കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ് : എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എൽഡിഎഫിന്റെ അഡ്വ. സുജില നിധീഷും പി.കെ. വത്സലനും

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി അവസാനിച്ചതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളായ അഡ്വ. സുജില നിധീഷ്, പി.കെ. വത്സലൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ട അധികൃതർ പ്രഖ്യാപിച്ചു.

40 വയസ്സിന് താഴെയുള്ള വനിതാ സംവരണ ഡിവിഷനിലേക്കാണ് ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നിക്ഷേപക സംവരണ ഡിവിഷനിലേക്കാണ് തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.കെ. വത്സലൻ തെരഞ്ഞെടുക്കപ്പെട്ടത്. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു പി.കെ. വത്സലൻ.

ഇനി 11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ഫെബ്രുവരി 22ന് നടക്കുക.

കരുവന്നൂർ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു.

അഴിമതിയെ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനുശേഷം ചുമതല ഏൽക്കുന്ന മൂന്നാമത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണിത്.

ആർ എൽ ശ്രീലാൽ (കൺവീനർ), പി കെ വത്സലൻ, കെ ജെ ജോൺസൺ (അഡ്മിനിസ്ട്രേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്.

2018 – 19 ൽ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബാങ്കിലെ അഴിമതിക്കെതിരെ പരാതികൾ ഉയർന്നു തുടങ്ങിയത്. തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തി 2020 ഒക്ടോബർ 10ന് റിപ്പോർട്ട് സമർപ്പിച്ചു.

2021 ജൂലൈ 14ന് ബാങ്കിന്റെ ചുമതലയുള്ള അന്നത്തെ സെക്രട്ടറി ഇ എസ് ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ നൽകിയ പരാതിക്ക് ശേഷം ഇ ഡി അന്വേഷണം ഏറ്റെടുത്തു.

അനധികൃതമായി വായ്പകൾ നൽകി ജീവനക്കാരുടെ സംഘം 100 കോടിയോളം രൂപ ബാങ്കിൽ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു പരാതി.

പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ ആയതോടെ 2021 ജൂണിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ചത്.

2023 ഡിസംബറിൽ മൂന്ന് അംഗങ്ങൾ ഉള്ള രണ്ടാമത്തെ കമ്മിറ്റി ചാർജ്ജ് ഏറ്റെടുത്തു. ഇവർ ഒരു വർഷവും ഒരു മാസവും പിന്നിട്ടതോടെയാണ് 3 അംഗങ്ങളുള്ള പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കരുവന്നൂർ ബാങ്ക് : നിക്ഷേപകർക്ക് പണം തിരിച്ചു നൽകണം ; ഇനിയൊരു ആത്മഹത്യ ഇവിടെ സമ്മതിക്കില്ല : പ്രക്ഷോഭവുമായി ബി ജെ പി രംഗത്ത്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ഭർത്താവിൻ്റെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടത് നൽകാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ചികിത്സയ്ക്ക് പണം ലഭിക്കാതെ പോയ പ്രഭ ടീച്ചർ ബാങ്കിന് മുമ്പിൽ സമരമുഖത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു.

ബാങ്കിലെ നിക്ഷേപകർക്ക് എത്രയും വേഗം അവരുടെ നിക്ഷേപങ്ങൾ തിരികെ നൽകണമെന്നും, ഇനിയൊരു ആത്മഹത്യ കരുവന്നൂരിൽ അനുവദിക്കില്ലെന്നും ബി ജെ പി മുന്നറിയിപ്പു നൽകി.

ബി ജെ പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ടി ഡി സത്യദേവ് അധ്യക്ഷത വഹിച്ചു.

ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി സി രമേഷ്, ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടൻ, വൈസ് പ്രസിഡന്റ് സൂരജ് കടുങ്ങാടൻ,
സെക്രട്ടറി ആർട്ടിസ്റ്റ് പ്രഭ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ആർച്ച അനീഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, ട്രഷറർ രമേഷ് അയ്യർ, ശ്യാംജി മാടത്തിങ്കൽ, റീജ സന്തോഷ്, സിന്ധു സതീഷ്, രാധാകൃഷ്ണൻ, ലാമ്പി റാഫേൽ, ഷാജുട്ടൻ, സരിത സുഭാഷ്, രാജു ഇത്തിക്കുളം, ചന്ദ്രൻ അമ്പാട്ട്, രമേഷ് എന്നിവർ നേതൃത്വം നൽകി.