മാനസ മോഹിനിയാട്ടം പുരസ്‌കാരം ലാസ്യമുദ്ര ഈ വര്‍ഷം കലാമണ്ഡലം പ്രഷീജ ഗോപിനാഥന്

ഇരിങ്ങാലക്കുട : മോഹിനിയാട്ടം നര്‍ത്തകി പദ്മശ്രീ കലാമണ്ഡലം സത്യഭാമയുടെ സ്മരണാര്‍ത്ഥം, ഷൊര്‍ണൂര്‍ മാനസ കള്‍ച്ചറല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാനസ മോഹിനിയാട്ടം പുരസ്‌കാരത്തിന് (ലാസ്യമുദ്ര) നര്‍ത്തകിയും നൃത്ത സംവിധായികയും അധ്യാപികയുമായ കലാമണ്ഡലം പ്രഷീജ ഗോപിനാഥിനെ തെരഞ്ഞെടുത്തു.

കലാമണ്ഡലം ശൈലിയെ പരിരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്.

കഴിഞ്ഞ വര്‍ഷം മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ഏര്‍പ്പെടുത്തിയ വി.എസ്. ശര്‍മ്മ എന്റോവ്മെന്റും പ്രഷീജയ്ക്ക് ലഭിച്ചിട്ടുണ്ട്.

പ്രഷീജ ഒരു ദശാബ്ദത്തിലേറെയായി ഇരിങ്ങാലക്കുടയില്‍ ശ്രീഭരതം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തകലാലയം നടത്തി വരുന്നുണ്ട്.

പ്രശസ്തിപത്രവും മൊമെന്റോയും 11,111 രൂപയും അടങ്ങുന്ന പുരസ്‌കാരം ഷൊര്‍ണൂരില്‍ നടക്കുന്ന മാനസ ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ അവസാന ദിവസമായ മെയ് 11ന് വി.കെ. ശ്രീകണ്ഠന്‍ എംപി സമ്മാനിക്കും.

സ്ക‌ിൽ ഡെവലപ്പ്‌മെൻ്റ് സെൻ്ററിൽ പ്രവേശനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്മെൻറ് സെൻ്ററിലെ ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്‌നിഷ്യൻ, ഇൻ്റീരിയർ ലാൻഡ് സ്കേപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.

പത്താം ക്ലാസ് വിജയിച്ച 15 മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോഴ്‌സുകൾ തികച്ചും സൗജന്യമാണ്.

ക്ലാസുകൾ ശനി, ഞായർ, മറ്റു പൊതു അവധി ദിവസങ്ങളിൽ. മറ്റു കോഴ്‌സുകൾ പഠിക്കുന്നവർക്കും ഈ കോഴ്‌സുകളിൽ ചേരാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ്‌ 15.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ (എസ് ഡി സി കോഡിനേറ്റർ) : 9633027148

ഗ്രാമിക ദേശക്കാഴ്ച : സാമൂഹ്യ വിമർശനങ്ങളുമായി വേനൽമഴ ക്യാമ്പിലെ കുട്ടികളുടെ നാടകം

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ആളൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവം രണ്ടാം ദിവസം
നാടകരാവിൽ വേനൽമഴ നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിച്ച ”സസ്യബുക്ക്” നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

യുദ്ധം, ഭരണകൂട ഭീകരത, പരിസ്ഥിതി ദുരന്തങ്ങൾ, വർഗീയത, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതായിരുന്നു നാടകം.

26ന് ആരംഭിച്ച് ഒരാഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുത്ത
നാൽപതോളം കുട്ടികളാണ് അര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ വേഷമിട്ടത്.

ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.

നാടകത്തിൻ്റെ അണിയറയിലും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്.

നാടകരാവിൽ, കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായ ബീന ആർ. ചന്ദ്രൻ അവതരിപ്പിച്ച ”ഒറ്റ ഞാവൽമരം” എന്ന ഏകപാത്ര നാടകവും ഈ വർഷം സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ 4 പുരസ്കാരങ്ങൾ നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്സിൻ്റെ ”പൊറാട്ട്” എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായി.

പുരസ്കാര ജേതാക്കളായ ബീന ചന്ദ്രൻ, രജിത സന്തോഷ്, നിഖിൽ ദാസ്, നിജിൽ ദാസ് എന്നിവരെ ചലച്ചിത്ര നടൻ സുനിൽ സുഖദ ആദരിച്ചു.

