ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ മൂന്നാംഘട്ട പ്രചാരണങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ മൂന്നാഘട്ട പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

വ്യാപാരസ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.

കാട്ടൂർ, പടിയൂർ, പൂമംഗലം ഇരിങ്ങാലക്കുട ടൗൺ എന്നീ മണ്ഡലങ്ങളിലാണ് സന്ദർശനം നടത്തിയത്.

കെ.എ. തോമസ് മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും 27ന് മാളയിൽ

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.എ. തോമസ് മാസ്റ്ററുടെ 15-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 27ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്, കവി പി.എൻ. ഗോപീകൃഷ്ണൻ നൽകും.

പുതിയ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 5 ഫൗണ്ടേഷൻ അംഗങ്ങൾക്ക് സ്വീകരണം നൽകും.

മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയവർക്കുള്ള ഡോണർ കാർഡുകൾ വേദിയിൽ വിതരണം ചെയ്യും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി ആരംഭിച്ചു.

ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ കുടുംബാംഗം രാമചന്ദ്രൻ രാവിലെ എട്ട് മണിക്ക് തൃപ്പടിയിൽ സമർപ്പിച്ചു.

അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി ക്ഷേത്രനടപ്പുരയിൽ വെച്ച് ശാസ്താവിന് സമർപ്പിച്ചു.

മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ
ചേർന്ന് ഏറ്റുവാങ്ങി.

തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിച്ചു.

കൊടിയേറ്റ ദിവസം രാവിലെ 5 ന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .

ആറാട്ടുപുഴ ശാസ്താവിന് ഭക്തർ ചമയങ്ങൾ സമർപ്പിച്ചു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തർ സമർപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം
പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലായിരുന്നു സമര്‍പ്പണം.

കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയും തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ശാസ്താവിന് സമര്‍പ്പിച്ചു.

കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും ആലവട്ടം, ചാമരം എന്നിവ ഒരുക്കിയതിൽ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറും ചുമതലക്കാരാണ്.

സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 28ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗവും കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് മാർച്ച്‌ 28 ശനിയാഴ്ച സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശൻ കൈമാപ്പറമ്പിൽ അധ്യക്ഷതവഹിക്കും.

കാറളം പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ നീതു അനീഷ് ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യതിഥിയായി പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ : 9497624692.

പി. ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ പത്രപ്രവർത്തകനായിരുന്ന പി. ശ്രീധരൻ്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങ് സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായി.

വി.ആർ. ലിഷോയ്, കെ. ദിനേശ് രാജ, ചന്ദ്രൻ കാട്ടൂർ, ഇരിങ്ങാലക്കുട ബാബുരാജ്, കെ.പി. രാജൻ, ജോസ് മഞ്ഞില, ആൻ്റണി കൈതാരത്ത്, പഴുവിൽ ഗോപിനാഥ്, ഡോ. ജോൺസൺ ഫ്രാൻസിസ്, നോമി കൃഷ്ണ, കെ.വി. മണി, എൻ.എസ്. രാജൻ, ആശ യതീന്ദ്രദാസ്, ശിവദാസൻ ചെമ്മണ്ട തുടങ്ങിയവർ പ്രസംഗിച്ചു.

ആറാട്ടുപുഴയിൽ ചമയ ദ്രവ്യ സമര്‍പ്പണം മാർച്ച് 23ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്ക്‌ ആവശ്യമായ ചമയങ്ങള്‍ തയ്യാറായി.

പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിൽ മാർച്ച് 23ന് വെെകുന്നേരം 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.

കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതിയതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമ്മാണവും പൂർത്തിയായി.

കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും ആലവട്ടം, ചാമരം എന്നിവ ഒരുക്കിയതിൽ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറും ചുമതലക്കാരാണ്.

തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി മാർച്ച് 23ന് തുടങ്ങും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള ശുദ്ധികർമ്മങ്ങൾ മാർച്ച് 23ന് (തിങ്കളാഴ്ച്ച) ആരംഭിക്കും.

ഇതിനാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ രാമചന്ദ്രൻ തൃപ്പടിയിൽ സമർപ്പിക്കുന്നതോടു കൂടി ചടങ്ങുകൾക്ക് തുടക്കമാകും.

അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി വൈകിട്ട് 5 ന് ക്ഷേത്രനടപ്പുരയിൽ വെച്ച് ശാസ്താവിന് സമർപ്പിക്കും.

മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ
ചേർന്ന് ഏറ്റുവാങ്ങും.
തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിക്കും.

കൊടിയേറ്റ ദിവസം രാവിലെ 5ന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : പുല്ലൂർ മന്ത്രിപുരം റോഡ് നാരാട്ടിൽ വീട്ടിൽ പരേതനായ കണ്ണൻ മകൻ ചന്ദ്രൻ (67) നിര്യാതനായി.

മുൻ ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു.

സംസ്കാരം മാർച്ച് 20 (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്ക് മുക്തിസ്ഥാനിൽ.

ഭാര്യ : ലിജി

മകൻ : ശരത്ത്

മരുമകൾ : പ്രിൻഷ

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : കാളിദാസ എഫ്.സി. തൃശൂർ ഫൈനലിൽ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ മത്സരം രൂപതാ മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സിനിമാതാരം ഇടവേള ബാബു മുഖ്യാതിഥിയായിരുന്നു.

മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഫൈനാൻസ് ജോ. കൺവീനർ മാത്യു ജോർജ്ജ് സ്വാഗതവും ടീം ജോയിൻ്റ് കോർഡിനേറ്റർ സുനിൽ ആന്റപ്പൻ നന്ദിയും പറഞ്ഞു.

ആദ്യ സെമിഫൈനൽ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., ടീംസ് പഞ്ചവടി മലപ്പുറത്തെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്.

22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ചീനിക്കാസ് ചാലക്കുടിയും യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളിയും തമ്മിൽ ഏറ്റുമുട്ടും.