, ഭരതൻ, ബിജു, റെക്ടി എന്നിവർ പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു.

കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞതാബലിയും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭ : യു ഡി എഫിൻ്റെ തേരോട്ടം തുടരുമോ ? എൽ ഡി എഫോ എൻ ഡി എയോ അധികാരം പിടിച്ചെടുക്കുമോ ?

ഇരിങ്ങാലക്കുട : നാടിൻ്റെ വികസനത്തിനായി തദ്ദേശ വിഷയങ്ങളിൽ തേരോട്ടം നടത്തി വികസന കുതിപ്പിന്റെ പത്രികകളും കയ്യിലേന്തി വിജയം മാത്രം ലക്ഷ്യമാക്കി നഗരസഭയിലെ 43 വാർഡുകളിലും സ്ഥാനാർത്ഥികൾ രാപ്പകലില്ലാതെ പ്രചരണ രംഗത്ത് ശക്തരായി മാറുന്ന കാഴ്ച്ചയാണ് ഇരിങ്ങാലക്കുടയിൽ കാണാനാവുന്നത്.

ജനവിധി തേടുന്ന 141 സ്ഥാനാർത്ഥികളുടെയും ലക്ഷ്യം വിജയകിരീടം ചൂടുന്ന 43 പേരിൽ ഒരാളാവുക എന്നതു തന്നെയാണ്. മുന്നണികളാകട്ടെ ചെയർമാൻ കസേരയും സ്വപ്നം കണ്ടുള്ള പ്രചരണമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്.

നഗരസഭയിലെ വീഥികൾ സ്ഥാനാർത്ഥികളെയും പാർട്ടി അണികളെയും കൊണ്ട് നിറയുമ്പോൾ 34 വാർഡുകളിലും നടക്കാൻ പോകുന്നത് കടുത്ത ത്രികോണമത്സരം തന്നെ എന്നതാണ് സത്യം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മാടായിക്കോണം വാർഡിൽ കഴിഞ്ഞ തവണ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മൊത്തം 521 വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ അംബിക പള്ളിപ്പുറത്ത് ജയിച്ചത്. രണ്ടാം സ്ഥാനത്തായിരുന്ന എൻഡിഎയുടെ വേണുപ്രിയ അനിൽകുമാർ കരസ്ഥമാക്കിയത് 327 വോട്ടുകൾ. 93 വോട്ടുകളായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നേടിയിരുന്നത്. ഇപ്രാവശ്യവും കടുത്ത മത്സരത്തിന് തന്നെയാണ് 15 വർഷമായി ഇടതുപക്ഷം വെന്നിക്കൊടി നാട്ടുന്ന മാടായിക്കോണം വാർഡ് സാക്ഷിയാകുന്നത്.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കൂടിയായ ആർ എൽ ശ്രീലാലിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ ചെയർമാൻ സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെടാൻ ഇടയുള്ള വ്യക്തിയാണ് ശ്രീലാൽ. രണ്ടു പ്രാവശ്യം കൗൺസിലറായ എൻഡിഎയുടെ ടി.കെ. ഷാജുവും യുഡിഎഫിന്റെ വിനീത് പള്ളിപ്പുറവും ശക്തരായ പോരാളികളായി എതിർ സ്ഥാനത്തുണ്ട്. കരുവന്നൂർ ബാങ്ക് വിഷയവും കുടിവെള്ളക്ഷാമവും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും, ആനാട്ടുകടവിലെ ടൂറിസം പദ്ധതിയുമെല്ലാം പ്രചാരണ ആയുധമാക്കിയാണ് ഇവിടെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് കളത്തിൽ ചുവടുറപ്പിച്ചിരിക്കുന്നത്.

