മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ 12 ദിവസമായി നടന്നുവന്നിരുന്ന ഗുരുസ്മരണ ദശരൂപക മഹോത്സവം ഞായറാഴ്ച വേണുജി സംവിധാനം ചെയ്ത മൃച്ഛകടികം കൂടിയാട്ടത്തോടെ സമാപിച്ചു.

കൂടിയാട്ട അവതരണത്തിന് മുൻപ് ഡോ. ഇ.ആർ. നാരായണൻ പ്രകരണങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന കൂടിയാട്ടത്തിൽ വസന്തസേനയായി കപില വേണുവും ചാരുദത്തനായി സൂരജ് നമ്പ്യാരും മാഥുരനായി മാർഗി സജീവ് നാരായണ ചാക്യാരും കർണ്ണപൂരകനായി പൊതിയിൽ രഞ്ജിത്ത് ചാക്യാരും മൈത്രേയനായി കലാമണ്ഡലം ജിഷ്‌ണു പ്രതാപും ശാർവ്വിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാരും സംവാഹകനായി ശങ്കർ വെങ്കിടേശ്വരനും അഹിന്തനായി ഗുരുകുലം തരുണും മദനികയായി സരിത കൃഷ്‌ണകുമാറും രദനികയായി മാർഗി അഞ്ജന എസ്. ചാക്യാരും രോഹസേനനായി അരൻ കപിലയും രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും, താളത്തിൽ ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക എന്നിവരും കുറുംകുഴലിൽ വൈശാഖും ചമയത്തിൽ കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.

ജനപങ്കാളിത്തം കൊണ്ടും കഥകളുടെയും വേഷങ്ങളുടേയും വൈവിധ്യം കൊണ്ടും സവിശേഷമായിരുന്നു ദശരൂപകമഹോത്സവം.

എസ്.എൻ.ബി.എസ്. സമാജം തെരഞ്ഞെടുപ്പ് : നിലവിലുള്ള ഭരണസമിതി ഔദ്യോഗിക പാനലിന് വിജയം

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജം 2026 – 2028 ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതി ഔദ്യാഗിക പാനൽ വൻ വിജയം നേടി.

പ്രാദേശിക വിഭാഗത്തിൽ ടൗൺ വിഭാഗത്തിൽ വേണു തോട്ടുങ്ങൽ – വിജയൻ എളയേടത്ത് എന്നിവർ തമ്മിൽ നടന്ന കടുത്ത മത്സരത്തിൽ വേണു തോട്ടുങ്ങൽ 82 വോട്ടുകൾക്ക് വിജയിച്ചു.

പുല്ലൂർ പ്രാദേശിക വിഭാഗത്തിൽ സുരേഷ് ബാബു കല്ലിംഗപുറവും ദിനേഷ് എളന്തോളിയും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ദിനേഷ് എളന്തോളി 104 വോട്ടിന് വിജയിച്ചു.

പ്രാദേശികം തുറവൻകാട് വിഭാഗം മത്സരത്തിൽ ശ്രീജിത്ത് മച്ചാട്ട് – അകേഷ് കണ്ടങ്ങത്ത് എന്നിവർ തമ്മിൽ നടന്ന മത്സരത്തിൽ ശ്രീജിത്ത് മച്ചാട്ട് 229 വോട്ടിന് വിജയിച്ചു.

പ്രാദേശിക വിഭാഗം കോമ്പാറ വിഭാഗം മത്സരത്തിൽ കുട്ടൻ കണ്ണാംകുളം ബോസ് തണ്ടാശ്ശേരിയേക്കാൾ 172 വോട്ടിന് വിജയിച്ചു.

