“ദൃശ്യ മോഹനം” : എം. മോഹൻ അനുസ്മരണം ജൂൺ 14നും 15നും ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : മലയാള സിനിമയ്ക്ക് പുതുഭാവുകത്വം നൽകിയ ഇരിങ്ങാലക്കുടയുടെ സ്വന്തം സംവിധായകൻ എം. മോഹൻ ഓർമ്മയായിട്ട് ഒരു വർഷം തികയുന്ന വേളയിൽ അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കുന്നതിനായി ജൂൺ 14, 15 തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ “ദൃശ്യമോഹനം” എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കും.

സമഗ്ര സംഭാവന പുരസ്കാര സമർപ്പണം, മോഹൻ സംവിധാനം ചെയ്ത സിനിമകളുടെ പ്രദർശനം, മോഹൻ സിനിമകളിലെ പാട്ടുകളെ കോർത്തിണക്കി കൊണ്ടുള്ള അനുപമ മോഹൻ്റെ നേതൃത്വത്തിലുള്ള നർത്തകികൾ പങ്കെടുക്കുന്ന നൃത്താവിഷ്കാരം, ഷോർട്ട് ഫിലിം മത്സരം, സംവിധായകൻ മോഹനോടൊപ്പം പ്രവർത്തിച്ച മലയാള സിനിമാ രംഗത്തെ പ്രമുഖരായ കലാകാരന്മാരുടെയും അദ്ദേഹത്തിൻ്റെ ആസ്വാദകരുടെയും അനുഭവം പങ്കു വെയ്ക്കൽ, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ദൃശ്യ മോഹനത്തിൽ അരങ്ങേറും.

പരിപാടിയുടെ നടത്തിപ്പിന് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു.

നിര്യാതനായി

ജോർജ്ജ്

ഇരിങ്ങാലക്കുട : നഗരസഭ പത്തൊമ്പതാം വാർഡ് തെക്കേ അങ്ങാടിയിൽ ആഴ്ചങ്ങാടൻ വീട്ടിൽ പരേതനായ ലോനപ്പൻ മകൻ ജോർജ്ജ് (65) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ജൂൺ 7) രാവിലെ 10.30ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സിനി

മകൾ : അൻസ

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി പി.ജെ. റൂബിക്ക് ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് വിജയൻ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു.

തുടർന്ന് അദ്ദേഹം റൂബിക്ക് ഉപഹാരം നൽകി.

സെക്രട്ടറി ഇൻ ചാർജ്ജ് കെ.ജി. ജിഷ, ഭരണസമിതി അംഗങ്ങളായ കെ.ജെ. അഗസ്റ്റിൻ, വി.പി. രാധാകൃഷ്ണൻ, സുനിത പരമേശ്വരൻ, വിവിധ ബ്രാഞ്ചിലെ മാനേജർമാരായ എം.ബി. നൈജിൽ, സുധ ജയൻ, സീമ ഭരതൻ, ജാക്‌ലിൻ ബാബു, രശ്മി സജൻ, സൗമ്യ രാജേഷ്, ശരത് രാജൻ, ജെയിൻ ജോർജ്ജ്, കെ.എസ്. അസറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം. ധർമ്മരാജൻ സ്വാഗതവും ഭരണസമിതി അംഗം എ. ഇന്ദിര നന്ദിയും പറഞ്ഞു.

ബാങ്കിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

സീഡ് ബോൾ നൽകി കൊണ്ടാണ് കുട്ടികൾ വിശിഷ്ടാതിഥികളെ സ്വീകരിച്ചത്.

മുൻ പി.ടി.എ. പ്രസിഡന്റും കൗൺസിലറുമായിരുന്ന പി.വി. ശിവകുമാർ നൃക്ഷത്തൈ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

“പ്ലാസ്റ്റിക് ഉപയോഗവും അതുമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങളും” എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികൾക്ക് സന്ദേശം നൽകി.

സ്കൂൾ ജൈവ വൈവിധ്യ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനറ്റ് പി.വി. ശിവകുമാറിന് നൽകി പ്രകാശനം ചെയ്തു.

തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനറ്റ്, സി. ആൽഫിൻ, റെനി ആന്റണി എന്നിവർ പ്രസംഗിച്ചു.

ലോക പരിസ്ഥിതി ദിനത്തിൽ വിയ്യൂർ ജയിലിൽ “ക്ഷിപ്രവനം 2.0″ക്ക് തുടക്കമായി

തൃശൂർ : ഹരിത കേരള മിഷൻ്റെയും ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജയിൽ വളപ്പിൽ
അതിവേഗം കായ്ഫലം തരുന്ന നൂറോളം ഫലവൃക്ഷ ചെടികൾ നട്ടു.

ജയിലിലെ ഡോഗ് സ്ക്വാഡിനോട് തൊട്ട് കാടുപിടിച്ചു കിടന്നിരുന്ന ഒരേക്കറോളം സ്ഥലം വൃത്തിയാക്കി ശാസ്ത്രീയമായ അകലം പാലിച്ചു കൊണ്ടാണ് തൈകൾ നട്ടത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില മുഖ്യാതിഥിയായി.

ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ദിദിക സ്വാഗതം പറഞ്ഞു.

പാലക്കാട് ജില്ലാ ജയിലിൽ 2020ൽ ആരംഭിച്ച ”ക്ഷിപ്രവനം 1.0”ൽ നിന്ന് കായ്ഫലം ലഭിച്ചു തുടങ്ങിയ കാര്യം സൂപ്രണ്ട് ഓർമ്മിപ്പിച്ചു.

“ഒരു മരം നടുമ്പോൾ ഒരു തണൽ നടുന്നു” എന്നത് ഒരു പടി കൂടി കടന്ന് കായ്ഫലവും വേഗത്തിൽ ലഭിക്കുന്നു എന്നതാണ് ക്ഷിപ്രവനം ലക്ഷ്യമിടുന്നത്.

ഭക്ഷണം തേടി കാടിറങ്ങുന്ന വന്യജീവികൾക്കു പുറമേ ഭാവിയിൽ തീറ്റ ലഭിക്കാതാവുമ്പോൾ പക്ഷികളും അക്രമകാരികളാകുന്നത് ഒഴിവാക്കാനും വിവിധ ഫലവൃക്ഷങ്ങളുള്ള തോട്ടങ്ങൾ ഉപകരിക്കും.

റംബൂട്ടാൻ, പുലോസൻ, അബിയു, ജബോട്ടിക, ലിച്ചി, റോളിന, സീതപ്പഴം, മാംഗോസ്റ്റീൻ, കിളി ഞാവൽ, മൂസമ്പി, ബെയർ ആപ്പിൾ, ചെറി, എഗ്ഗ് പ്ലാൻ്റ്, മൾബറി, ചൈനീസ് ഓറഞ്ച്, തായ്ലൻ്റ് പേര, സ്ട്രോബറി പേര
തുടങ്ങിയ ഫലവൃക്ഷ തൈകളാണ് ലയൺസ് ക്ലബ്ബ് വഴി ലഭ്യമായത്.

11 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം : പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും

ഇരിങ്ങാലക്കുട : 11 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.

2020 ഡിസംബർ മാസത്തിൽ ബന്ധു വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന അതിജീവിതയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ചെന്ന് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

കൊടകര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടിൽ ശിവൻ (54) എന്നയാളെയാണ് കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

കൊടകര പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന പി.പി. ഷാജൻ രജിസ്റ്റർ ചെയ്‌ത്‌ ആദ്യാന്വേഷണം നടത്തിയ കേസ്സിൽ സബ്ബ് ഇൻസ്പെക്‌ടറായിരുന്ന ജെ. ജയ്സൺ ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമപ്രകാരം 6 വർഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിന തടവിനും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 451 പ്രകാരം ഒരു വർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.

വിചാരണ മധ്യേ മറ്റൊരു പോക്സോ കേസ്സിൽ പ്രതിയാവുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്താണ് വിചാരണ പൂർത്തിയാക്കിയത്.