യുഡിഎഫിന് ഭരണം ലഭിക്കുകയാണെങ്കിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരേ ഒരു പേര് എം.പി. ജാക്സൻ്റെതാണ്. ജാക്സൻ മത്സരിക്കുന്ന മുനിസിപ്പൽ ഓഫീസ് വാർഡിൽ കഴിഞ്ഞ തവണ യുഡിഎഫിന്റെ ഒ.എസ്. അവിനാഷ് വിജയിച്ചത് 222 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മൊത്തം 402 വോട്ടുകൾ നേടിയാണ്. ഇപ്രാവശ്യവും ഈ ഭൂരിപക്ഷം തന്റെ വിജയത്തിന് സഹായകമാകും എന്ന ഉറപ്പിലാണ് എം.പി. ജാക്സൺ. വാർഡിൽ 180 വോട്ടുകൾ എൽഡിഎഫും 158 വോട്ടുകൾ എൻഡിഎയും സ്വതന്ത്ര സ്ഥാനാർഥി 19 വോട്ടുകളും കഴിഞ്ഞ തവണ നേടിയിരുന്നു. ഈ കണക്കുകൾ തന്നെയാണ് എം.പി. ജാക്സന്റെ ആത്മവിശ്വാസത്തിന് പിന്നിൽ. ഈ ആത്മവിശ്വാസത്തെ തകർക്കാൻ ഉറപ്പിച്ച് തന്നെയാണ് എൻഡിഎയുടെ ആർ. ബാലസൂര്യനും എൽഡിഎഫിന്റെ മാർട്ടിൻ ആലേങ്ങാടനും പ്രചരണ രംഗത്ത് ശക്തരായി തുടരുന്നത്.

മൂർക്കനാട് വാർഡിൽ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങിയ നസീമ കുഞ്ഞുമോൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൊത്തം 431 വോട്ടുകൾ നേടി 55 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തൊട്ടു പിന്നാലെ 376 വോട്ടുകൾ നേടി യുഡിഎഫും ശക്തമായി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇപ്രാവശ്യവും വോട്ടർമാർ നസീമ കുഞ്ഞുമോനെ തന്നെ തുണയ്ക്കുമോ എന്ന് കണ്ടറിയണം. കാരണം വാർഡിൽ ഇക്കുറി മത്സര രംഗത്തുള്ളത് 5 സ്ഥാനാർത്ഥികളാണ്. കോൺഗ്രസിന്റെ ചിന്ത ധർമരാജനും, എൻഡിഎയുടെ സുദീപ സന്ദീഷും ഒപ്പം കെ.ബി. ശ്രീധരനും ഷിയാസ് പാളയംകോടും സ്വതന്ത്രരായി മത്സര രംഗത്തുണ്ട്.

തുടർച്ചയായി രണ്ടു പ്രാവശ്യവും തൻ്റെ വാർഡിൽ നിന്ന് വിജയിച്ച ആത്മവിശ്വാസത്തോടെ വീണ്ടും പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് കരുവന്നൂരിൽ എൽഡിഎഫിന്റെ അൽഫോൻസ തോമസ്. മൊത്തം 494 വോട്ടുകൾ നേടി 217 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൽഫോൻസ തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൻ്റെ വിജയം ഉറപ്പിച്ചത്. 217 വോട്ടുകൾ നേടി എൻഡിഎ ആണ് വാർഡിൽ രണ്ടാം സ്ഥാനത്ത് തേരോട്ടം നടത്തിയത്. ഇപ്രാവശ്യം യുഡിഎഫിന്റെ സിജോ ആൻ്റണിയും എൻഡിഎയുടെ പി.എൻ. സന്തോഷുമാണ് എതിർ സ്ഥാനത്ത് മത്സരിക്കുന്നത്. അതിനാൽ തന്നെ ജനവിധി എന്താകുമെന്നത് കണ്ടു തന്നെ അറിയണം.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷും, നിലവിലെ നഗരസഭ വൈസ് ചെയർമാനായ ബൈജു കുറ്റിക്കാടനും എൽഡിഎഫിന്റെ പി.സി. രഘുവും പോരാട്ടത്തിനിറങ്ങുന്ന മാപ്രാണം വാർഡ് ഇപ്രാവശ്യം ആരുടെ കൂടെ നിൽക്കും എന്നത് കണ്ടറിയേണ്ട വസ്തുത തന്നെയാണ്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി ആർച്ച അനീഷ് മൊത്തം 358 വോട്ടുകൾ നേടി കേവലം 2 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. തൊട്ടു പിന്നാലെ 356 വോട്ടുകൾ നേടി എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി കടുത്ത പോരാട്ടം നടത്തിയപ്പോൾ 287 വോട്ടുകൾ നേടി യുഡിഎഫും മത്സരരംഗത്ത് വേരുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഇപ്രാവശ്യത്തെ മാപ്രാണം വാർഡിലെ തെരഞ്ഞെടുപ്പ് നിർണായകമാണ്. മത്സരം കടുക്കുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ വികസന നേട്ടങ്ങൾ ഉയർത്തി പിടിച്ചാണ് ആർച്ച അനീഷും ബൈജു കുറ്റിക്കാടനും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. കോന്തിപുലംപാടത്തെ പ്രശ്നങ്ങൾ ഉയർത്തി കാണിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയും പ്രചരണ രംഗത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്.

