ഡോ കെ ജെ വർഗീസിന് മികച്ച ഡീനിനുള്ള അന്താരാഷ്ട്ര പുരസ്കാരം

ഇരിങ്ങാലക്കുട : ഫിലിപ്പൈൻസിലെ വിദ്യാഭ്യാസ വിദഗ്ധരുടെയും ഗവേഷകരുടെയും സംഘടനയായ ഇൻസ്റ്റാബ്രൈറ്റ് ഇൻ്റർനാഷണൽ ഗിൽഡ് ഏർപ്പെടുത്തിയ മികച്ച ഡീനിനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ത്യയിൽ നിന്നും ഡോ കെ ജെ വർഗീസിനു ലഭിച്ചു.

ഇരിങ്ങാലകുട ക്രൈസ്റ്റ് കോളെജിൽ ഇൻ്റർനാഷണൽ അഫേഴ്സ് ഡീനായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.

ഈ കാലയളവിൽ ക്രൈസ്റ്റ് കോളെജ് മുപ്പതിൽപരം അന്താരാഷ്ട്ര സർവ്വകലാശാലകളുമായി ധാരാണാ പത്രങ്ങൾ ഒപ്പുവച്ചിരുന്നു.

അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും കോൺഫറൻസുകളും ശില്പശാലകളും ഡോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

മറ്റു അന്താരാഷ്ട്ര സർവകലാശാലകളിലെ പ്രഫസർമാരുമായി ചേർന്ന് അന്താരാഷ്ട്ര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലെ രണ്ടു യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിങ്ങ് ഫാക്കൽറ്റിയുമായിട്ടുള്ള ഡോ വർഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടിയാണ്.

മനിലയിലെ ഹെരിറ്റേജ് ഹോട്ടലിൽ നടന്ന അന്താരാഷ്ട്ര ഹൈബ്രിഡ് കോൺഫറൻസിൽ വച്ച് ഡോ വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.

“വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025” ൽ പ്രധാനമന്ത്രിയോട് സംവദിക്കാൻ ക്രൈസ്റ്റ് കോളെജിലെ ഹരിനന്ദനനും

ഇരിങ്ങാലക്കുട : ജനുവരി 10, 11, 12 തിയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ”നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025”ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ”വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025 ഡയലോഗ്” പരിപാടിയിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ നിന്ന് ഹരിനന്ദനും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എൻ എസ് എസ് വൊളൻ്റിയറുമായ പി എ ഹരിനന്ദനാണ് ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്.

എടക്കുളം പട്ടശ്ശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് ഹരിനന്ദൻ.

സംസ്ഥാനതലത്തിൽ ഹരിനന്ദനടക്കം 39 പേർക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്.

തൃശൂർ ജില്ലയിൽ നിന്നും ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ അർഹത നേടിയ ഏക വിദ്യാർഥിയാണ് ഹരിനന്ദൻ.

മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സിന്റെ നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് നടത്തിയത്.

ഒന്നാംഘട്ടം ക്വിസ് മത്സരം, രണ്ടാംഘട്ടം ഉപന്യാസ മത്സരം, മൂന്നാംഘട്ടം സംസ്ഥാന തല ”വിഷൻ പിച്ച് ഡെസ്ക്” അവതരണവും അഭിമുഖവും എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ.

പ്രധാനമന്ത്രിയെ കാണാനും മീറ്റിൽ പങ്കെടുക്കാനും പോകുന്നതിന് മുമ്പെ ജനുവരി 6ന് സംസ്ഥാനത്തെ ഗവർണർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും.

7നാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെടുക.

വർണ്ണാഭമായി ക്രൈസ്റ്റ് കോളെജിൻ്റെ ”ചിലമ്പ്” വിളംബര ജാഥ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ കലോത്സവം ”ചിലമ്പി”ൻ്റെ വരവറിയിച്ചു കൊണ്ട് വിദ്യാർഥികൾ നടത്തിയ വിളംബരജാഥ വർണാഭമായി.

വിവിധ കലാരൂപങ്ങളുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.

കടും നിറങ്ങളിൽ ആറാടിയ തെയ്യം രൂപങ്ങളും താളത്തിൽ ചുവടുവെച്ച് നീങ്ങിയ നൃത്തരൂപങ്ങളും, കഥകളി,
കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ സാന്നിദ്ധ്യവും, ചെണ്ടമേളത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയും, തിടമ്പേറ്റിയ യന്ത്രവൽകൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.

ജനുവരി 3, 4, 6 തിയ്യതികളിലായാണ് കലാമേള അരങ്ങേറുന്നത്.

സർവ്വകലാശാല ഇൻ്റർസോൺ മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ പഠന വകുപ്പുകൾ മാറ്റുരയ്ക്കുന്ന ”ചിലമ്പ്” കലാമേള കോളെജ് യൂണിയൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കലാരൂപങ്ങളിലെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന ഈ കലാമേള വിദ്യാർഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആൻഡ്രൂസ് പറഞ്ഞു.

ആഴ്ചകളായുള്ള
പരിശീലനത്തിന് ശേഷമാണ് ഓരോ കലാരൂപവും സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത്.

കോളെജ് വൈസ് പ്രിൻസിപ്പൽമരായ ഡോ സേവ്യർ ജോസഫ്, പ്രൊഫ മേരി പത്രോസ്, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ആശാഭവനിലെ അന്തേവാസികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂർ ആശാഭവനിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം പുതുവർഷത്തെ വരവേറ്റു.

ഏറ്റവും മുതിർന്ന അംഗം റീത്താമ്മ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ, അസി പ്രൊഫ സിജി, അസി പ്രൊഫ നിവേദ്യ, അസി പ്രൊഫ ശ്രീഷ്മ, അസി പ്രൊഫ തൗഫീഖ്, അസി പ്രൊഫ നസീറ, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ആഷ്മിയ, ജോയിന്റ് സെക്രട്ടറി ജിനോ തുടങ്ങി നാൽപതോളം തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.

തൊഴിലിടങ്ങളിൽ എല്ലാവരും തുല്യരെന്ന സ്നേഹം ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുവെച്ച് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളെജിലെ ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിൻസിപ്പൽ റവ ഫാ ജോളി ആൻഡ്രൂസ്, ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

എല്ലാവരെയും തുല്യരായ് കണ്ട് ക്രിസ്തുമസിന്റെ ഉദാത്തമായ സന്ദേശം ഉൾകൊണ്ടത് അഭിനന്ദനാർഹമാണെന്ന് ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ പറഞ്ഞു.

സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ,അസി പ്രൊഫ സോളമൻ ജോസ്, സെക്രട്ടറി സജിൽ, വൈസ് പ്രസിഡന്റ് മീര, ജിനോ എഡ്വിൻ എന്നിവർ നേതൃത്വം നൽകി.

ക്രൈസ്റ്റ് കോളെജിൽ ഹോക്കി കോച്ചിനെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യാ സായ് സെൻ്ററിലേക്ക് ഹോക്കി കോച്ചിനെ ആവശ്യമുണ്ട്.

സീനിയർ നാഷണൽ/ എൻ ഐ എസ് ഡിപ്ലോമ യോഗ്യതയുളള പരിശീലകർക്ക് അപേക്ഷിക്കാവുന്നതാണ്.

താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10 വെളളിയാഴ്‌ച വൈകീട്ട് 3 മണിക്ക് മുമ്പായി ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ക്രൈസ്റ്റ് കോളെജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9495516382 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.