ശിക്ഷയിലുള്ള പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദേശം നൽകുവാനും ശിക്ഷാ ഉത്തരവിൽ വ്യവസ്ഥയുണ്ട്.

പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.

2016 നവംബർ 3ന് അതിജീവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.

വരന്തരപ്പിള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കൈതവളപ്പിൽ വീട്ടിൽ ശിവാനന്ദനെ(54)യാണ് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെയും 19 രേഖകളും 6 തൊണ്ടി വസ്‌തുക്കളും പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന എം.ഡി. അന്ന രജിസ്റ്റർ ചെയ്ത‌്‌ ആദ്യ അന്വേഷണം നടത്തിയ കേസ്സിൽ ഇൻസ്പെക്‌ടറായിരുന്ന എസ്.പി. സുധീരൻ ആണ്’ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമപ്രകാരം 10 വർഷത്തെ കഠിന തടവിനും 50000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു‌.

പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ട‌പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : മെട്രോ ഹോസ്പിറ്റലും ഫെഡറൽ ബാങ്കും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു.

ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ വൃക്ഷതൈ നട്ടു.

ഫെഡറൽ ബാങ്ക് മാനേജർ ജ്യൂഡി ജോണി, ഹോസ്പിറ്റൽ മാനേജർ മുരളീദത്തൻ, പ്രേമ അജിത്ത്, മേരിജോ എന്നിവർ സന്നിഹിതരായിരുന്നു.

ഗവ കെ കെ ടി എം കോളെജിൽ പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ.കെ കെ ടി എം കോളെജിലെ എൻഎസ്എസ് യൂണിറ്റ്, സയൻസ് ഫോറം, കെ കെ ടി എം അലുമ്നി അസോസിയേഷൻ യു എ ഇ ചാപ്റ്റർ, നേച്ചർ ക്ലബ്ബ്, ഐക്യു എസി, ഭൂമിത്ര സേന ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് കോളെജ് പ്രിൻസിപ്പാൾ പ്രൊഫ (ഡോ) ടി കെ ബിന്ദു ശർമ്മിള പരിപാടി ഉദ്ഘാടനം ചെയ്തു.

ഭൂമിത്രസേന കോർഡിനേറ്റർ ഡോ കെ. സി.സൗമ്യ സ്വാഗതം ആശംസിച്ചു.

കോളെജ് പ്രിൻസിപ്പാൾ പരിസ്ഥിതി ദിന സന്ദേശം നൽകി.

മൈക്രോ പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിൽ ഏല്പിക്കുന്ന ആഘാതത്തെക്കുറിച്ച് ബോട്ടണി വിഭാഗം അസി. പ്രൊഫ ആർ രാഗ പ്രഭാഷണം നടത്തി.

കെ കെ ടി എം അലുമ്നി അസോസിയേഷൻ യു എ ഇ ചാപ്റ്റർ നൽകിയ ഫലവൃക്ഷത്തെകൾ ക്യാമ്പസിൽ നട്ടു.

ഐക്യുഎസി കോർഡിനേറ്റർ ഡോ. ലൗലി ജോർജ്ജ്, ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ എൻ. പി ധന്യ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ കെ.എ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

കെ കെ ടി എം അലുമ്നി അസോസിയേഷൻ യുഎഇ ചാപ്റ്റർ ജനറൽ സെക്രട്ടറി നജീബ് ഹമീദ്, അഷ്റഫ് കൊടുങ്ങല്ലൂർ, പി.എസ് ബാബു, സുമതി അച്യുതൻ, ബാബു കൊമ്പിടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരിച്ചു. തുടർന്ന് വൃക്ഷത്തൈകൾ നട്ടു.

താൽക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സുവോളജിയിൽ എച്ച്.എസ്.എസ്.ടി. സീനിയർ അധ്യാപക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 9ന് തിങ്കളാഴ്ച രാവിലെ 11.30ന് അസ്സൽ രേഖകൾ സഹിതം സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9446023878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.