യുഡിഎഫിന്റെ തന്നെ വിമതർ പത്രിക പിൻവലിക്കാതെ പോരാട്ടത്തിന് ഇറങ്ങുന്ന മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡിലും ഇപ്രാവശ്യം മത്സരം കടുക്കും. മൊത്തം 497 വോട്ടുകൾ നേടി 320 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യുഡിഎഫിന്റെ പി.ടി. ജോർജ്ജ് വാർഡിൽ വിജയക്കൊടി പാറിച്ചത്. എൽഡിഎഫ് 177 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി 29 വോട്ടുകളുമാണ് അന്ന് നേടിയത്. എന്നാൽ ഇക്കുറി യുഡിഎഫിൻ്റെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർക്കാൻ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു വിമതനും രംഗത്തുണ്ട്. ഇത് ഇവിടത്തെ വോട്ടുകളെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ജനങ്ങൾ ആർക്കൊപ്പമാണ് എന്നും മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുമോ എന്നതും കണ്ടറിയാം.

ശക്തമായ മത്സരത്തിനൊരുങ്ങുന്ന കാരുകുളങ്ങരയിൽ മുൻ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങിയത് കഴിഞ്ഞ തവണ മൊത്തം 570 വോട്ടുകൾ നേടി 186 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ എൻഡിഎ ആകട്ടെ ഈ വാർഡിൽ 384 വോട്ടുകളാണ് നേടിയത്. ഇപ്രാവശ്യം സുജയുടെ എതിർ സ്ഥാനാർത്ഥി ബിജെപി പാർലമെൻ്ററി പാർട്ടി നേതാവ് സന്തോഷ് ബോബനാണ്. 10 വർഷത്തെ കൗൺസിലർ പദവിയിലെ പ്രവൃത്തി പരിചയവുമായി ഇരുവരും രംഗത്തിറങ്ങുമ്പോൾ എൽഡിഎഫിന്റെ ഡേവിഡ് ചെമ്പകശ്ശേരിയും ആം ആദ്മി പാർട്ടിയുടെ ഡിക്സൺ കൂവക്കാടനും മത്സരരംഗത്തുണ്ട്. അതിനാൽ തന്നെ വാർഡിൽ പോരാട്ടച്ചൂട് കൂടുകയാണ്.

കൂടൽമാണിക്യം വാർഡിലും കടുത്ത ത്രികോണ മത്സരമാണ് ഇക്കുറി. നിലവിലെ കൗൺസിലർ സ്മിത കൃഷ്ണകുമാറിനെ തന്നെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മൊത്തം 459 വോട്ടുകൾ നേടി 211 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മിത കൃഷ്ണകുമാർ വിജയിച്ചത്. എന്നാൽ ഇപ്രാവശ്യം വാർഡ് തിരിച്ചു പിടിക്കാൻ ശക്തമായ സ്ഥാനാർത്ഥികളെ തന്നെയാണ് എൽഡിഎഫും യുഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. മുൻ കൗൺസിലർ കൂടിയായ കെ.എൻ. ഗിരീഷിനെയാണ് യു.ഡി.എഫ്. ഇക്കുറി ഇവിടെ അങ്കത്തട്ടിലിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിന്റെ എം.ആർ. ശരത്തും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ യുഡിഎഫും 16 സീറ്റുകൾ എൽഡിഎഫും 8 സീറ്റുകൾ എൻഡിഎയും തൂത്തുവാരി. നിലവിലെ കൗൺസിലിൽ ഏറ്റവും കൂടുതൽ സീറ്റു ലഭിച്ച മുന്നണി എന്ന നിലയിൽ യുഡിഎഫ് ഭരണം സ്വന്തമാക്കിയപ്പോൾ ഇപ്രാവശ്യം മൂന്നു മുന്നണികളും ഭരണം പിടിച്ചെടുക്കാനുള്ള തേരോട്ടം തന്നെയാണ് 43 വാർഡുകളിലും നടത്തിക്കൊണ്ടിരിക്കുന്നത്.
അതോ നിലവിലുള്ളതു പോലെ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഒരു തൂക്കു കൗൺസിലായിരിക്കുമോ ഇരിങ്ങാലക്കുടയിൽ വരിക ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഡിസംബർ 13 വരെ കാത്തിരിക്കേണ്ടി വരും.

അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം – നടപ്പുര സമർപ്പണം.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദുർഗ്ഗാ ഭഗവതിക്ക് പണിതീർത്ത നടപ്പുരയുടെ സമർപ്പണം മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പൂജ്യ നാരായണ ബ്രഹ്മാനന്ദതീർത്ഥ നിർവ്വഹിച്ചു.

തുടർന്ന് ദീപം തെളിയിക്കൽ, ലളിതാ സഹസ്രനാമജപം, ഭജന, പ്രസാദ വിതരണം എന്നിവ നടന്നു.

നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി സുരേഷ് ഗോപി മാറി : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂർ എംപി സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണ്. സമ്പൂർണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന നിർമ്മിതിയാണ് ജനറൽ ആശുപത്രിയിലെ നവംബർ 6ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ 8 കോടി രൂപയും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപയും ചേർന്ന് ആകെ 20 കോടി രൂപ ചിലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. ബേസ്മെന്റ് ഫ്ലോറും ഗ്രൗണ്ട് ഫ്ലോറും അടക്കം 6 നിലകളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞത് ആർക്കും നേരിൽ കാണാവുന്നതാണ്. ഇതിനായി ഒരു രൂപ പോലും തൃശൂർ എംപി അനുവദിച്ചിട്ടില്ലെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി എം.പി.യായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് തന്നെ ഒന്നാം ഘട്ടം പൂർത്തീകരിച്ച് 2023 ജനുവരി 13ന് രണ്ടാം ഘട്ടം നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തികൾ എല്ലാം പൂർത്തീകരിച്ച ശേഷം നവംബർ 6ന് ഉദ്‌ഘാടന പരിപാടി നിശ്ചയിച്ചതിന് പിന്നാലെ ഒക്ടോബർ 20 എന്ന് തിയ്യതി രേഖപ്പെടുത്തിയ ഒരു കത്ത് ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതർക്ക് ലഭ്യമാകുകയാണ് ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരു കത്ത് ലഭിച്ചു എന്നല്ലാതെ യാതൊരുവിധ തുടർ നടപടികളും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സുരേഷ് ഗോപി സ്വന്തം പേരിൽ പറഞ്ഞു നടക്കുന്ന മറ്റെല്ലാ പദ്ധതികളും പോലെ ഇതിന്റെയും ഒരിഞ്ചുപോലും നിർമ്മാണം ആരംഭിച്ചിട്ടുമില്ല.

ഇത്തരം വ്യാജ പ്രസ്താവനകൾ കേന്ദ്ര മന്ത്രി എന്ന പദവിക്ക് ചേരുന്നതല്ലെന്നും ഇപ്രകാരം നുണപ്രചരണങ്ങൾ നടത്തുന്നവർക്ക് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ബേസ്‌മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നു മുതല്‍ നാല് വരെയുള്ള നിലകള്‍ എന്നിങ്ങനെ ആറ് നീലകലാണുള്ളത്. ബേസ്‌മെന്റ് ഫ്‌ളോറില്‍ അത്യാഹിത വിഭാഗവും ഗ്രൗണ്ട് ഫ്ലോറിൽ ഒ.പി., ഫാര്‍മസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയില്‍ വാര്‍ഡുകളുമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ തീയേറ്റര്‍ ബ്ലോക്ക് രണ്ടാം നിലയിലും ഐ.സി.യു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ജനറല്‍ ആശുപത്രി ആയതുകൊണ്ട് തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളോടെയാണ് കെട്ടിടം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് എന്നും മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു.

