മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വം രംഗത്തിറങ്ങണം : എഐവൈഎഫ്

ഇരിങ്ങാലക്കുട : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നും ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും ആളൂർ മേഖല പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ പറഞ്ഞു.

ദിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിപിൻ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.ബി. ലത്തീഫ് , സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി.സി. അർജുനൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കർ, അസി: സെക്രട്ടറി പി.കെ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

പി.കെ. സനീഷ് സ്വാഗതവും അപർണ നന്ദിയും പറഞ്ഞു.

സെക്രട്ടറി ദിപിൻ പാപ്പച്ചൻ,
പ്രസിഡന്റ് പി.കെ. സനീഷ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

നിര്യാതനായി

സജീവൻ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ അരാകുളം വെസ്റ്റ് കുണ്ടൂർ വീട്ടിൽ സജീവൻ (63) നിര്യാതനായി.

സംസ്‌ക്കാരം നാളെ (മാർച്ച്‌ 11) രാവിലെ 9 മണിക്ക് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ബിന്ദു

മകൻ : ശരത്

മരുമകൾ : സേതുലക്ഷ്മി

നിര്യാതനായി

ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട : വാഴപ്പിള്ളി ഗോപുരത്തും വീട്ടിൽ വി.ജി.ഉണ്ണികൃഷ്ണൻ (83) നിര്യാതനായി.

സംസ്കാരം നാളെ(ഞായറാഴ്ച) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭൗതീക ശരീരം രാവിലെ 9 മണിക്ക് വസതിയിൽ നിന്നും എടുക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 10ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം മാർച്ച് 10 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

“ജീവിതമാണ് ലഹരി – ലഹരിയല്ല ജീവിതം” : 8ന് വിദ്യാർത്ഥി യുവജന മഹിളാ സംഗമം

ഇരിങ്ങാലക്കുട : വർത്തമാന കേരളം നേരിടുന്ന മഹാവിപത്തിനെതിരെ മാർച്ച് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപമുള്ള അയ്യൻകാളി സ്ക്വയറിൽ എ. ഐ. എസ്. എഫ് – എ. ഐ. വൈ. എഫ് – കേരള മഹിളാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജന മഹിളാ സംഗമം സംഘടിപ്പിക്കും.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ക്യാമ്പയിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു.

മഹിളാ സംഘം മണ്ഡലം
പ്രസിഡന്റ് സുമതി തിലകൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ്, മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ. സി. ബിജു, എ. ഐ. വൈ. എഫ് മണ്ഡലം സെക്രട്ടറി ടി. വി. വിബിൻ, എഐഡി ആർഎം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

യുവ നൃത്ത പ്രതിഭകൾ നടനകൈരളിയിൽ

ഇരിങ്ങാലക്കുട : ഒഡിസ്സി നൃത്തരംഗത്തെ യുവതാരവും പ്രസിദ്ധ നർത്തകി ബിജായിനി സത്‌പതിയുടെ ശിഷ്യയുമായ പ്രിഥി നായക് നടനകൈരളിയുടെ 122-ാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവരസോത്സവത്തിൽ മാർച്ച് 9-ന് വൈകുന്നേരം 6 മണിക്ക് അരങ്ങിലെത്തും.

കുച്ചിപ്പുടി നർത്തകി രഞ്ജിനി നായർ, ഭരതനാട്യം നർത്തകിമാരായ കൃഷ്ണ. പി. ഉണ്ണി, പ്രതിഭാ കിനി, സുജാത രാമനാഥൻ, വിനിതാ രാധാകൃഷ്ണൻ എന്നിവരും, പൂർവിപാലൻ, തെജോയ് ഭട്ടാരു, ശാലിനി രഘുനാഥൻ, കൃഷ് ജെയിൻ എന്നിവരും തങ്ങളുടെ അഭിനയ പ്രകടനങ്ങൾ അവതരിപ്പിക്കും.

ഗുരു വേണുജി നേതൃത്വം നൽകുന്ന നവരസ സാധന ശില്പശാലയിൽ പങ്കെടുക്കുവാനാണ് ഇവർ നടന കൈരളിയിൽ എത്തിച്ചേർന്നിട്ടുള്ളത്.

നിര്യാതയായി

ലളിത

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പൂവേലി ഗോവിന്ദൻ മാസ്റ്റർ ഭാര്യ ലളിത (85)നിര്യാതയായി.

കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ കുടുംബാംഗമാണ്.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

ഭർത്താവ് : പി. വി.ഗോവിന്ദന്‍ മാസ്റ്റര്‍ (മുന്‍ മാനേജർ, എച്ച് ഡി പി എസ്,എടതിരിഞ്ഞി, റിട്ട ഹെഡ് മാസ്റ്റർ, ടി ടി ഐ, പനങ്ങാട്)

മക്കള്‍ : പി. ജി.സജൻ (മുന്‍ പ്രധാനാധ്യാപകൻ, എച്ച് ഡി പി എസ്,എടതിരിഞ്ഞി), മായ, മഞ്ജു

മരുമക്കൾ : രാധിക സാജന്‍ (ഗവ. ഐടിഐ,ചാലക്കുടി), രഘു, ദേവന്‍

യുവതിയുടെ അസ്വഭാവിക മരണം : ഭർത്താവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴുവിലങ്ങിൽ ഭർത്താവിൻ്റെ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ചേനോത്തുപറമ്പിൽ വീട്ടിൽ പ്രശാന്തി(40)നെയാണ് മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ 34 വയസ്സുള്ള യുവതിയെ പ്രശാന്ത് വിവാഹം കഴിക്കുകയായിരുന്നു. പ്രശാന്തിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി തൂങ്ങി മരിച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

നാട്ടുകാരുടെ ശ്രമങ്ങൾ വിഫലമായി; ഉണ്ണികൃഷ്ണൻ യാത്രയായി

ഇരിങ്ങാലക്കുട : നാട്ടുകാരുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി കുഴിക്കാട്ടുശ്ശേരി മാട്ടപ്പറമ്പിൽ ചാത്തൻ മകൻ ഉണ്ണികൃഷ്ണൻ(60) യാത്രയായി.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ അണുബാധ മൂലം വലതുകാൽ മുട്ടിനുമുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഒരുമാസത്തിനുശേഷം തൊണ്ടയിൽ കാൻസർ ബാധയുമുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഗൾഫിൽ ജോലിക്കുപോയ മൂത്തമകൻ സർജിൽകൃഷ്ണ രണ്ട് മാസം തികയുംമുമ്പ് അവിടെവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ഉണ്ണികൃഷ്ണൻ്റെ രോഗബാധയെ തുടർന്ന് രോഗികളായ ഭാര്യയും ഇളയ മകനുമടങ്ങിയ കുടുംബത്തിന്റെ ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ് നാട്ടുകാർ സഹായനിധി രൂപീകരിച്ച് ധനസമാഹരണം നടത്തി ചികിത്സ നടത്തിയത്.

അടച്ചുറപ്പില്ലാത്ത കൊച്ചു വീട്ടിൽ നിന്നും വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. 6 മാസമായി കോട്ടയം, തൃശൂർ മെഡിക്കൽ കോളെജുകളിൽ ചികിത്സ നൽകിയിരുന്നു.

വത്സലയാണ് ഭാര്യ. മകൻ സിറിൽകൃഷ്ണ.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി പൊതുശ്മശാനത്തിൽ.

ഐ.എസ്.എസ്.എ.യുടെ എക്സിക്യൂട്ടിവ് ബോർഡിലെ ആദ്യ ഇന്ത്യൻ പ്രതിനിധി ഇരിങ്ങാലക്കുട സ്വദേശി അജയ് ജോസഫ്

ഇരിങ്ങാലക്കുട : ഇന്റർനാഷണൽ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷൻ്റെ (ഐ.എസ്.എസ്.എ.) ഇന്ത്യൻ പ്രതിനിധിയായി ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

1955ൽ രൂപീകൃതമായ ഐ.എസ്.എസ്.എ. ഇന്റർനാഷണൽ എക്സിക്യൂട്ടിവ് ബോർഡിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്.

ലോകത്തിലെ 90 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കമ്പനികൾക്ക് അംഗത്വമുള്ള അസോസിയേറ്റ്സ് അംഗങ്ങളുടെ പ്രതിനിധിയായാണ് അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ടെയ്നർ കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവയ്ക്ക് സ്പെയർ പാർട്ട്സുകളും, സർവീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത്.

മുംബൈയിൽ ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അജയ് ജോസഫ്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന ഷിപ്പുകൾക്ക് സർവ്വീസ് നൽകി കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനി.