ആനന്ദപുരം ശ്രീകൃഷ്ണയിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” സെമിനാർ നടത്തി

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” എന്ന വിഷയത്തിൽ ശാസ്ത്ര സെമിനാർ നടത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെ നടത്തിയ സെമിനാറിൽ മധു വെള്ളാനി ക്ലാസ് നയിച്ചു.

ഫുട്ബോൾ മത്സരത്തിൽ ഭൗതികശാസ്ത്രം രസതന്ത്രം, ജീവശാസ്ത്രം എന്നിവ എങ്ങനെ സമന്വയിക്കുന്നു എന്ന് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.

ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പ്രിയൻ ആലത്ത്, എ.ടി. നിരൂപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ജീപ്പിടിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ പട്ടേപ്പാടം ബ്രാഞ്ച് മതിൽ തകർന്നു

ഇരിങ്ങാലക്കുട : താർ ജീപ്പിടിച്ച് തുമ്പൂർ സർവീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ മതിലിന്റെ തൂണ് തകർന്നു.

ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്.

ഒരു കോൽ അധികം കനം വരുന്ന കോൺക്രീറ്റ് തൂണാണ് ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണത്.

കൊമ്പൊടിഞ്ഞാമാക്കലിന് സമീപം കാരൂർ ഉള്ള വ്യാപാരിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ വാഹനം തകർന്നെങ്കിലും വാഹനം ഓടിച്ചയാൾക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള : സംഘാടക സമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ആത്മ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേളയുടെ സംഘാടക സമിതി യോഗം ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, കൃഷി ഓഫീസർമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

പ്രസ്തുത പ്രദർശനമേളയിൽ സെമിനാറുകൾ, കാർഷിക ഉത്പന്ന പ്രദർശന ശാലകൾ, കൂൺ ഭക്ഷ്യമേള എന്നിവ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.

ഭാരതീയ വിദ്യാഭവനിൽ ഇന്നൊവേഷൻ ലബോറട്ടറി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കുട്ടികളുടെ ശാസ്ത്ര സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും നൂതനാശയങ്ങളുടെ പുതുലോകങ്ങളിലേക്ക് ക്രിയാത്മകമായി സഞ്ചരിക്കാൻ പ്രാപ്തരാക്കുന്നതിനും ഉതകുന്ന ‘ഇന്നൊവേഷൻ ക്രീയേറ്റീവ് & ടെക്നിക്കൽ ലാബ്’ തുറന്നു.

ക്രൈസ്റ്റ് കോളെജ് രസതന്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. ആർ. ജയറാം ഉദ്ഘാടനം നിർവഹിച്ചു.

ചെയർമാൻ ടി.എ. നായർ അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, സെക്രട്ടറി വി. രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.കെ. ഉണ്ണികൃഷ്ണൻ, പ്രൊഫ. നാരായണൻകുട്ടി, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, രസതന്ത്ര വിഭാഗം മേധാവിയും സ്കൂൾ ഇന്നൊവേഷൻ സെൽ കോർഡിനേറ്ററുമായ സവിത മേനോൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ നവീൻ, പി.ടി.എ. അംഗം രാമനാഥൻ എന്നിവർ പങ്കെടുത്തു.

വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ഒരുക്കിയ ശാസ്ത്ര സാങ്കേതിക പ്രദർശനവും നടന്നു.

ലാബിന്റെ സജ്ജീകരണത്തിനും സാങ്കേതിക പ്രദർശനത്തിനും നൂതനാശയങ്ങൾ നൽകിയ പൂർവ്വ വിദ്യാർഥികളായ പ്രണവ് ബി. മേനോനെയും അഭിനവിനെയും ചടങ്ങിൽ സമ്മാനം നൽകി അഭിനന്ദിച്ചു.

ശാസ്ത്ര വിഭാഗം അധ്യാപകർ പരിപാടികൾ ഏകോപിപ്പിച്ചു.

ഡോ. കെ.ജെ. വർഗ്ഗീസിന് ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം

ഇരിങ്ങാലക്കുട : ഇന്തൊനേഷ്യയിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഇൻ്റർനാഷണൽ ഡീനും ബിരുദാനന്തര ബിരുദ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ തലവനുമായ ഡോ. കെ.ജെ. വർഗ്ഗീസിന് ക്ഷണം ലഭിച്ചു.

ജുലൈ 10 മുതൽ 27 വരെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മക്കാസർ, യൂണിവിസ്റ്റാസ് മുഹമ്മദീയ പാലു, മെഡാൻ മുഹമ്മദീയ യൂണിവേഴ്സിറ്റി സുമാത്ര എന്നീ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന അന്തർദേശീയ ഇംഗ്ലീഷ് ഭാഷാ കോൺഫറൻസുകളിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുക, ബൊസോവ യൂണിവേഴ്സിറ്റി സുലവേസിയിലും ഇസ്ലാമിക യൂണിവേഴ്സിറ്റി സൗത്ത് സുലവേസിയിലും ഇംഗ്ലീഷ് ഭാഷ ശില്പശാലകൾ നയിക്കുക, യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷണ വിദ്യാർഥികളുമായി പുതിയ അധ്യാപന പഠന ഗവേഷണ രീതികളെപ്പറ്റി സംവദിക്കുക എന്നിവയാണ് മുഖ്യ പരിപാടികൾ.

സന്ദർശനവേളയിൽ ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളെജുമായി അന്താരാഷ്ട്ര സഹകരണത്തിനായുളള ധാരാണാപത്രങ്ങളിൽ ഡോ. വർഗ്ഗീസ് ഒപ്പുവയ്ക്കും.

സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാർഥി വിനിമയം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫർ എന്നീ മേഖലകളിലായിരിക്കും സഹകരണം.

ക്രൈസ്റ്റ് കോളെജിന് അമ്പതിലധികം വിദേശ സർവകലാശാലകളുമായി ഈ മേഖലകളിൽ സഹകരണമുണ്ട്.

വായനപക്ഷാചരണം : അവിട്ടത്തൂർ സ്കൂളിൽ സംവാദം നടത്തി

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിൻ്റെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യകാരൻ
രാജൻ നെല്ലായി കുട്ടികളുമായി സംവദിച്ചു.

വായന ഏതെങ്കിലും ഒരാഴ്ചയിൽ ഒതുങ്ങുന്നതല്ല ജീവിതകാലം മുഴുവൻ കൂടെ നിർത്തേങ്ങ ഒന്നാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.

സൗഹൃദ പവർബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ
മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ,
കരിയർ ഗൈഡ് കോർഡിനേറ്റർ ഡി. ഹസിത, സൗഹൃദ ക്ലബ് കോർഡിനേറ്റർ വി.വി. ശ്രീല എന്നിവർ പ്രസംഗിച്ചു.

വായനക്കുറിപ്പ് മത്സരം, പോസ്റ്റർ മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വിദ്യാർഥികളായ
ആദിലക്ഷ്മി, ശ്രുതിലക്ഷ്മി എന്നിവർ
വായനവാര പരിപാടികൾ
വിശദീകരിച്ചു.

നടവരമ്പ് സ്കൂളിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി.

നടവരമ്പ് ജനകീയ വായനശാലയും വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പി. ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

‘അമ്മ വായന’ പരിപാടിയിൽ മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ അമ്മമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വി.എച്ച്.എസ്.ഇ. വിഭാഗം കുട്ടികൾ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു.

ഹെഡ്മിസ്ട്രസ്സ് ഉഷ, വയനശാല ഭാരവാഹികളായ ഡേവിസ്, ലിയോൺ, സതീഷ്, ശ്യാമള, അധ്യാപിക ഷീബ എന്നിവർ പ്രസംഗിച്ചു.

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ നീത ഫ്രാൻ‌സിസ്

ഇരിങ്ങാലക്കുട : കണ്ണൂർ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി നീത ഫ്രാൻ‌സിസ്.

വയനാട് പുൽപള്ളി പഴശ്ശിരാജ കോളെജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയായ ഡോ. നീത ഇരിങ്ങാലക്കുട ചക്കച്ചാംപറമ്പിൽ പ്രൊഫ. സി.വി. ഫ്രാൻസിസിന്റെയും (ക്രൈസ്റ്റ് കോളെജ്) മോളിയുടെയും (റിട്ട. അധ്യാപിക, നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ) മകളും, പനമരം കൂളിവയൽ കുഴിമുള്ളിൽ ഡോ. പ്രദീപിന്റെ (ആറാട്ടുതറ ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) ഭാര്യയുമാണ്.

ആകാശ് മാത്യു, ഇഷ മാത്യു എന്നിവർ മക്കളാണ്.

പ്രവേശനോത്സവം ‘വോയേജ്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വി.എച്ച്‌.എസ്.ഇ. വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം ‘വോയേജ്’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഭക്തവത്സലൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. മുരളി, ഹെഡ്‌മിസ്ട്രസ് വി.വി. വിജി, എൻ.വി.ടി. കെമിസ്ട്രി അധ്യാപിക സനൂജ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് വിദ്യാർഥികൾക്ക് സ്‌കൂളിലെ വിവിധ വി.എച്ച്.എസ്.ഇ. കോഴ്സുകളെയും ക്ലബുകളെയും പരിചയപ്പെടുത്തി.

അധ്യാപകരായ കെ.എസ്. നിസ, ഡോ. അനീർ ഹുസൈൻ എന്നിവർ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു.

കരിയർ മാസ്റ്റർ എം.വി. സുരേഖ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ ശ്രീനന്ദ കെ. രാജു എൻ.എസ്.എസ്. പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

പ്രിൻസിപ്പൽ എൻ.ആർ. സൂരജ് ശങ്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി. ബിന്ദു നന്ദിയും പറഞ്ഞു.

പുതുസ്വപ്നങ്ങളുടെ ചിറകേറി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : പുതുസ്വപ്നങ്ങൾ നെയ്തുകൊണ്ട് എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ സുരഭി വിനോദ് ഉദ്ഘാടനം ചെയ്തു.

എസ്.എൻ. സ്‌കൂൾ കറസ്പോണ്ടൻ്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന യുവജനോത്സവ പ്രതിഭയും പൂർവ്വ വിദ്യാർഥിയുമായ കെ. അനിരുദ്ധ് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.

പി.ടി.എ. പ്രസിഡൻ്റ് എ.സി. കുമാരൻ, എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ബി. ഗോൾഡ എന്നിവർ ആശംസകൾ അർപ്പിച്ചു.

“മക്കളെ അറിയാൻ” എന്ന വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ പി. നീലിന, രാഖി രാമചന്ദ്രൻ എന്നീ അധ്യാപകരും “വിദ്യാർഥികളുടെ കരിയർ തെരഞ്ഞെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക്” എന്ന വിഷയത്തിൽ അധ്യാപിക സുജയയും ക്ലാസ് നയിച്ചു.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്റ്റാഫ് സെക്രട്ടറി സിന്ധു എം. ചന്ദ്രൻ നന്ദി പറഞ്ഞു.