പ്രബന്ധങ്ങൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ ഭാരതീയ ജ്ഞാന പരമ്പര (ഇന്ത്യൻ നോളജ് സിസ്റ്റം) എന്ന വിഷയവുമായി ബന്ധപ്പെട്ട് ജനുവരി 5, 6, 7 തിയ്യതികളിലായി നടക്കുന്ന ദേശീയ സെമിനാറിലേക്ക് അക്കാദമിക പ്രബന്ധങ്ങൾ ക്ഷണിച്ചു.

ഡിസംബർ 12ന് പ്രബന്ധ സംഗ്രഹവും ഡിസംബർ 18ന് സമ്പൂർണ പ്രബന്ധവും അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്: iks@stjosephs.edu.in

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി വെള്ളാങ്ങല്ലൂർ, മുരിയാട്, ആളൂർ, കാട്ടൂർ ഡിവിഷനുകൾ

ഇരിങ്ങാലക്കുട : തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആവേശത്തോടെ മുന്നോട്ടു പോകുമ്പോൾ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വെള്ളാങ്ങല്ലൂർ, മുരിയാട്, കാട്ടൂർ ഡിവിഷനുകളിൽ നടക്കുന്നത് കടുത്ത ത്രികോണ മത്സരം.

42 വാർഡുകളുള്ള വെള്ളാങ്ങല്ലൂർ ഡിവിഷനിൽ 31 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ, മികച്ച അധ്യാപകയ്ക്കുള്ള 2013ലെ സംസ്ഥാന അവാർഡും 2016ലെ ദേശീയ അവാർഡും സ്വന്തമാക്കിയ സി.ബി. ഷക്കീലയെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

ഒട്ടും പിന്നിലേക്ക് പോകാതെ സാമൂഹ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യങ്ങൾ തന്നെയാണ് എതിരാളികളും.

വെള്ളാങ്ങല്ലൂർ സിഡിഎസ് ചെയർപേഴ്സണും, മഹിളാ കോൺഗ്രസ് വെള്ളാങ്ങല്ലൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ മുൻ പ്രസിഡൻ്റും, നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റുമായ റസിയ അബുവാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്.

ഭാരതീയ അഭിഭാഷക പരിഷത്ത് കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയായ അഡ്വ. സജിനി സന്തോഷാണ് എൻഡിഎ സ്ഥാനാർഥി.

45 വാർഡുകൾ ഉൾപ്പെടുന്ന മുരിയാട് ഡിവിഷനിലെ മൂന്ന് സ്ഥാനാർത്ഥികളും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് രാഷ്ട്രീയ മേഖലയിൽ തിളങ്ങി നിൽക്കുന്നവരാണ്.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റായ ജോസ് ജെ. ചിറ്റിലപ്പിള്ളി തന്നെയാണ് എൽഡിഎഫിന്റെ മുരിയാട് ഡിവിഷൻ സ്ഥാനാർത്ഥി.

കഴിഞ്ഞ പ്രവർത്തന കാലയളവിൽ മുരിയാട് പഞ്ചായത്തിൽ മുന്നോട്ടു വെച്ച വികസനങ്ങളുടെ നീണ്ട പട്ടികയുമായാണ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രചരണ രംഗത്തെ നിറസാന്നിധ്യമാകുന്നത്.

എതിരാളിയായ യുഡിഎഫിന്റെ ശശികുമാർ ഇടപ്പുഴ അഞ്ചു വർഷമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. പ്രവർത്തന കാലയളവിൽ ലഭിച്ച മുഴുവൻ ഓണറേറിയവും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച ശശികുമാർ ഇടപ്പുഴയും ജനഹൃദയങ്ങളിൽ വേരുറപ്പിച്ച വ്യക്തിയാണ്.

ബിജെപിയുടെ എൻ.ആർ. റോഷൻ്റെ കന്നിയങ്കമാണിത്. കേരളവർമ്മ കോളെജിലെ എബിവിപി യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെച്ച ആളാണ് റോഷൻ.