ജനറൽ വിഭാഗം മത്സരങ്ങളിൽ പ്രവികുമാർ ചെറാക്കുളം (783 വോട്ട്), കിഷോർ കുമാർ നടുവളപ്പിൽ (782 വോട്ട്), ഷിജിൻ തവരങ്ങാട്ടിൽ (769 വോട്ട്), ബിന്നി അതിരിങ്ങൽ (759 വോട്ട്), സജീവ് എലിഞ്ഞിക്കോടൻ (754 വോട്ട്), വിശ്വംഭരൻ മുക്കുളം (741 വോട്ട്), പ്രദീപ് ചോളിപറമ്പിൽ (741 വോട്ട്), സുരേന്ദ്രൻ ചാണാടിക്കൽ (739 വോട്ട്), സുരേഷ്ബാബു കൂവപറമ്പിൽ (737 വോട്ട്), വിജു കൊറ്റിക്കൽ (735 വോട്ട്), ബാബു കുണ്ടിൽ (699 വോട്ട്) എന്നിവർ വിജയികളായി.

സേവാഭാരതി വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി 18-ാമത് വാർഷിക പൊതുയോഗം
ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വെച്ച് പ്രസിഡൻ്റ് നളിൻ ബാബുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.

സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് സേവാ സന്ദേശം നൽകി.

രാഷ്ട്രീയ സ്വയംസേവക് സംഘം ഇരിങ്ങാലക്കുട ഖണ്ഡ് കാര്യവാഹ് കെ.കെ. കണ്ണൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

നളിൻ ബാബു (പ്രസിഡന്റ്), പ്രകാശൻ കൈമാപറമ്പിൽ, ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), വി. സായ്‌റാം (സെക്രട്ടറി),
ഗോപിനാഥൻ പീടികപ്പറമ്പിൽ, മനോജ് കല്ലിക്കാട്ട് (ജോയിന്റ് സെക്രട്ടറിമാർ), ഐ. രവീന്ദ്രൻ (ട്രഷറർ) ജഗദീഷ് പണിക്കവീട്ടിൽ (ആരോഗ്യ വിഭാഗം കൺവീനർ), കല കൃഷ്ണകുമാർ (വിദ്യാഭ്യാസ വിഭാഗം കൺവീനർ), ഹരികുമാർ തളിയക്കാട്ടിൽ (സ്വാവലംബൻ കൺവീനർ), ഒ.എൻ. സുരേഷ് (ആപത് സേവ കൺവീനർ), പി. മോഹനൻ (സാമാജികം കൺവീനർ), കവിത ലീലാധരൻ, സതീഷ് പള്ളിച്ചാടത്ത് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

രാജിലക്ഷ്മി സുരേഷ്ബാബു, ശ്രീജിത്ത് ശ്രീനിവാസൻ, സൗബിൻ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും ഐ.കെ. ശിവാനന്ദൻ, പി.കെ. ഭാസ്കരൻ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

പി.ടി.എ. ജനറൽബോഡി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൻ്റെ പി.ടി.എ. ജനറൽ ബോഡി യോഗം തൃശൂർ ഇൻ്റേണൽ സെക്യൂരിറ്റി ഡിവൈഎസ്പി പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തിൽ രക്ഷിതാക്കൾ ജാഗ്രതയോടെ പാലിച്ചിരിക്കേണ്ട വസ്തുതകൾ അദ്ദേഹം അനുഭവങ്ങൾ നിരത്തി വിശദീകരിച്ചു.

പി.ടി.എ. പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി.

അക്കാദമിക മാസ്റ്റർ പ്ലാൻ ബിപിസി കെ.ആർ. സത്യപാലൻ പ്രകാശനം ചെയ്തു.

പി.ടി.എ. വൈസ് പ്രസിഡൻ്റ് വി.എസ്. സുധീഷ് സ്‌കൂളിൻ്റെ വാർത്താപത്രമായ “കുരുന്നില”യുടെ ജൂൺമാസ എഡിഷൻ പ്രകാശനം ചെയ്തു.

തുടർന്ന് ചർച്ചയും മികവുകളുടെ അവതരണവും തെരഞ്ഞെടുപ്പും നടന്നു.

വി.എസ്. സുധീഷിൻ്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.

യോഗത്തിൽ ഹെഡ്‌മിസ്ട്രസ്സ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും

ഇരിങ്ങാലക്കുട : പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും നടന്നു.

അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. സ്‌മൃതിപൂജ ഉദ്ഘാടനം ചെയ്തു.

വേണുജി ദീപം കത്തിച്ച് ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിൽ അമ്മന്നൂർ കുട്ടൻ ചാക്യാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധു ചാക്യാരെ ആദരിച്ചു.

കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെമിനാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളെജ് പ്രിൻസിപ്പൽ ഡോ. സരിത മഹേശ്വരൻ “നാട്യശാസ്ത്രത്തിലെ ദശരൂപക വിതാനം – കവികളുടെ രൂപകല്പനയും ഗ്രന്ഥ സാഹിത്യവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

തുടന്ന് ഡോ. എ.ആർ. ശ്രികൃഷ്ണൻ ഭാസകൃതികളും “ദശരൂപ വിഭാഗി കരണവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

തുടർന്ന് നിപിൻ ഉണ്ണി “ആധുനിക നാടകവേദിയും ദശരൂപകങ്ങളും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് വിപുലമായ ചർച്ചയോടെ സെമിനാർ സമാപിച്ചു.

വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തിന്റെ ഭാഗമായി
കരൂപ്പടന്ന ഗ്രാമീണ വായനശാല
‘നവചേതന വയോജന വേദി’യുടെ ആഭിമുഖ്യത്തിൽ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു.

വള്ളിവട്ടം സർവ്വീസ് സഹകരണ ബാങ്ക് ഈസ്റ്റ് ബ്രാഞ്ച് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

തുടർന്ന് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ/ ഫെസിലിറ്റേറ്റർ ആയ മാർഷൽ സി. രാധാകൃഷ്ണൻ വായോജന സംരക്ഷണ നിയമം, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ പദ്ധതി, സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ക്ലാസ്സ്‌ നയിച്ചു.

മക്കൾ പ്രായമായ മാതാപിതാക്കളെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നും മാതാപിതാക്കളുടെ സ്വത്ത് വകകൾ നിയമപരമായി മക്കൾക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

സാമൂഹ്യനീതി വകുപ്പ് നടത്തിവരുന്ന വിവിധ വയോജനക്ഷേമ പദ്ധതികളും ബോധവത്കരണ ക്ലാസ്സിൽ അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് കലാകാരൻ ആദിത്യൻ കാതിക്കോടിന്റെ ‘പുഴയുടെ ചങ്ങാതി’ എന്ന ഒറ്റയാൾ നാടകവും അരങ്ങേറി.

നവചേതന വയോജനവേദി ജോയിന്റ് സെക്രട്ടറി ടി.ബി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ.ബി. ഷക്കീല ടീച്ചർ, വായനശാല സെക്രട്ടറി പി.കെ. അബ്ദുൾ മനാഫ്, ഭരണസമിതി അംഗം ഷൈജു സേതുകുമാർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് (സിഐടിയു) ജില്ലാ പഠന ക്ലാസ്സ്‌ ഇരിങ്ങാലക്കുട പി.ആർ. ബാലൻ മാസ്റ്റർ ഹാളിൽ വച്ച് നടന്നു.

ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മതിലകം, മാള, കൊടുങ്ങല്ലൂർ എന്നീ പ്രോജെക്ടുകളിൽ നിന്ന് തെരഞ്ഞെടുത്ത അങ്കണവാടി പ്രവർത്തകർക്കുള്ള പഠന ക്ലാസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ജില്ലാ പ്രസിഡന്റ്‌ അജിത അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.എസ്. പ്രസന്ന ടീച്ചർ ക്ലാസ്സ് നയിച്ചു.

മതിലകം പ്രോജക്ടിലെ നന്ദിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോഫിയ, കവിത എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ബിന്ദു സ്വാഗതവും സെക്രട്ടറി ജയശ്രീ നന്ദിയും പറഞ്ഞു.

വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് വാർഷിക പദ്ധതിയിലേക്കുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.

പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും സെക്രട്ടറിയും പഞ്ചായത്ത് ജീവനക്കാരും വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരും അംഗങ്ങളും പങ്കെടുത്തു.