മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം ‘വിക്ടോറിയ’യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : നിരവധി പുരസ്കാരങ്ങൾ നേടിയ യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള ഈ വർഷത്തെ പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജി. ശിവരഞ്ജിനിക്ക് നൽകും.

സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ആശയം, പ്രമേയം, കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം മികവും വ്യക്തിത്വവും പുലർത്തുന്ന ഒന്നാണ് ശിവരഞ്ജിനിയുടെ ആദ്യചിത്രം കൂടിയായ വിക്ടോറിയ. തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു സംവിധായികയെ ഈ ചിത്രത്തിൽ തെളിഞ്ഞുകാണാം.

സിനിമയിലെ സാമ്പ്രദായികമായ സ്ത്രീ പ്രതിനിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കും ഭാവനകളിലേക്കും കാമനകളിലേക്കും സഞ്ചരിക്കുന്നു. ഗൗരവമുള്ള ഈ പ്രമേയത്തെ മുദ്രാവാക്യങ്ങളിലേക്ക് വഴുതാതെ, മാധ്യമപരമായ മികവോടെ, ഭാവതീവ്രത വെടിയാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്
ജൂറി വിലയിരുത്തി.

25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷിഖ് അബു, അൻവർ റഷീദ്, ലിജോ ജോസ്‌ പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്‌ പുത്രൻ, ദിലീഷ്‌ പോത്തൻ, അനിൽ രാധാകൃഷ്ണൻ, സനൽകുമാർ ശശിധരൻ, സക്കറിയ മുഹമ്മദ്, ജൂഡ് ആന്റണി, സുദേവൻ, താര രാമാനുജൻ, ഫാസിൽ റസാഖ് എന്നിവർ മുൻ വർഷങ്ങളിലെ മോഹൻ രാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

ഡിസംബർ മാസത്തിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

അതോടനുബന്ധിച്ച് സാഹിത്യകാരൻ പി.കെ. ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.

എൻ.എസ്.എസ്. നേതൃയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃക്കൂർ – കല്ലൂർ, ആമ്പല്ലൂർ, പുതുക്കാട്, മുരിയാട് സംയുക്ത മേഖലാ എൻ.എസ്.എസ്. നേതൃയോഗം ഡയറക്ടർ ബോർഡ് അംഗവും തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മുകുന്ദപുരം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

തൃക്കൂർ – കല്ലൂർ മേഖലാ പ്രതിനിധി നന്ദൻ പറമ്പത്ത്, വനിത യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, ജോയിൻ്റ് സെക്രട്ടറി ബിന്ദു ജി. മേനോൻ, വനിത യൂണിയൻ മേഖലാ പ്രതിനിധികളായ കെ. രാജലക്ഷ്മി (ആമ്പല്ലൂർ), തുഷാര (തൃക്കൂർ – കല്ലൂർ) എന്നിവർ ആശംസകൾ നേർന്നു.

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും ആമ്പല്ലൂർ കരയോഗം പ്രസിഡൻ്റ് സി. മുരളി നന്ദിയും പറഞ്ഞു.

കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അണിമംഗലത്ത് രാമൻ നമ്പൂതിരി അടിസ്ഥാനശില പാകി.

ശങ്കരമംഗലം ദേവസ്വം ഓഫീസർ പി.ആർ. ജിജു, ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് ബാബുരാജ് കുളക്കാട്ടിൽ, വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ, സെക്രട്ടറി എൻ. നാരായണൻകുട്ടി, ജോയിൻ്റ് സെക്രട്ടറി പുഷ്പവല്ലി മോഹനൻ, ക്ഷേത്രം ശില്പി പി.കെ. സജീവൻ, ക്ഷേത്ര ഉപദേശക സമിതി, പുനരുദ്ധാരണ സമിതി, മാതൃസമിതി പ്രവർത്തകർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

സ്പെയ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റ സദസ്സ്

ഇരിങ്ങാലക്കുട : സ്പെയ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സിൽ “നവോത്ഥാനത്തിൽ നിന്നും നവകേരളത്തിലേക്ക് ” എന്ന വിഷയത്തിൽ രാജൻ നെല്ലായി സംസാരിച്ചു.

മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അവിട്ടത്തൂരിലെ എഴുത്തുകാരികളായ ഡോ. ഗീത നമ്പൂതിരിപ്പാട്, വി.വി. ശ്രീല, ശ്രീജ വേണുഗോപാൽ എന്നിവരെയും ഫുട്ബോൾ, നീന്തൽ എന്നീ മേഖലകളിൽ പ്രതിഭകളായ കുട്ടികളെയും ആദരിച്ചു.