39 വാർഡുകൾ ഉൾപ്പെടുന്ന ആളൂർ ഡിവിഷനിൽ എൽഡിഎഫ് തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കാനുള്ള തേരോട്ടത്തിലാണ്. എന്നാൽ ഇക്കുറി വിട്ടു കൊടുക്കില്ലെന്ന വാശിയിൽ പ്രചരണ രംഗത്തെ ചൂടുപിടിപ്പിച്ച് യുഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പമുണ്ട്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആളൂരിൽ സിപിഎം അംഗവും സിഡിഎസ് ചെയർപേഴ്സനും കൂടിയായ രാഗി ശ്രീനിവാസനാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

നിയമ വിദ്യാർത്ഥിനിയായ കാവ്യ രഞ്ജിത്താണ് യുഡിഎഫ് സ്ഥാനാർത്ഥി.

17 വർഷമായി ആശാപ്രവർത്തകയായി പ്രവർത്തിക്കുന്ന സജിനി സന്തോഷിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.

കാട്ടൂർ ഡിവിഷനിലും കടുത്ത പോരാട്ടമാണ് ഇക്കുറി.

സാധാരണ എൽഡിഎഫും യുഡിഎഫും മാത്രമാണ് ഇവിടെ മത്സരരംഗത്ത് ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്രാവശ്യം കാട്ടൂർ ഡിവിഷൻ അഭിമുഖീകരിക്കുന്നത് ശക്തമായ ത്രികോണ മത്സരം തന്നെയാണ്.

ഡിവിഷൻ രൂപീകരിച്ചതിനു ശേഷം ഇതുവരെയും എൽഡിഎഫ് കോട്ടയായാണ് കാട്ടൂർ അറിയപ്പെടുന്നത്. 53 വാർഡുകളുള്ള കാട്ടൂർ ഡിവിഷനിൽ ഇരുപതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് തങ്ങളുടെ സീറ്റ് നിലനിർത്തി പോരാറുള്ളത്. എന്നാൽ ഇക്കുറി ത്രികോണ മത്സരത്തിലെ മൂന്ന് സ്ഥാനാർത്ഥികളും ജനങ്ങൾക്ക് ഒരുപോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ് എന്നത് അങ്കത്തട്ടിലെ പോരാട്ടവീര്യം കൂട്ടും.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡൻ്റും മുൻ കാറളം പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ടി.കെ. സുധീഷാണ് ഇവിടെ ഇടതുപക്ഷ മുന്നണിക്കു വേണ്ടി അങ്കത്തട്ടിൽ ഇറങ്ങിയിട്ടുള്ളത്.

ബിജെപി തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയും താലൂക്ക് വികസന സമിതിയിലെ എംപി പ്രതിനിധിയുമായ കൃപേഷ് ചെമ്മണ്ടയാണ് ബിജെപി സ്ഥാനാർഥി.

യുഡിഎഫിന്റെ ഘടക കക്ഷിയായ ഫോർവേഡ് ബ്ലോക്കിലെ വിനീഷ് സുകുമാരനാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്. വിനീഷ് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എൽ.ന്റെ സംസ്ഥാന പ്രസിഡൻ്റാണ്.

കാട്ടൂരിലെ രൂക്ഷമായ കുടിവെള്ള മലിനീകരണ പ്രശ്നം തന്നെയാണ് എൽഡിഎഫിൻ്റെ കുത്തക അവസാനിപ്പിച്ച് ചരിത്രം തിരുത്തി കുറിക്കാനുള്ള പ്രധാന ആയുധമായി എതിർ സ്ഥാനാർത്ഥികൾ മുന്നോട്ടു വെയ്ക്കുന്നത്.

ഇക്കുറി ഇവിടെ വിജയം ആരുടെ പക്ഷത്തു നിൽക്കും എന്നത് കണ്ടുതന്നെ അറിയണം.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളെജിൽ മൾട്ടിമീഡിയ വിഭാഗത്തിൽ “ഇൻട്രൊഡക്ഷൻ ടു മോഷൻ ഗ്രാഫിക്സ്” എന്ന വിഷയം കൈകാര്യം ചെയ്യാൻ പാർട്ട് ടൈം അധ്യാപകരെ ആവശ്യമുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ 9846730721 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.