

ഇരിങ്ങാലക്കുട : പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും നടന്നു.
അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. സ്‌മൃതിപൂജ ഉദ്ഘാടനം ചെയ്തു.
വേണുജി ദീപം കത്തിച്ച് ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിൽ അമ്മന്നൂർ കുട്ടൻ ചാക്യാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധു ചാക്യാരെ ആദരിച്ചു.
കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സെമിനാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളെജ് പ്രിൻസിപ്പൽ ഡോ. സരിത മഹേശ്വരൻ “നാട്യശാസ്ത്രത്തിലെ ദശരൂപക വിതാനം – കവികളുടെ രൂപകല്പനയും ഗ്രന്ഥ സാഹിത്യവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
തുടന്ന് ഡോ. എ.ആർ. ശ്രികൃഷ്ണൻ ഭാസകൃതികളും “ദശരൂപ വിഭാഗി കരണവും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
തുടർന്ന് നിപിൻ ഉണ്ണി “ആധുനിക നാടകവേദിയും ദശരൂപകങ്ങളും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് വിപുലമായ ചർച്ചയോടെ സെമിനാർ സമാപിച്ചു.

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തിന്റെ ഭാഗമായി
കരൂപ്പടന്ന ഗ്രാമീണ വായനശാല
‘നവചേതന വയോജന വേദി’യുടെ ആഭിമുഖ്യത്തിൽ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു.
വള്ളിവട്ടം സർവ്വീസ് സഹകരണ ബാങ്ക് ഈസ്റ്റ് ബ്രാഞ്ച് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ/ ഫെസിലിറ്റേറ്റർ ആയ മാർഷൽ സി. രാധാകൃഷ്ണൻ വായോജന സംരക്ഷണ നിയമം, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ പദ്ധതി, സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ക്ലാസ്സ് നയിച്ചു.
മക്കൾ പ്രായമായ മാതാപിതാക്കളെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നും മാതാപിതാക്കളുടെ സ്വത്ത് വകകൾ നിയമപരമായി മക്കൾക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
സാമൂഹ്യനീതി വകുപ്പ് നടത്തിവരുന്ന വിവിധ വയോജനക്ഷേമ പദ്ധതികളും ബോധവത്കരണ ക്ലാസ്സിൽ അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് കലാകാരൻ ആദിത്യൻ കാതിക്കോടിന്റെ ‘പുഴയുടെ ചങ്ങാതി’ എന്ന ഒറ്റയാൾ നാടകവും അരങ്ങേറി.
നവചേതന വയോജനവേദി ജോയിന്റ് സെക്രട്ടറി ടി.ബി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.ബി. ഷക്കീല ടീച്ചർ, വായനശാല സെക്രട്ടറി പി.കെ. അബ്ദുൾ മനാഫ്, ഭരണസമിതി അംഗം ഷൈജു സേതുകുമാർ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് (സിഐടിയു) ജില്ലാ പഠന ക്ലാസ്സ് ഇരിങ്ങാലക്കുട പി.ആർ. ബാലൻ മാസ്റ്റർ ഹാളിൽ വച്ച് നടന്നു.
ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മതിലകം, മാള, കൊടുങ്ങല്ലൂർ എന്നീ പ്രോജെക്ടുകളിൽ നിന്ന് തെരഞ്ഞെടുത്ത അങ്കണവാടി പ്രവർത്തകർക്കുള്ള പഠന ക്ലാസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ജില്ലാ പ്രസിഡന്റ് അജിത അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.എസ്. പ്രസന്ന ടീച്ചർ ക്ലാസ്സ് നയിച്ചു.
മതിലകം പ്രോജക്ടിലെ നന്ദിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോഫിയ, കവിത എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ബിന്ദു സ്വാഗതവും സെക്രട്ടറി ജയശ്രീ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് വാർഷിക പദ്ധതിയിലേക്കുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.
പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും സെക്രട്ടറിയും പഞ്ചായത്ത് ജീവനക്കാരും വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരും അംഗങ്ങളും പങ്കെടുത്തു.

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന് നിവേദനം നൽകി.
പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം സമർപ്പിച്ചത്.
ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
കുടുംബാരോഗ്യകേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള അധിക തസ്തികകൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി. ചികിത്സ തടസപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാനായി അസിസ്റ്റന്റ് സർജൻ (1), നഴ്സിങ്ങ് ഓഫീസർ (2), ഫാർമസിസ്റ്റ് (1) എന്നീ തസ്തികകൾ അടിയന്തരമായി അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ സ്ഥാപനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നീ തസ്തികകൾ നിലവിലില്ല. ഈ തസ്തികകൾ പുതുതായി അനുവദിക്കുന്നതിനോടൊപ്പം തന്നെ, പ്രദേശത്തെ ജനസംഖ്യാ ആനുപാതികമായി ഒരു ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്- 2 തസ്തിക കൂടി അത്യാവശ്യമാണെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആശുപത്രിക്ക് സ്വന്തമായി 85 സെന്റ് സ്ഥലം ലഭ്യമാണെങ്കിലും, നിലവിൽ ഒരു ചെറിയ കെട്ടിടത്തിലാണ് എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചു വരുന്നത്. ഇത് രോഗികൾക്കും ജീവനക്കാർക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഒ.പി. വിഭാഗത്തിന് മാത്രമായി പുതിയൊരു കെട്ടിടം (ഒ.പി ബ്ലോക്ക്) നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ഹജീഷ്, വാർഡ് മെമ്പർ ടി.ഡി. ദശോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തിയത്.

ഇരിങ്ങാലക്കുട : കർക്കിടക മാസത്തോടനുബന്ധിച്ചുള്ള നാലമ്പല തീർത്ഥാടനത്തിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
കാട്ടുങ്ങച്ചിറയിലുള്ള റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തായിരുന്നു യോഗം.
ജൂലൈ 17 (കർക്കിടകം 1) വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 16 ഞായറാഴ്ച വരെയാണ് ഈ വർഷത്തെ നാലമ്പല ദർശനം. വിവിധ ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ, തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ആസൂത്രണം ചെയ്യുന്നത്.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടങ്ങി ഇരിങ്ങാലക്കുട കൂടൽമാണിക്യം (ഭരതൻ), മൂഴിക്കുളം ലക്ഷ്മണപെരുമാൾ, പായമ്മൽ ശത്രുഘ്ന ക്ഷേത്രം വഴി വീണ്ടും തൃപ്രയാറിൽ തന്നെ സമാപിക്കുന്നതാണ് പരമ്പരാഗത നാലമ്പല തീർത്ഥാടനം. ഇതിൽ മൂന്ന് പ്രധാന ക്ഷേത്രങ്ങളും തൃശൂർ റൂറൽ പൊലീസിന്റെ പരിധിയിലാണ് വരുന്നത്. തൃപ്രയാർ ക്ഷേത്രം വലപ്പാട് സ്റ്റേഷൻ പരിധിയിലും, കൂടൽമാണിക്യം ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലും, പായമ്മൽ ക്ഷേത്രം കാട്ടൂർ സ്റ്റേഷൻ പരിധിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
വിവിധ ജില്ലകളിൽ നിന്നെത്തുന്ന ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ദർശന സൗകര്യങ്ങൾ ഒരുക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി.
