– ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
സമാധാനത്തിൻ്റെയും പ്രത്യാശയുടേയും നക്ഷത്രമായി ക്രിസ്തുമസ് മനുഷ്യ മനസ്സുകളിൽ നിറയട്ടെ
ദൈവം മനുഷ്യനായി അവതരിച്ചതിൻ്റെ അനുസ്‌മരണവും ആഘോഷവുമാണ് ക്രിസ്തുമസ്.
മനുഷ്യാവസ്ഥയുടെ എല്ലാ പരിമിതികളിലേക്കും നിസ്സഹായാവസ്ഥകളിലേക്കുമുള്ള ദൈവത്തിൻ്റെ ഇറങ്ങി വരവായിരുന്നു മനുഷ്യാവതാരം. സന്മനസ്സുള്ള സകലർക്കും ഭൂമിയിൽ സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്‌തു കൊണ്ടുള്ള ക്രിസ്‌തുവിൻ്റെ ആഗമനം ചരിത്രത്തിൽ ഒരിക്കൽ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല. ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റേയും ഓർമ്മപ്പെടുത്തൽ കൂടിയാണ്.
സാർവത്രിക കത്തോലിക്കാ സഭ 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആചരിക്കുകയാണ്. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ മുന്നേറാൻ എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്നു വേണ്ടത് പ്രതീക്ഷയുടെ കൈത്തിരി വെട്ടമാണെന്ന തിരിച്ചറിവാണ് ജൂബിലിയുടെ പ്രചോദനം.
യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും അധിനിവേശങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും നക്ഷത്രമായി ക്രിസ്‌തുമസ് മനഷ്യമനസ്സുകളിൽ നിറയട്ടെ.
ആശങ്കയുടെയും ഭീതിയുടെയും നിഴൽവഴികളിൽ ക്ഷമയുടെയും സഹിഷ്‌ണുതയുടെയും പ്രത്യാശയുടെയും കവാടങ്ങൾ കടന്ന് മുന്നേറാൻ മനുഷ്യരാശിക്ക് ക്രിസ്‌തുമസ് പ്രചോദനമാകണം.
അനാഥത്വത്തിന്റെ വേദനയിലും, നിരാശയുടെ അന്ധകാരത്തിലും, പാവപ്പെട്ടവന്റെ നെടുവീർപ്പിലും, പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ നിസ്സഹായതയിലും ദൈവത്തെ കാണാനും കരംനീട്ടി അവനെ ഹൃദയത്തോട് ചേർക്കാനുമുള്ള
സന്മനസ്സാണ് ഇന്നാവശ്യം.
എവിടെ മർദ്ദനത്തിന്റെയും പീഡനത്തിന്റെയും ചൂഷണത്തിന്റെയും നീതിനിഷേധത്തിൻ്റെയും വിലാപമുയരുന്നുണ്ടോ, അവിടെയൊക്കെ നിലവിളിക്കുന്നവൻ്റെ പക്ഷം ചേരാനും അവന് സാന്ത്വനമേകാനും സന്നദ്ധമാകുന്ന മനസ്സ്. ആ മാനസികാവസ്ഥയിലേക്കാണ് വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഉണരേണ്ടത്.
അസത്യത്തിൽനിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്നു അമർത്ത്യതയിലേക്കും നടന്നു കയറാനുള്ള അന്തർദാഹം ആർഷഭാരത പൈതൃകത്തിൻ്റെ ഭാഗമാണ്.
സ്വാർഥതയുടെയും ശത്രുതയുടെയും ഇരുൾനിലങ്ങളിൽ നിന്ന് സമാധാനത്തിൻ്റെയും പ്രത്യാശയുടെയും പുലരിവെളിച്ചത്തിലേക്ക് മിഴി തുറക്കാൻ ക്രിസ്തുമസ് നിമിത്തമാകട്ടെ.
ക്രിസ്തുമസിന്റെയും പുതുവൽസരത്തിന്റെയും ആശംസകൾ എല്ലാവർക്കും നേരുന്നു…!!