ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കണം : എൽഡിഎഫ് കാട്ടൂർ മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയ്ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും നടത്തുന്ന തെറ്റായ നീക്കങ്ങൾക്കെതിരെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് കാട്ടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പൊതുയോഗം കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ താമസക്കാരായ സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുന്നതിന് പൗരത്വ രേഖകൾ ഹാജരാക്കണം തുടങ്ങിയ കഠിന നിയന്ത്രണങ്ങൾ ജനാധിപത്യത്തിന്റെ ആത്യന്തികമായ അട്ടിമറിയിലേക്ക് നയിക്കുമെന്ന് ടി.കെ. വർഗ്ഗീസ് പറഞ്ഞു.

യോഗത്തിൽ എം.ജെ. ബേബി അധ്യക്ഷത വഹിച്ചു.

എൻ.ബി. പവിത്രൻ, മിഥുൻ പോട്ടക്കാരൻ, വിജീഷ്, ജൂലിയസ് ആൻ്റണി, റഷീദ് കാട്ടൂർ, ടി.വി. ലത, ബെന്നി പൊയ്യാറ എന്നിവർ പ്രസംഗിച്ചു.

അഖില കേരള കോളെജ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ സ്റ്റാഫ് ക്ലബ്ബിൻ്റെയും ബി.പി.ഇ. വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ അഖില കേരള കോളെജ് സ്റ്റാഫിനുവേണ്ടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിലായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ നടക്കും.

ടൂർണമെൻ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുക്കും.

ടൂർണമെൻ്റിൻ്റെ പോസ്റ്റർ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പുറത്തിറക്കി.

കിഴുത്താണി പർളം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം : പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി ബിജെപി

ഇരിങ്ങാലക്കുട : കിഴുത്താണി പർളം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, കാന നിർമ്മാണം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി 6-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പർളം സെൻ്ററിൽ നിന്നും പ്രതിഷേധ മാർച്ചും കിഴുത്താണി സെൻ്ററിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

വാർഡ് കൺവീനർ സുബീഷ് അധ്യക്ഷത വഹിച്ചു.

ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ധർണ്ണ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ രാമചന്ദ്രൻ കോവിൽപറമ്പിൽ, അജയൻ തറയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, ജില്ലാ കമ്മിറ്റി അഗങ്ങളായ സോമൻ പുളിയത്തു പറമ്പിൽ, ഇ.കെ. അമരദാസ്, വാർഡ് ഇൻ ചാർജ്ജ് സോമൻ, വാസു കിഴുത്താണി, സജീവൻ എന്നിവർ പ്രസംഗിച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്കായി ”നമുക്ക് പറയാം” ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ ”നമുക്ക് പറയാം” ശിൽപ്പശാല സംഘടിപ്പിച്ചു.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

കെ.പി.ഒ.എ. റൂറൽ ജില്ലാ പ്രസിഡൻ്റ് കെ.പി. രാജു അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ എം.സി. ബിജു സ്വാഗതം പറഞ്ഞു.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു സംസ്ഥാന കമ്മിറ്റിയുടെ കാഴ്ചപ്പാടും, ജില്ലാ സെക്രട്ടറി വി.യു. സിൽജോ ജില്ലാ കമ്മിറ്റിയുടെ കാഴ്ചപ്പാടും അവതരിപ്പിച്ചു.

കെ.പി.ഒ.എ. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.ഐ. മാർട്ടിൻ (തൃശൂർ റൂറൽ), ബിനു ഡേവിസ് (തൃശൂർ സിറ്റി), കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി എം.എൽ. വിജോഷ്, പ്രസിഡന്റ് സി.കെ. പ്രതീഷ് എന്നിവർ ആശംസകൾ നേർന്നു.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും എത്തിയ അറുപതോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാരമാർഗ്ഗങ്ങൾ, പൊലീസ് സേനയെ ജനസ്വീകാര്യമാക്കാനുള്ള മാറ്റങ്ങൾ, ക്രമസമാധാന കുറ്റാന്വേഷണ ട്രാഫിക് എൻഫോഴ്സ്മെന്റ് രംഗങ്ങളിലെ വെല്ലുവിളികൾ, സോഷ്യൽ പൊലീസിംഗ് മികവിലേക്ക് ഉയർത്താനുള്ള നിർദ്ദേശങ്ങൾ, ഭൗതിക സാഹചര്യങ്ങൾ, തൊഴിൽ മാനസിക സമ്മർദ്ദങ്ങൾക്കുള്ള പരിഹാരങ്ങൾ, സേനയിൽ വരേണ്ട പരിഷ്കരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകൾ സംഘടിപ്പിച്ചു.

ഗ്രൂപ്പ് ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കൂടൽമാണിക്യം ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവിന് വിശ്വനാഥപുരം ക്ഷേത്രത്തിൽ സ്വീകരണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവിന് വിശ്വനാഥപുരം ക്ഷേത്ര കവാടത്തിൽ സ്വീകരണം നൽകി.

സമാജം പ്രസിഡൻ്റ് കിഷോർ കുമാർ, മണി ശാന്തി, മാതൃസംഘത്തിലെ ഷൈജ രാഘവൻ എന്നിവർ നേതൃത്വം നൽകി.