നാട്ടിക നിയോജക മണ്ഡലം എം.എൽ.എ ഗീത ഗോപി, ഇരിങ്ങാലക്കുട എം.എൽ.എ. ഓഫീസിനെ പ്രതിനിധീകരിച്ച് സിജോയ് തോമസ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ഇരിങ്ങാലക്കുട നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, പൊലീസ് വിഭാഗത്തിൽ നിന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, എസ്.എച്ച്.ഒ.മാരായ പി.എം. ഷമീർ (കാട്ടൂർ), കെ. അനിൽകുമാർ (വലപ്പാട്), കെ.വി. ഹരിക്കുട്ടൻ (ആളൂർ), ടി. ദിലീഷ് (ഇരിങ്ങാലക്കുട), രമേശ് (അഴിക്കോട് കോസ്റ്റൽ), മാള സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.പി. ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിവിധ വകുപ്പുകളെയും ക്ഷേത്ര സമിതികളെയും പ്രതിനിധീകരിച്ച് തൃശൂർ ഡെപ്യൂട്ടി ഡിഎംഒ ഡോ. സുജ അലോഷ്യസ്, ഡിഎംഒ (ആരോഗ്യം) ടെക്നിക്കൽ അസിസ്റ്റന്റുമാരായ (ഗ്രേഡ് II) എ.ജെ. ആന്റോ, എൽ.എൽ. മനോജ് ചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം. മനോജ് കുമാർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ്, തൃപ്രയാർ ദേവസ്വം മാനേജർ കെ.വി. വിനീത, പായമ്മൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.എസ്. സുലേഷ്, പായമ്മൽ ക്ഷേത്ര പ്രതിനിധി ഇ.കെ. രമേശ് എന്നിവരും കൂടാതെ ഇരിങ്ങാലക്കുട ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിൻ, ഫുഡ് സേഫ്റ്റി ഓഫീസർ പി.ആർ. രാജി, പൊറത്തിശ്ശേരി എഫ്.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. അജീഷ്, ഇരിങ്ങാലക്കുട സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. അനിൽ, ആനന്ദപുരം സി.എച്ച്.സി. ഹെൽത്ത് സൂപ്പർവൈസർ എൻ. രമേശ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ക്ഷേത്രങ്ങളിലേക്കുള്ള വഴികളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്തർക്കായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കും. ക്ഷേത്രങ്ങളിൽ വരിയായി ക്രമമായ ദർശനം സുഗമമാക്കാൻ ബാരിക്കേഡുകളും വ്യവസ്ഥാപിതമായ വരികളും സ്ഥാപിക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസ്, സുരക്ഷാ ജീവനക്കാർ, വൊളന്റിയർമാർ എന്നിവരെ വിന്യസിക്കും.
വേഗത്തിലുള്ള ഏകോപനത്തിനായി ക്ഷേത്രവളപ്പിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കും. പൊലീസും ക്ഷേത്ര അധികാരികളും തമ്മിലുള്ള ആശയവിനിമയത്തിനായി ‘ലെയ്സൺ ഓഫീസറെ’ ചുമതലപ്പെടുത്തും.
ക്ഷേത്ര പരിസരങ്ങളിൽ ആവശ്യത്തിന് സി.സി.ടി.വി. ക്യാമറകൾ ഉറപ്പാക്കുകയും തകരാറിലുള്ളവ ഉടൻ പരിഹരിക്കുകയും ചെയ്യും.
മോഷണം തടയാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സ്ഥിരം കുറ്റവാളികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക സംരക്ഷണ നടപടികൾ ഉണ്ടാകും. ക്ഷേത്രങ്ങളിലെ നദികൾക്കും കുളങ്ങൾക്കും സമീപം മുങ്ങിമരണങ്ങൾ തടയാൻ ജീവൻരക്ഷാ ഉപകരണങ്ങളും ബോട്ടുകളുമായി കോസ്റ്റൽ സെക്യൂരിറ്റി ടീമുകളെയും വിദഗ്ധരെയും നിയോഗിക്കും.
ഭക്തർക്കായി പ്രഥമശുശ്രൂഷയും ആംബുലൻസും അടങ്ങുന്ന അടിയന്തിര മെഡിക്കൽ സംഘത്തെ സജ്ജമാക്കും.
ക്ഷേത്രവും പരിസരവും നിരന്തരം ശുചീകരിക്കും. ആവശ്യത്തിന് മാലിന്യ നിക്ഷേപ പെട്ടികൾ (ഡസ്റ്റ്ബിന്നുകൾ) സ്ഥാപിക്കും. ഭക്തർക്കായി ശുചിത്വമുള്ള ശൗചാലയങ്ങളും കുളിമുറികളും ഒരുക്കും.
ക്ഷേത്ര പരിസരങ്ങളിൽ സുരക്ഷയ്ക്കായി മതിയായ ലൈറ്റിംഗ് ക്രമീകരണങ്ങൾ ഉറപ്പാക്കും. ഭക്തർക്ക് കുടിവെള്ളവും ശുചിത്വമുള്ള ഭക്ഷണവും വിതരണം ചെയ്യും. സമീപത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും ശുചിത്വം പാലിക്കാനും കർശന നിർദ്ദേശം നൽകും.

