63-ാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളെജിന്

ഇരിങ്ങാലക്കുട : 63 വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി. ഫൈനലിൽ തൃശൂർ ശ്രീ കേരളവർമ്മ കോളെജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്.

നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളെജ് വിജയികളായി.

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളെജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.

വിജയികൾക്ക് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, ജോസ് ജോൺ കണ്ടംകുളത്തി എന്നിവർ ചേർന്ന് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു.

ശ്രീ കേരളവർമ്മ കോളെജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.

ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളെജിൻ്റെ എ.വി. അർജുൻ ദാസിനെ തിരഞ്ഞെടുത്തു.

മികച്ച ഗോൾ കീപ്പറായി ഫഹദ് (ക്രൈസ്റ്റ് കോളെജ്), മികച്ച മിഡ്ഫീൽഡറായി അബിൻ (ക്രൈസ്റ്റ് കോളെജ്), മികച്ച പ്രതിരോധത്തിന് സുജിത്ത് (കേരളവർമ്മ കോളെജ്), മികച്ച ഫോർവേർഡറായി മിതിൽ രാജ് (കേരളവർമ്മ കോളെജ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം ദേവമാതാ കോളെജിലെ റോസ്മെറിൻ ജോജോയ്ക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി 2020ല്‍ വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പേരിൽ ഏര്‍പ്പെടുത്തിയ സംസ്ഥാനതല ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളവിഭാഗം വിദ്യാര്‍ഥിനി റോസ്മെറിൻ ജോജോ അര്‍ഹയായതായി പുരസ്കാര സമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു.

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ മലയാളം ബി. എ. പഠനത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ഡോ. മിനി സെബാസ്റ്റ്യൻ്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ റോസ്മെറിൻ ജോജോ തയ്യാറാക്കിയ ”അടിയാള പ്രേതം : മിത്ത്, ചരിത്രം, ആഖ്യാനം” എന്ന പ്രബന്ധത്തിനാണ് ലഭിച്ചത്.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 20ന് ഉച്ചക്ക് 1 മണിക്ക് ക്രൈസ്റ്റ് കോളെജ് സെൻ്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ സമ്മാനിക്കും.

ഡോ. അജു കെ. നാരായണന്‍ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കോട്ടയം) ഡോ. കെ. വി. ശശി (മലയാളം സര്‍വ്വകലാശാല), ഡോ. അനു പാപ്പച്ചന്‍ (വിമല കോളെജ്), ഡോ. സി .വി. സുധീർ (ക്രൈസ്റ്റ് കോളെജ്) എന്നിവര്‍ ഉൾപ്പെട്ട പുരസ്കാരനിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ ക്രൈസ്റ്റ് കോളെജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ നടക്കുന്ന തൃശൂർ ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു.

മത്സരം തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു.

കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.

കോളെജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി എബിനൈസർ ജോസ്, ട്രഷറർ അരുൺ എന്നിവർ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

19 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

മാപ്പിള കലകളിൽ ക്രൈസ്റ്റിൻ്റെ തേരോട്ടം

ഇരിങ്ങാലക്കുട : മാള ഹോളി ഗ്രേസ് കോളെജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുന്നേറ്റം തുടരുന്നു.

ഇരുന്നൂറോളം പോയിൻ്റുകൾ നേടി മേളയുടെ രണ്ടാം ദിനത്തിൽ ക്രൈസ്റ്റ് ഒന്നാം സ്ഥാനത്താണ്.

മാപ്പിള കലകളിൽ ക്രൈസ്റ്റിൻ്റെ ജൈത്ര യാത്രയാണ് കലാമേളയുടെ രണ്ടാം ദിനം കണ്ടത്.

ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് ( സിംഗിൾ ) എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ക്രൈസ്റ്റ് കോളെജ് അറബന മുട്ടിൽ രണ്ടാമതെത്തി.

പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി മുരിയാട് പഞ്ചായത്തിൻ്റെ വികസന സെമിനാർ

ഇരിങ്ങാലക്കുട : അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന പ്രക്രിയ രൂപപ്പെടുത്തുന്നതിനായി മുരിയാട് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

പശ്ചാത്തല മേഖലയ്ക്കും കുടിവെള്ള മേഖലയ്ക്കും വിദ്യാഭ്യാസ കാർഷിക മേഖലയ്ക്കും മുൻഗണന കൊടുത്തു കൊണ്ടുള്ള വികസന രേഖയാണ് അവതരിപ്പിക്കപ്പെട്ടത്.

