ഇരിങ്ങാലക്കുട : കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വസന്തൻ അടക്കം മൂന്ന് പേർ പിടിയിൽ.
താഴേക്കാട് കൊമ്പിടി സ്വദേശികളായ പുല്ലൂർ വീട്ടിൽ അനിക്കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാർ (36), പുതൂർ വീട്ടിൽ സുട്ടൻ എന്ന് വിളിക്കുന്ന വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരെയാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 1ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
വീടിന്റെ സിറ്റ്ഔട്ടിൽ നിന്നിരുന്ന യുവതിയുടെ തലമുടിയിൽ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അനിൽകുമാർ ആളൂർ, അന്തിക്കാട്, മാള, കൊടകര, ചാലക്കുടി, കാട്ടൂർ, ആലത്തൂർ സ്റ്റേഷനുകളിലായി മൂന്ന് കവർച്ചാ കേസുകളിലും ഒരു മോഷണ കേസിലും ഒരു അടിപിടി കേസിലും അടക്കം 8 ക്രിമനൽ കേസുകളിലെ പ്രതിയാണ്.
വസന്തനെതിരെ ആളൂർ, മാള, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസ് ഉൾപ്പെടെ 5 ക്രിമിനൽ കേസുകളുണ്ട്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർ കെ.ടി. ബെന്നി, ജിഎസ്ഐ മിനിമോൾ, സി.പി.ഒ.മാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.