മാമ്പുഴ കുമാരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : നിരൂപകനും പ്രഭാഷകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട ശക്തി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി.

പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, വേണു ജി. വാര്യർ, കാറളം രാമചന്ദ്രൻ നമ്പ്യാർ, കെ. ഹരി എന്നിവർ പ്രസംഗിച്ചു.

ഓൺലൈനിൽ പാർട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്യിപ്പിച്ച് അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ സി. വിനീഷ് (39) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും 2024 ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് വിനീഷ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാരന് നഷ്ട്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000 രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എടുത്ത പുതിയ സിം കാർഡ്, അക്കൗണ്ടിന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി മറ്റൊരാൾക്ക് കൈമാറിയതായും ആയതിന് 10000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

വിനീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29,20,000 രൂപ നിയമവിരുദ്ധമായി വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതലായി അന്വേഷിച്ചതിൽ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ഐ കെ.വി. ജെസ്റ്റിൻ, സിപിഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

അനുസ്മരണയോഗം നടത്തി

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ദുർഗ്ഗാ ഭഗവതി ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പാചക വിദഗ്ധൻ ഉണ്ണി സ്വാമിയുടെ അനുസ്മരണ യോഗം നടത്തി.

പ്രസിഡന്റ്‌ എ.ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻ ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, പത്മനാഭ ശർമ്മ, സുജിത്, ഡോ. ടി. ശിവകുമാർ, ഡോ. രഞ്ജിത്ത്, രാമൻ മാസ്റ്റർ, അഡ്വ. ഇ. ശശികുമാർ, ധീരജ്, ഡോ. ഷാജു പൊറ്റക്കൽ, സുരേഷ് മണമാടത്തിൽ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധിയാളുകളും ക്ഷേത്രം ഭാരവാഹികളും അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഗിരീഷ് നന്ദി പറഞ്ഞു.

വിജയകുമാർ മേനോൻ പുരസ്കാരം രേണു രാമനാഥിന്

ഇരിങ്ങാലക്കുട : പ്രശസ്ത കലാചരിത്രാധ്യാപകനും നിരൂപകനമായിരുന്ന വിജയകുമാർ മേനോന്റെ സ്മരണ നിലനിർത്തുന്നതിനായി നൽകുന്ന ഈ വർഷത്തെ വിജയകുമാർ മേനോൻ പുരസ്കാരം ഇരിങ്ങാലക്കുട സ്വദേശിനി രേണു രാമനാഥിന്.

കലയെഴുത്തിലെ സംഭാവനകൾ മാനിച്ചാണ് രേണു രാമനാഥിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ശില്പകലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വത്സൻ കൂർമ്മ കൊല്ലേരിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എൻ.ബി. ലതാദേവി, ലക്ഷ്മി മേനോൻ, സി.ജെ. നിർമ്മൽ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

25000 രൂപയും ശില്പി സുഭാഷ് വിശ്വനാഥൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

സമകാലീന ഇന്ത്യൻ കലാരംഗത്തെ, പ്രത്യേകിച്ച് ദൃശ്യകലകളെകുറിച്ച് നിരൂപണബുദ്ധിയോടെ എഴുതുന്ന പ്രശസ്‌ത എഴുത്തുകാരിയാണ് രേണു രാമനാഥ്. ഇരിങ്ങാലക്കുടയിൽ ജനിച്ച രേണു രാമനാഥ് മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് കലയിലേക്കും നാടകത്തിലേക്കും എത്തുന്നത്. അന്ന് മുതൽ കലാസാംസ്ക‌ാരിക വാർത്തകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാടകരംഗത്ത് സജീവമായിരുന്നു.

1998ൽ നടന്ന ദേശീയ വനിത നാടകോത്സവത്തിലൂടെ നാടകത്തെ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചിത്രകാരനായ ഭർത്താവ് രാജൻ കൃഷ്‌ണനോടൊപ്പം അനവധി വേദികൾ ഒരുക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു.

നവംബർ 1ന് വൈകീട്ട് 5 മണിക്ക് അക്കാദമി ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാര സമർപ്പണം നടത്തും.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം : പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിൽ 52 കാരനായ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു.

2017 ഡിസംബർ മാസം 16നാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത്.

സുഹൃത്തിൻ്റെ വിവാഹത്തലേന്ന് വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ കൊണ്ടുപോയ ആൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പൊലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ എടത്തിരുത്തി സ്വദേശി കുട്ടമോൻ (52) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെയും 28 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

പോക്സോ നിയമപ്രകാരം 5 വർഷം കഠിനതടവിനും 50000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പിഴസംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്‌ടപരിഹാരമായി നൽകുവാനും കൂടാതെ മതിയായ നഷ്‌ടപരിഹാരം നൽകുവാനും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

സബ്ബ് ഇൻസ്പെക്‌ടർ പി.കെ. മോഹിത് രജിസ്റ്റർ ചെയ്‌ത കേസ്സിൽ അന്നത്തെ ഇൻപെക്‌ടറായിരുന്ന പി.സി. ബിജുകുമാർ അന്വേഷണം നടത്തി സബ്ബ് ഇൻസ്പെക്‌ടർ കെ.പി. മിഥുൻ ആണ് കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.