വികസന സെമിനാറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

വികസന കാര്യസമിതി ചെയർമാൻ കെ പി പ്രശാന്ത് വികസന രേഖ അവതരിപ്പിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, എ എസ് സുനിൽ കുമാർ, നിജി വത്സൻ, കെ വൃന്ദകുമാരി, ജിനി സതീശൻ, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, നിത അർജ്ജുനൻ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത രവി തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ പി ജസീന്ത നന്ദിയും പറഞ്ഞു.

ബോയ്സ് സ്കൂളിനൊപ്പം തവനിഷ് : സ്കൂളിലെ വിദ്യാർഥിക്ക് വീട് നിർമ്മിച്ചു നൽകാൻ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്‌ വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ധനസഹായം നൽകി.

തവനിഷ്
സമാഹരിച്ച തുക ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ ഫാ ഡോ ജോളി ആൻഡ്രൂസ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ മുരളിക്ക് കൈമാറി.

കായിക വിഭാഗം അധ്യാപകൻ ലാൽ, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ വി ബി പ്രിയ, മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, പ്രസിഡന്റ്‌ ആരോൺ, ട്രഷറർ അക്ഷര, അതുൽ അമിഷ എന്നിവർ പങ്കെടുത്തു.

ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. ഇരുപതു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കാലടി ശ്രീശങ്കര കോളെജ് കിരീടം നേടി.

ക്രൈസ്റ്റ് കോളെജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി ഇഗ്നി മാത്യു, ഡോ സോണി ജോൺ, പ്രൊഫ മേരി പത്രോസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

മെറാക്കി നാഷണൽ കോൺഫറൻസ് ആൻഡ് സ്റ്റുഡൻ്റ്‌സ് മീറ്റ് : ഓവറോൾ ചാമ്പ്യൻമാരായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : മലപ്പുറം, പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളെജ്, പ്രൊഫഷണൽ സോഷ്യൽ വർക്ക്‌ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ”മെറാക്കി” എന്ന നാഷണൽ കോൺഫറൻസിലും സ്റ്റുഡൻ്റ്‌സ് മീറ്റിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

അസിസ്റ്റന്റ് പ്രൊഫസർമാരായ റോസ്മോൾ ഡാനി, ഡോ കെ ആർ വന്ദന എന്നിവർ ടീമിനെ നയിച്ചു.

”മാനസിക ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യ പ്രതിരോധവും : തിരിച്ച് വരവും സപ്പോർട്ട് സംവിധാനവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്.

ഇതിൽ ഇന്ത്യയിലുടനീളമുള്ള വിവിധ കോളെജുകൾ പങ്കെടുത്തു.

ക്രൈസ്റ്റ് കോളെജിലെ സോഷ്യൽ വർക്ക്‌ വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തീം ഡാൻസ്, തെരുവ് നാടകം, സ്പോട് ഡാൻസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, ഫോട്ടോ ഗ്രാഫി, എമെർജിങ് സോഷ്യൽ വർക്കർ എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

ഈ അക്കാഡമിക് വർഷത്തിൽ രണ്ടാമത്തെ ഓവറോൾ ചാമ്പ്യൻഷിപ്പാണ് സോഷ്യൽവർക്ക്‌ ഡിപ്പാർട്മെന്റ് നേടുന്നത്.

വിദ്യാർഥികളെ പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അഭിനന്ദിച്ചു.

19ന് ടൗൺ ഹാളിൽ കൂടാനിരുന്ന പി ജയചന്ദ്രൻ അനുസ്മരണം ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനമർപ്പിച്ച് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന സർവ്വകക്ഷി അനുശോചനയോഗം ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റിയതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ജനുവരി 19ന് വൈകീട്ട് 4 മണിക്ക് ക്രൈസ്റ്റ് കോളെജ് തെക്കനച്ചൻ ഹാളിലാണ് അനുസ്മരണ യോഗം ചേരുക.

ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യ – സാംസ്കാരിക പ്രവർത്തകർ, പി ജയചന്ദ്രനുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നവർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.