പുല്ലൂർ സജു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജു, പഞ്ചായത്തംഗങ്ങളായ ഷൈനി തിലകൻ, ഓമന ജോർജ്, സവിത ബിജു, ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ക്യാമ്പ് ലീഡർ ശ്രാവണി, തുമ്പൂർ ലോഹിതാക്ഷൻ, എൻ.പി. ഷിൻ്റോ, ജയൻ കാളത്ത് എന്നിവർ പ്രസംഗിച്ചു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിലെ എസ്.എൻ. നഗർ റോഡ് (20 ലക്ഷം), പായമ്മൽ റോഡ് (40 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

എടക്കുളം ഹെൽത്ത് വെൽനെസ്സ് സെൻ്ററിൽ നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതനായി

സുനിൽ

ഇരിങ്ങാലക്കുട : പടിയൂർ വാര്യം റോഡ് പരിസരം അടിപ്പറമ്പിൽ പരേതനായ പത്മനാഭൻ മകൻ സുനിൽ (49) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ജിഷ

മകൻ : ആദിത്യൻ.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് എൻ. എസ്. എസ്.

ഇരിങ്ങാലക്കുട : ലോകത്തെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ അനുശോചന യോഗം ചേർന്നു.

ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ശവസംസ്കാര ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ യൂണിയനെ പ്രതിനിധീകരിച്ച് നാളെ എറണാകുളം ഇടപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ കണ്ണൂർ, വിജയൻ ചിറ്റേത്ത്, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, പി.ആർ. അജിത്കുമാർ, ബിന്ദു ജി. മേനോൻ, എ.ജി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.

മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

ദീപം തെളിയിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ വിബിൻ വെള്ളയത്ത്, ജോമി ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്തംഗം നിത അർജുനൻ, മുരളി മഠത്തിൽ, സദാനന്ദൻ കൊളത്താപ്പിള്ളി, ജിന്റോ ഇല്ലിക്കൽ, പ്രേമൻ കൂട്ടാല, ഗോപിനാഥ് കളത്തിങ്കൽ, മുരളി തറയിൽ, ഫിജില്‍ ജോൺ, സി.എസ്. അജീഷ്, യമുന ഷിജു, അഞ്ജു സുധീർ, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

സിവിൽ സർവീസ് തിളക്കത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ പൂർവ്വ വിദ്യാർഥിനിഗംഗ ഗോപി

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786-ാം റാങ്ക് നേടി ഗംഗ ഗോപി വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിനും, അവിടത്തെ എൻ.സി.സി. യൂണിറ്റിനും ഇത് അഭിമാനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നിമിഷങ്ങൾ….

മൂത്രത്തിക്കര കോടിയത്ത് വീട്ടിൽ ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2017-19 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളെജിൽ പഠിച്ചിരുന്നത്.

പഠനകാലത്ത് എൻ.സി.സി. യൂണിറ്റിൽ സജീവ പ്രവർത്തനം കാഴ്ച്ച വെച്ച ഗംഗ പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ്.

ആദിവാസികളുടെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ – ഒരു പഠനം, കവളപ്പാറ ഉരുൾപൊട്ടൽ ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകൽ തുടങ്ങിയ മികവുറ്റ പ്രവർത്തനങ്ങൾ അക്കാലത്ത് എൻ.സി.സി. നടത്തിയത് ഗംഗയുടെയും മറ്റും നേതൃത്വത്തിലായിരുന്നു.

തൃശൂരിലെ സ്കൂൾ കലോത്സവ കാലത്തും, പരംവീർചക്ര ജേതാവ് ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് കലാലയത്തിലെത്തിയപ്പോൾ സംഘാടനത്തിൻ്റെ മുൻനിരയിലും ഉണ്ടായിരുന്ന ഗംഗയെ ക്യാപ്റ്റൻ ലിറ്റി ചാക്കോ ഓർമ്മിച്ചെടുക്കുന്നത് മികവുറ്റ സംഘാടകയായിട്ടാണ്.

ഒരു പാട് പേർക്ക് പ്രചോദനമാവുന്ന ഗംഗയുടെ ഈ നേട്ടത്തിൽ കോളേജിന് ഏറെ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസി പറഞ്ഞു.

എല്ലാറ്റിനും പുറമെ, ഗംഗ നല്ലൊരു എഴുത്തുകാരി കൂടിയാണ്. കോളെജിലെ മാഗസിൻ എഡിറ്ററുമായിരുന്നു.

ഗായത്രി ഗോപി സഹോദരിയാണ്.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പരേതനായ
രാമംകുളത്ത് വാസു ഭാര്യ ശാന്ത (69) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 23) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ : വത്സൻ രാമംകുളത്ത് (റവന്യൂ ഇൻഷർമേഷൻ ബ്യൂറോ – തിരുവനന്തപുരം), ശാലിനി

മരുമക്കൾ : ജലജ (റവന്യു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്), ഉണ്ണി