ലൈബ്രറി പ്രസിഡൻ്റ് രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, പി. സതീശൻ, ടി. രവീന്ദ്രൻ, ടി. ശിവൻ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ അംബിക ടീച്ചർക്ക് ആജീവനാന്ത അംഗത്വം നൽകിക്കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

ശ്രീജ വേണുഗോപാൽ വായനശാലയിലേക്ക് സംഭാവന നൽകിയ പുസ്തകങ്ങൾ രാഘവൻ മാസ്റ്റർ ഏറ്റുവാങ്ങി.

നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിപ്മറിന് സെൻ്റർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

1992ലെ പാര്‍ലമെന്റ് പാസാക്കിയ ആർ.സി.ഐ. ആക്റ്റ് പ്രകാരം നിലവില്‍ വന്ന സംവിധാനമാണ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

പുനരധിവാസ ചികിത്സാ മേഖലയിലെ കോഴ്സുകളുടെ സിലബസ്, കാലാവധി, അംഗീകാരം എന്നിവ നല്‍കുന്നതിനുള്ള അധികാരവും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പുനരധിവാസ ചികിത്സാ മേഖലയില്‍ മികവ് തെളിയിച്ച സ്വയംഭരണ സ്ഥാപനമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍.

ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024ലെ ഐക്യരാഷ്ട്ര സംഘടനയുടെ ടാസ്ക് ഫോഴ്സ് അവാര്‍ഡും നിപ്മറിന് ലഭിച്ചിരുന്നു.

കൂടാതെ 2021, 2022, 2023 വര്‍ഷങ്ങളില്‍ ഭിന്നശേഷി മേഖയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നിപ്മറിനെ തേടിയെത്തിയിരുന്നതായി മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ ആദ്യമായി പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോറ്റിക്സില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അഫിലിയേഷനോടെ ബിരുദ കോഴ്സ് ആരംഭിച്ച സ്ഥാപനമാണ്‌ നിപ്മർ. കൂടാതെ ആർ.സി.ഐ. അംഗീകാരത്തോടെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിംഗ്, കമ്മ്യൂണിറ്റി ബെയ്സ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകളും നിപ്മറിൽ നടത്തി വരുന്നുണ്ട്.

പുനരധിവാസ ചികിത്സാ മേഖലയിലെ മറ്റൊരു പ്രൊഫഷണല്‍ ബിരുദ കോഴ്സായ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി കേരളത്തില്‍ ആദ്യമായി ആരംഭിച്ച സ്ഥാപനവും നിപ്മറാണ്.

കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ അക്കാദമിക് കോഴ്സുകള്‍ക്ക് പുറമേ നൂതനമായ നിരവധി പദ്ധതികള്‍ നിപ്മർ നടപ്പിലാക്കിയിട്ടുണ്ട്. എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, ഫീഡിംഗ് ഡിസോര്‍ഡര്‍ ക്ലിനിക്ക്, സ്കൂള്‍ റെഡ്നസ് പ്രോഗ്രാം, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ്, സിമുലേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ദന്തപരിചരണ യൂണിറ്റ്, നേത്ര പരിചരണ യൂണിറ്റ്, അനിമല്‍ അസിസ്റ്റഡ് തെറാപ്പി, അഡാപ്റ്റീവ് ഫാഷന്‍ ഡിസൈനിംഗ്, ഇന്‍ക്ലൂസീവ് നൂണ്‍ മീല്‍ പ്രോഗ്രാം, സ്കേറ്റിംഗ് പരിശീലനം എന്നിവ നിപ്മറിൽ ആരംഭിച്ചിട്ടുണ്ട്.