ഇരിങ്ങാലക്കുട : കാലദേശാതിർത്തികൾ ഭേദിക്കുന്ന ഒത്തൊരുമയുടെ ആസ്വാദനാനുഭവം പകരുന്ന കായിക മത്സരങ്ങളുടെ പ്രാധാന്യം വിളിച്ചോതി, കാൽപ്പന്തുകളിയുടെ മാന്ത്രികാവേശം ഉൾക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഫിഫ ഫിയസ്റ്റ’ ആഘോഷിച്ചു.
വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞെത്തിയ കുട്ടികൾ ക്യാമ്പസിനെ വർണ്ണാഭമാക്കി.
ആറു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുത്തു.
ആവേശമുണർത്തുന്ന ബാനർ റിവീലും ഫ്ലാഷ് മോബുകളും ഉണ്ടായിരുന്നു.
പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ എന്നിവർ പങ്കെടുത്തു.
കായികവിഭാഗം അധ്യാപകരായ റോസ്മി ഷിജു, സലീഷ്, വൈഷ്ണവി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഇരിങ്ങാലക്കുട : വിശുദ്ധി നിറഞ്ഞ ആത്മീയാചാര്യനായിരുന്നു മാർ ജെയിംസ് പഴയാറ്റിലെന്നും അദ്ദേഹത്തിന്റെ ജീവിതമാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
രൂപതയുടെ പ്രഥമ ബിഷപ്പും 32 വർഷം വിവിധ രംഗങ്ങളിൽ വികസനത്തിൻ്റെ സാരഥിയുമായിരുന്ന മാർ ജെയിംസ് പഴയാറ്റിലിൻ്റെ 10-ാം ചരമവാർഷികത്തോടനുബന്ധിച്ച് സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ അനുസ്‌മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവത്തിലാശ്രയിച്ചു മുന്നോട്ടുപോകാൻ അദ്ദേഹം ജീവിതത്തിലുടനീളം പ്രചോദനം നൽകി. ജാതി മതഭേദമെന്യ സർവവിഭാഗം ജനങ്ങൾക്കും കാരുണ്യത്തിൻ്റെയും നന്മയുടെയും നിരവധി വാതിലുകൾ തുറന്നിട്ടു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും വിശുദ്ധിയുടെയും സുവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.
രൂപതയിലെ 141 ഇടവകകളിലും ആയിരക്കണക്കിനു വിശ്വാസികൾ അനുസ്‌മരണ ദിവ്യബലിയിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു.
രൂപത ആസ്ഥാന ദൈവാലയമായ കത്തീഡ്രലിൽ നടന്ന സമൂഹബലിയിലും കബറിടത്തിലുള്ള പ്രാർഥനകളിലും മാർ പോളി കണ്ണൂക്കാടനോടൊപ്പം നൂറിലേറെ വൈദികർ സഹകാർമികത്വം വഹിച്ചു.
വൈദികരും സന്യസ്‌തരും അൽമായ പ്രതിനിധികളും ഉൾപ്പെടെയുള്ള വൻ വിശ്വാസി സമൂഹം തങ്ങളുടെ പ്രിയപ്പെട്ട ആത്മീയാചാര്യന് ആദരാഞ്ജലി അർപ്പിച്ചു.
രൂപത ചാൻസലർ ഫാ. കിരൺ തട്ട്ല, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൺ ഈരത്തറ, മോൺ. ആൻ്റോ ആലപ്പാടൻ, ഫിനാൻസ് ഓഫീസർ ഫാ. ലിജോ കോങ്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവും, ട്രേഡ് യൂണിയൻ സംഘാടകനും, സാംസ്‌കാരിക നായകനുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ പേരിലുള്ള സ്‌മാരക അവാർഡ് മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്.
മുടിയേറ്റ് എന്ന ക്ലാസിക്കൽ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനും വേണ്ടി ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ടി.എൻ. സ്‌മാരക സമിതി പ്രസിഡൻ്റ് ഇ. ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു.
ജൂലായ് 18ന് ടി.എൻ. നമ്പൂതിരിയുടെ 48-ാം ചരമവാർഷികദിനത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കും.