ഇരിങ്ങാലക്കുട : ദക്ഷിണേന്ത്യയിലെ വിഖ്യാത കലാകേന്ദ്രങ്ങളിലൊന്നായ അഡയാറിലെ കലാക്ഷേത്രയിൽ ഭരതനാട്യത്തിന്റെ സംരക്ഷകയായ രുക്മണി ദേവി അരുണ്ഡയിലും കൂടിയാട്ടം കലയുടെ ആധികാരിക വക്താവായ ഡി. അപ്പുക്കുട്ടൻ നായരും ചേർന്ന് രൂപ കൽപ്പന ചെയ്ത അതിവിശിഷ്ടമായ ഭരതകലാക്ഷേത്രം എന്ന കൂത്തമ്പലത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ ഗുരു വേണുജി സംവിധാനം ചെയ്ത ‘മുച്ഛകടികം’ കൂടിയാട്ടം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.
കേരളത്തിലെ വ്യത്യസ്ത സ്ഥാപനങ്ങിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കലാകാരന്മാർ ചേർന്നാണ് ശുദ്രകന്റെ മൃച്ഛകടികം അരങ്ങിലെത്തിച്ചത്.
പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു വസന്ത സേനയായും സൂരജ് നമ്പ്യാർ ചാരുദാത്തനായും മാർഗി സജി നാരായണ ചാക്യാർ മാഥുരനെയും പൊതിയിൽ രഞ്ജിത്ത് ചാക്യാർ കർണപൂരകനായും നെപത്യ ശ്രീഹരി ചാക്യാർ ശർവ്വിലകനായും ശങ്കർ വെങ്കിടേശ്വരൻ സംവാഹകനായും ഗുരുകല തരുൺ, സരിത കൃഷ്ണകമാർ, അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ മറ്റു കഥാപത്രങ്ങളായും വേഷമിട്ടു.
കലാമണ്ഡലം രാജീവ്, ഹരിഹരൻ വിനീഷ്, നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും വൈശാഖ് (കുറുകഴൽ), ഗുരുകുലം അതുല്യ (താളം) എന്നിവർ പശ്ചാത്തല മേളം ഒരുക്കി.
കലാനിലയം ഹരിദാസ്, വൈശാഖ് എന്നിവരായിരുന്നു ചമയം.
കൂടിയാട്ടത്തിന് മുന്നോടിയായി പ്രശസ്ത നർത്തകിയും കലാനിരൂപകയുമായ ഡോ. അനിത രത്നം വേണുജിയുമായി സഹൃദ ഫൗണ്ടേഷന്റെ അരങ്ങിൽ നടത്തിയ സംവാദം കേൾക്കുവാൻ നിറഞ്ഞ സദസ്സുണ്ടായി.
നവംബർ 16ന് കലാക്ഷേത്രയുടെ കൂത്തമ്പലത്തിൽ മഹാത്മാ ഗാന്ധിയുടെ പൗത്രൻ ഗോപാലകൃഷ്ണ ഗാന്ധി, ഗായകൻ ടി.എം. കൃഷ്ണ, ഗായിക ബോംബെ ജയശ്രീ തുടങ്ങി നാനൂറോളം പേർ നിറഞ്ഞ സദസ്സിൽ വിശ്വനർത്തകി ഡോ. പത്മ സുബ്രഹ്മണ്യം. ഗുരു വി. പി. ധനഞ്ജയൻ എന്നിവർ വേണുജിക്ക് ബ്രഹാദ്ധിശ്വര ക്ഷേത്രത്തിലെ ഗംഗൈ കോണ്ട ചോളപുരം മാതൃകയിൽ രൂപകൽപ്പന ചെയ്ത സരസ്വതി വിഗ്രഹം നൽകി ആദരിച്ചു.
വിശ്വപ്രസിദ്ധ നാടകമായ ശൂദ്രകൻ്റെ മൃച്ഛകടികം എന്ന പ്രാകരണം അരങ്ങേറുന്നതിലൂടെ കൂടിയാട്ടം ഭാരതീയ നാട്യ വേദിക്കു തന്നെ അത്യപൂർവമായ മാർഗ്ഗദർശനം നൽകിയിരിക്കുന്നുയെന്നു പത്മ സുബ്രഹ്മണ്യം അഭിപ്രായപെട്ടു.