അക്കാദമിക്ക് പ്രോഗ്രാമിലെ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 3.6 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 8 കോടി രൂപയും, 2022-23 സാമ്പത്തിക വര്‍ഷം 10 കോടി രൂപയും, 2023-24 സാമ്പത്തിക വര്‍ഷം 12 കോടി രൂപയും, 2024-25 സാമ്പത്തിക വര്‍ഷം 12.5 കോടി രൂപയും, 2025-26 സാമ്പത്തിക വര്‍ഷം 18 കോടി രൂപയും, സംസ്ഥാന ബജറ്റില്‍ നിപ്മറിന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിപ്മറില്‍ 250 കിടക്കകളോടു കൂടിയ റീഹാബ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള നിർദ്ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

പ്രമേഹ നിർണ്ണയ – നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ്ബ് ഇൻ്റർനാഷ്‌ണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി എൻ തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ പ്രമേഹ നിർണ്ണയ – നേത്ര പരിശോധന – തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്‌റ്റ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലംങ്കണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അഡ്വ. എം.എസ് രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം സി പ്രദീപ്, ട്രഷറർ ജെയ്‌സൺ മൂഞ്ഞേലി, ശിവൻ നെന്മാറ എന്നിവർ പങ്കെടുത്തു.

പിടികിട്ടാപ്പുള്ളിയെ ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന് ഒളിവിലായിരുന്ന പ്രതിയെ ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

കരുവന്നൂർ മൂർക്കനാട് സ്വദേശി വല്ലത്ത് വീട്ടിൽ വിശ്വാസ് (27) എന്നയാളെയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം അറസ്റ്റ് ചെയ്തത്.

2020 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യുവാവിനെ വിട്ടയക്കാൻ പണം ആവശ്യപ്പെടുകയുമായിരുന്നു.

പ്രതിയെ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐ-മാരായ ബാബു ജോർജ്ജ്, സബീഷ്, എഎസ്ഐ അസീസ്, ജിഎസ്‌സിപിഒ-മാരായ ജി.എസ്. രഞ്ജിത്ത്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആധാർ സേവനം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ എല്ലാ ചൊവ്വയും വ്യാഴവും ആധാർ സേവനം ലഭ്യമാണ്.

പുതിയ ആധാർ എൻറോൾമെന്റ്, നിർബന്ധിത അപ്‌ഡേഷൻ (പ്രായം 5-7 വർഷം, 15-17 വർഷം) എന്നീ സേവനങ്ങൾ സൗജന്യമായി ലഭിക്കും.

ജനന വിവരങ്ങൾ/വിലാസം തുടങ്ങിയവയുടെ തിരുത്തലിന് 75 രൂപയും ബയോമെട്രിക് അപ്‌ഡേഷന് 125 രൂപയുമാണ് ചാർജ്ജ്.

എല്ലാ ആധാർ സംബന്ധമായ സേവനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

നാടിൻ്റെ വികസനത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടോ? സംസ്കാരസാഹിതിയുടെ ബോക്സിൽ എഴുതിയിടാം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരവികസനവുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംസ്കാരസാഹിതിയുടെ ബോക്സുകളിലോ ഗൂഗിൾ ഫോം വഴിയോ അറിയിക്കാമെന്ന് സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നഗരസഭയിലെ 10 ഇടങ്ങളിലായി സംസ്കാരസാഹിതിയുടെ ബോക്സുകൾ സ്ഥാപിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം വഴിയും അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

മികച്ച 10 നിർദ്ദേശങ്ങൾക്ക് നവംബർ 16ന് നടത്തുന്ന സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകും. എല്ലാ വിഷയങ്ങളെയും സമഗ്രമായി പ്രതിപാദിച്ചയാൾക്കും ഏറ്റവും മികച്ച അഭിപ്രായത്തിനുള്ള പുരസ്കാരം നൽകും.

വേദിയിൽ വച്ചുതന്നെ മികച്ച നിർദ്ദേശങ്ങൾ ജനപ്രതിനിധികൾക്ക് കൈമാറും.

സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം, രക്ഷാധികാരി പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ട്രഷറർ എ.സി. സുരേഷ്, സെക്രട്ടറിമാരായ ടി.ജി. പ്രസന്നൻ, ഫ്രാൻസിസ് പുല്ലോക്കാരൻ, മണ്ഡലം ഭാരവാഹി ജോസഫ് പള്ളിപ്പാട്ട്, ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ ജോൺ നിധിൻ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിര്യാതനായി

സെബാസ്റ്റ്യൻ

ഇരിങ്ങാലക്കുട : ജ്യോതി നഗർ കൊടിയിൽ പേങ്ങിപറമ്പിൽ ലോനപ്പൻ മകൻ സെബാസ്റ്റ്യൻ (82) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 28) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ബേബി സെബാസ്റ്റ്യൻ

മക്കൾ : സിബക്സ്, സ്വീറ്റി,
സിബിൻ

മരുമക്കൾ : ജിൽമി, ഷോണി, റൂബി